പഴയ കടലാസ് പൊടിയുന്നത് എന്തുകൊണ്ട് ?

2011 ഒക്ടോബറിലെ ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്

old-paper

Category: രസതന്ത്രം

Subject: Science

22-Aug-2024

141

ഉത്തരം

ലൈബ്രറികളിലെ വളരെ പഴക്കമുള്ള പുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ പൊട്ടിപ്പോകുന്നത് കണ്ടിട്ടില്ലേ? ഈ കടലാസുകളിലെ അമ്ലതയാണ് ഇങ്ങനെ പൊടിയുന്നതിന് കാരണം. മരങ്ങളുടെ പൾപിൽ (Wood pulp) നിന്നാണല്ലോ കടലാസുണ്ടാക്കുന്നത്. മഷികൊണ്ടെഴുതാനുപയോഗിക്കുന്ന കടലാസിൽ സുഷിരങ്ങൾ ഉണ്ടെങ്കിൽ മഷി പരക്കും (പത്രക്കടലാസിൽ ഫൗണ്ടൻ പേനകൊണ്ടെഴുതിയാൽ പരക്കുമല്ലൊ). ഈ സുഷിരങ്ങൾ അടച്ചുകളയാൻ (To size the paper) ആലം(Alum) ഉപയോഗിക്കുന്നു. ആലത്തിൽ അലൂമിനിയം സൾഫേറ്റ് അടങ്ങിയിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിദ്ധ്യത്തിൽ അലൂമിനിയം സൾഫേറ്റ് ഹൈഡ്രോളിസിസിന് (Hydrolysis) വിധേയമായി അലൂമിനിയം ഹൈഡ്രോക്സൈഡും സൾഫ്യൂരിക് ആസിഡുമായി മാറുന്നു. സൾഫ്യൂരിക് ആസിഡ് ഒരു വീര്യം കൂടിയ ആസിഡാണ്; എന്നാൽ അലൂമിനിയം ഹൈഡ്രോക്സൈഡ് ഒരു വീര്യംകുറഞ്ഞ ബേസും (Base). അതിനാൽ ഈ മിശ്രിതത്തിന് നേരിയ അമ്ലതയുണ്ടായിരിക്കും, pH അഞ്ചിനോട് അടുത്ത്. ഈ അമ്ലതയാണ് കാലക്രമേണ കടലാസിനെ പൊടിച്ചുകളയുന്നത്.

ഇത് പരിഹരിക്കുന്നതിന് ഇത്തരം കടലാസുകളെ ആസിഡിനെ നിർവീര്യമാക്കുന്ന മഗ്നീഷ്യം ബൈ കാർബണേറ്റ് ലായനിയിലോ, കാൽസിയം ബൈ കാർബണേറ്റ് ലായനിയിലോ മുക്കിയെടുത്താൽ മതി. ഇത് കൂടുതൽ സമയം എടുക്കുന്ന ഒരു പ്രക്രിയയാണ്. ഒരേസമയം കൂടുതൽ പുസ്‌തകങ്ങൾ കേടുവരുന്നത് തടയാൻ ഡൈ ഇഥൈൽസിങ്ക് (Diethyl zinc) ഉപയോഗിക്കുന്നു. ഇത് 117°C ൽ തിളയ്ക്കുന്ന ഒരു ദ്രാവകമാണ്. ഓക്‌സിജന്റെ, അല്ലെങ്കിൽ ജലത്തിന്റെ സാന്നിധ്യത്തിൽ ഈ രാസവസ്‌തു വിഘടിച്ച് സിങ്ക് ഓക്സൈഡ് ഉൽപാദിപ്പിക്കും. ഒരു ലോഹ ഓക്സൈഡായ ZnO ആസിഡിനെ നിർവീര്യമാക്കുമല്ലൊ.

(CH₂CH₂)₂Zn (ഡൈഇഥൈൻസിങ്ക്) +70₂→ ZnO+4CO₂+5H₂O

(CH₂CH₂)₂ Zn+H₂O→ ZnO+2CH3CH3

താഴ്ന്ന മർദവും നൈട്രജന്റെ അളവ് കൂടുതലുമുള്ള ചേമ്പറുകളിൽ അടുക്കിയ പുസ്‌തകങ്ങൾക്കിടയിലേക്കാണ് ഡൈഈഥൈൽ സിങ്ക് വാതകരൂപത്തിൽ കടത്തിവിടുന്നത്. പുസ്‌തകത്താളുകളിൽ ഇവ വിഘടനത്തിന് വിധേയമാകുമ്പോൾ ഖരരൂപത്തിലുള്ള (മറ്റുൽപന്നങ്ങൾ ഉയർന്ന താപനിലയിൽ വാതകാവസ്ഥയിലായിരിക്കുമല്ലൊ) സിങ്ക് ഓക്സൈഡ് കടലാസിൽ പറ്റിപ്പിടിക്കുകയും അമ്ലത്തെ നിർവീര്യമാക്കുകയും ചെയ്യും. വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ഒരു രാസവസ്തുവാണ് ഡൈഇഥൈൽസിങ്ക് എന്നതിനാൽ മുൻകരുതൽ ആവശ്യമാണ്.

Share This Article
Print Friendly and PDF