ഒന്നാമത്തെ ഗുണം സൗരയൂഥ ഗ്രഹങ്ങളുടെ ഉത്പത്തിയേയും പരിണാമത്തേയും പറ്റി വിലപ്പെട്ട വിവരങ്ങൾ ഇതുവഴി ലഭിക്കും എന്നതാണ്. അവിടെ കാര്യമായ അന്തരീക്ഷമില്ലാത്തതു കൊണ്ട് ഉൽക്കകൾ പോലുള്ള വസ്തുക്കൾ യാതൊരു തടസ്സവുമില്ലാതെ നേരെ വന്നു പതിക്കും. അതിൻ്റെ ആഘാതത്തിൽ അതു ചിന്നിച്ചിതറും എന്നു മാത്രം. അവയെക്കുറിച്ചു പഠിച്ചാൽ രസകരമായ വിവരങ്ങൾ ലഭിച്ചേക്കും.
ചന്ദ്രൻ്റെ മണ്ണിൻ്റെ ഘടനയെപ്പറ്റി പഠിക്കുന്നതുകൊണ്ട് വേറെയും ചില ഗുണങ്ങൾ ഉണ്ട്. ഭാവിയിൽ മനുഷ്യർക്ക് ചന്ദ്രനിൽ കോളനികൾ സ്ഥാപിച്ച് താമസിക്കാൻ പറ്റുമോ എന്നത് നമ്മൾ പഠിക്കുന്ന ഒരു വിഷയമാണ്. അവിടുത്തെ മണ്ണിൽ നിന്ന് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് വീടുകൾ 3D പ്രിൻ്റ് ചെയ്തെടുത്താൽ സംഗതി അടിപൊളിയാകില്ലേ. അതിന് ഗവേഷണം നടത്തണമല്ലോ ? അവിടുത്തെ മണ്ണിൽ കൃഷി ചെയ്താൽ ചെടികൾ വളരുമോ? അപ്പോളോ യാത്രികർ ചന്ദ്രനിൽ നിന്നു ഭൂമിയിലേക്ക്കൊ ണ്ടു വന്ന മണ്ണിൽ ശാസ്ത്രജ്ഞർ വിത്തുകൾ മുളപ്പിച്ചു നോക്കിയിട്ടുണ്ട്. ചൈനക്കാരാകട്ടെ അവരുടെ ചാങ്-4 ലാൻഡറിൽ ചെടികൾ വളർത്തി പരീക്ഷണം നടത്തി. ചന്ദ്രനിലെ ഒരു പ്രധാന പ്രശ്നം അവിടെ ഏതാണ്ട് രണ്ടാഴ്ച പകലും, രണ്ടാഴ്ച രാത്രിയും ആയിരിക്കുമെന്നതാണ്. പകൽ ചൂടു വല്ലാതെ ഉയരും, കൂടാതെ, രാത്രി വല്ലാത്ത തണുപ്പുമാകും. പകൽ സമയത്ത് അവിടെ താപോർജത്തെ മണ്ണുകൊണ്ട് ഉണ്ടാക്കിയ ഇഷ്ടികകളിൽ സംഭരിച്ചുവെച്ചാൽ രാത്രിയിലെ കുളിരു മാറ്റാൻ അത് ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞരിൽ ചിലർ കരുതുന്നു. അതിനു വേണ്ടി ഭൂമിയിൽ ചന്ദ്രനിലേതിനു സമാനമായ മണ്ണു സൃഷ്ടിച്ച് ആ വഴിക്കും ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
ഇവ കൂടാതെ വലിയൊരു സാദ്ധ്യതയും നമ്മുടെ മുന്നിലുണ്ട്. ചന്ദ്രയാൻ - 1 നടത്തിയ നിരീക്ഷണങ്ങളിൽ അവിടെ ധ്രുവ പ്രദേശങ്ങളിൽ ജലാംശം കണ്ടെത്തിയിട്ടുണ്ട്. അതു വലിയ തോതിൽ ഉണ്ടെങ്കിൽ ഒരുപാടു കാര്യങ്ങൾ ചെയ്യാം. ഹൈഡ്രജനും ഓക്സിജനും ചേർന്നതാണല്ലോ ജലം. അതിൽ നിന്ന് സോളാർ വൈദ്യുതി ഉപയോഗിച്ച് ഓക്സിജനെ വേർതിരിച്ചെടുക്കാൻ കഴിഞ്ഞാൽ ശ്വസിക്കാനുള്ള വായു ലഭിക്കുമല്ലോ? കൂടാതെ ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് ക്രയോജനിക് റോക്കറ്റുകൾ ഉണ്ടാക്കി അനുഗ്രഹങ്ങളിലേക്ക് യാത്രയും സംഘടിപ്പിക്കാമല്ലോ?
ഉത്തരം നൽകിയത് : ഡോ.എൻ.ഷാജി, ലൂക്ക എഡിറ്റോറിയൽ ബോർഡംഗം
അധിക വായനയ്ക്ക് :