ഒരു വൃക്ഷം വളരുന്ന അവസരത്തിൽ കാമ്പിയം (cambium) എന്ന കലകൾ (tissues) തുടർച്ചയായി വിഭജിക്കുന്നു. കാമ്പിയം രണ്ടിനമുണ്ട്. വൃക്ഷത്തിന്റെ അന്തർ ഭാഗത്ത് സൈലവും (xylem) പുറംഭാഗത്ത് ഫ്ളോയവും (phloem) ഉണ്ടാക്കുന്ന വാസ്കുലർ കാമ്പിയം (vascular cambium) ആണ് ഒന്ന്. മരത്തൊലിയെ ഉണ്ടാക്കുന്ന കോർക്ക് കാമ്പിയം (cork cambium) എന്ന മറ്റൊരിനവും ഉണ്ട്. വാസ്കുലർ കാമ്പിയം ഉണ്ടാക്കുന്ന സൈലവും വൃക്ഷത്തിൽ ആദ്യമേ ഉണ്ടായിരുന്ന സൈലവും ചേർന്ന് വൃക്ഷത്തിന്റെ മദ്ധ്യഭാഗം കട്ടിയുള്ളതാകുന്നു ലിഗ്നിൻ (lignin)എന്ന പദാർത്ഥമാണ് ഇതിന് കാഠിന്യം നൽകുന്നത്. ഈ ഭാഗത്തെ കാതൽ എന്നും കട്ടി കുറഞ്ഞ പുറംഭാഗത്തെ 'വെള്ള' എന്നും വിളിക്കുന്നു.