പൗരാണിക ഗ്രീക്ക്-ലാറ്റിൻ ഭാഷകളിൽ നിന്നും വന്നതാണിത്. ആദ്യകാലത്ത് വിരാമചിഹ്നങ്ങൾ വാചകങ്ങളുടെ അർഥം ശരിയായി മനസിലാക്കുവാൻ ഉദ്ദേശിച്ചുള്ളവ ആയിരുന്നില്ല. അക്കാലത്ത് ഉറക്കെ വായിക്കുക എന്നത് പതിവായിരുന്നു. വായിക്കുമ്പോൾ വാക്യാംശങ്ങൾക്ക് ഊന്നൽ കൊടുക്കേണ്ടതെങ്ങനെ, തൽക്കാല വിരാമമിട്ട് ശ്വാസം വലിക്കേണ്ടതിനെയും മറ്റും സൂചിപ്പിക്കുക എന്നതായിരുന്നു വിരാമചിഹ്നങ്ങളുടെ ധർമം.
ലാറ്റിനിൽ ഒരു വാചകത്തിന്റെ അവസാനത്തിൽ ചോദ്യത്തെ സൂചിപ്പിക്കുവാനായി ക്വസ്റ്റിയൊ (Questio) എന്നെഴുതുമായിരുന്നു. അച്ചടി കണ്ടുപിടിക്കുന്നതിനു മുമ്പ് പുസ്തകങ്ങൾ കൈകൊണ്ട് പകർത്തി എഴുതുകയായിരുന്നു പതിവ്. എഴുതുന്നതിന്റെ ഭാരം കുറയ്ക്കവാനായി പല വാക്കുകൾക്കും ചുരുക്കെഴുത്തുകൾ ഉണ്ടാക്കി. അങ്ങനെ Questio എന്നത് ആദ്യം qo എന്നായി. പക്ഷേ, ഇത് മറ്റു ചില ചുരുക്കെഴുത്തുകളുമായി തെറ്റിദ്ധരിക്കുവാൻ സാധ്യതയുണ്ടെന്നു കരുതി o യുടെ മുകളിൽ q എന്നെഴുതുവാൻ തുടങ്ങി. താമസിയാതെ q കുത്തിവരച്ചതു പോലെയുള്ള ഒരടയാളവും o – ഒരു കുത്തും മാത്രമായി. ദാ ഇത് പോലെ...
ഒമ്പതാം നൂറ്റാണ്ടോടെ ഗ്രിഗോറിയൻ സ്തുതിഗീതങ്ങൾ ചൊല്ലുന്നതിനായി ഉപയോഗിച്ചിരുന്ന വിരാമചിഹ്നങ്ങളിൽ ഇന്നത്തെ ചോദ്യചിഹ്നവും ഉണ്ടായിരുന്നു. പക്ഷേ, അത് അൽപ്പം വലത്തോട്ട് ചരിഞ്ഞതായിരുന്നു. മാത്രമല്ല, അത് തൽക്കാല വിരാമത്തെയാണ് സൂചിപ്പിച്ചത്. 15-ാം നൂറ്റാണ്ടിൽ അച്ചടി തുടങ്ങിയതോടെ വിരാമചിഹ്നങ്ങൾ ഏകീകരിക്കേണ്ടതായി വന്നു. 1566 ൽ ആൽ ഡൊമനുസിയോ എന്നയാൾ ആദ്യത്തെ വിരാമചിഹ്ന പുസ്തകം പ്രസിദ്ധീകരിച്ചു. അതിൽ ഇന്നത്തെ ചോദ്യചിഹ്നം ഉണ്ടായിരുന്നു.