ചോദ്യങ്ങളായിരം ചോദിച്ചിടാം.. ധീരമാ,യുത്തരം കിട്ടും വരെ


മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കഴിവുകളില്‍ ഒന്നാണല്ലോ ചോദ്യം ചോദിക്കാനുള്ള കഴിവ്. ചുറ്റുപാടുകളെ ജിജ്ഞാസാപൂര്‍വം നോക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്ക് ഉത്തരം കണ്ടെത്താനും ഉള്ള കഴിവ്  ഉറുമ്പിനും പൂച്ചക്കും പുലിക്കും ആനക്കും ഒന്നും ഉള്ളതായി അറിവില്ല.  അവരൊക്കെ സ്വന്തം കാര്യം നോക്കി കഴിയുമ്പോ നമ്മള്‍ മനുഷ്യര്‍  ചെറു പ്രായം മുതല്‍  തന്നെ ഈ പ്രപഞ്ചത്തിലെ സകലമാന കാര്യങ്ങളെക്കുറിച്ചും ചോദിച്ചു കൊണ്ടേയിരിക്കുന്നു. ആകാശത്ത് എത്ര നക്ഷത്രമുണ്ട്? കടലില്‍ തിര എന്തുകൊണ്ടാ? ഭൂമിയുടെ ഉള്ളിന്റെ ഉള്ളിലെന്താ? നമ്മടെ തലച്ചോറ് എങ്ങന്യാ കണക്കു ചെയ്യുന്നത്? പഞ്ചാരക്കെന്താ മധുരം?.. 

അങ്ങനെ എന്ത് കണ്ടാലും ചോദ്യം ചോദിക്കുന്ന ഈ കഴിവ് തന്നെയാണ് മനുഷ്യനെ മനുഷ്യനാക്കിയത്. ഈ ചോദ്യങ്ങള്‍ ചോദിച്ചും അവക്കുള്ള ഉത്തരം കണ്ടെത്തിയുമാണ് നാം ശാസ്ത്രവും  സംസ്കാരവും ചരിത്രവും സൃഷ്ടിച്ചത്. മനുഷ്യ രാശിയുടെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായ ശാസ്ത്രത്തിന്റെ അടിത്തറ തന്നെ ഈ ചോദ്യം ചോദിക്കാനുള്ള കഴിവാണ്. പണ്ട് നമുക്ക് അറിയാതിരുന്ന എത്ര എത്ര കാര്യങ്ങളാണ്‌ ഈ ചോദ്യങ്ങളിലൂടെയും അവയെ പിന്‍ തുടര്‍ന്നുള്ള അന്വേഷണ, ഗവേഷണങ്ങളിലൂടെയും മനുഷ്യന്‍ കണ്ടെത്തിയത് എന്ന് ആലോചിച്ചു നോക്കിയാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും..

ഈ ചോദ്യം ചെയ്യല്‍ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരിക്കണം. ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ ഉത്തരം കിട്ടിയെന്നു വരില്ല . കൂടുതല്‍ അന്വേഷണങ്ങളും നിരീക്ഷണങ്ങളും പരീക്ഷണങ്ങളും  വേണ്ടി വരും.  കൃത്യമായി ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ള നിരവധി ചോദ്യങ്ങളുണ്ട്. അവക്ക് നേരെ കണ്ണടച്ച്  അന്ധവിശ്വാസങ്ങള്‍ നില നിര്‍ത്താന്‍ ശ്രമിക്കുന്ന പ്രവണതകളും തെറ്റായ ഉത്തരങ്ങള്‍ പ്രചരിപ്പിക്കുന്ന രീതിയും ശാസ്ത്രവിരുദ്ധമാണ്, എതിര്‍ക്കപ്പെടേണ്ടതാണ്.

 

ചോദ്യങ്ങള്‍ യാഥാര്‍ത്ഥ്യത്തിലൂന്നിയതും യുക്തിപരവുമാവണം. അവയില്‍  ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ ഉണ്ട് എന്ന് ശാസ്ത്രം വിശ്വസിക്കുന്നില്ല. ഇന്നലെ നമുക്ക് ഉത്തരം കിട്ടാതിരുന്ന നൂറു നൂറു ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത് പോലെ ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ആയിരക്കണക്കിന് ചോദ്യങ്ങള്‍ക്ക് നാളെ ഉത്തരം ലഭിക്കും എന്ന ഉറച്ച വിശ്വാസം ശാസ്ത്രം നമുക്ക് നല്‍കുന്നു.  കൂടുതല്‍ ശരിയായ തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാനും കൂടുതല്‍ ശരിയായ ഉത്തരങ്ങളിലേക്ക് എത്തിച്ചേരാനുമാണ് ശാസ്ത്രം നമ്മെ സഹായിച്ചു കൊണ്ടിരിക്കുന്നത്.

എല്ലാ ചോദ്യങ്ങള്‍ക്കും അന്തിമ ഉത്തരം നല്കുന്ന ഒരു മഹാ സിദ്ധിയല്ല ശാസ്ത്രം.. ശരിയായ ചോദ്യങ്ങള്‍ ചോദിക്കാനും കൂടുതല്‍ ശരി ഉത്തരങ്ങളിലേക്ക്‌ എത്തിച്ചേരാനുമുള്ള ചിട്ടയായ, വിനീതമായ  പ്രവര്‍ത്തനമാണ് ശാസ്ത്രത്തിന്റേത്. നമുക്ക് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടെയിരിക്കാം.. ധീരമായി .. ഉത്തരം കിട്ടും വരെ ചോദ്യങ്ങള്‍ തുടരാം..ഓരോ ചോദ്യവും കൂടുതല്‍ ശരിയിലേക്കുള്ള പടവുകളാണ്.  പുതിയ വിവരങ്ങള്‍ തേടി പഴയ ഉത്തരങ്ങളും ധാരണകളും തിരുത്താന്‍ അത് നമ്മെ സഹായിക്കും.

ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കൂ. എപ്പോഴും , ധീരമായി...