ആനകളില്‍ കാന്‍സര്‍ വരുന്നില്ല എന്ന് തീര്‍ത്ത് പറയാനാവില്ല. ആനകളില്‍ നിരവധി ട്യൂമറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ താരതമ്യേന വളരെ കുറവാണെന്നതാണ് വസ്തുത. മനുഷ്യരോളം കാലം ജീവിച്ചിരിക്കാൻ സാധ്യതയുള്ള എന്നാൽ മനുഷ്യരേക്കാൾ എത്രയോ കൂടുതൽ വലിപ്പമുള്ള ആനകൾക്ക് എന്തുകൊണ്ടാണ് കാന്‍സര്‍ വരാനുള്ള സാധ്യത ഏറ്റവും കുറഞ്ഞിരിക്കുന്നത് എന്നത് ഒരു പ്രധാനപ്പെട്ട ഗവേഷണവിഷയമാണ്. കോശങ്ങൾ നിരന്തരം വിഭജിക്കുമ്പോൾ അവയുടെ ഡി.എൻ.എ ഘടനയിൽ വൈകല്യങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അങ്ങിനെ സംഭവിക്കുമ്പോൾ പലപ്പോഴും കോശവിഭജനത്തിന്റെയും കോശനാശത്തിന്റെയും താളംതെറ്റുകയും കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് കാൻസറിന് കാരണമാവുകയും ചെയ്യാം. ശരീരവലിപ്പം കൂടുതലുള്ള, വളരെയയധികം കോശങ്ങളെ വഹിക്കുന്ന ആനയിൽ ഇതെന്ത് കൊണ്ട് സംഭക്കുന്നില്ല എന്നതാണ് ശാസ്ത്രജ്ഞരുടെ മുന്നിൽ ചോദ്യം ചിഹ്നം ഉയർത്തുന്നത്.
ശരീരവലിപ്പത്തിന് അനുപാതമായി കാൻസർ സാധ്യത ഉയരാതിരിക്കുന്ന പ്രതിഭാസത്തെ Peto’s Paradox (പീറ്റോസ് വിരോധാഭാസം) എന്നാണ് വിളിക്കുന്നത്, (1977 ൽ Richard Peto എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ഈ പ്രതിഭാസം ചൂണ്ടികാട്ടിയത്.)
സ്പെയിനിലെ ബാർസിലോണ സർവകലാശാലയിലെ ജീവശാസ്ത്രജ്ഞൻ Konstantinos Karakostis ഈ മേഖലയിൽ നടത്തിവരുന്ന ഗവേഷണത്തിന്റെ ഫലമായി പീറ്റോസ് പ്രതിഭാസത്തിന്റെ കാരണത്തെ സംബന്ധിച്ച് പ്രാരംഭ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ പി 53 പ്രോട്ടീനാണ് ഡി.എൻ.എ വൈകല്യങ്ങൾ പരിഹരിച്ച് കാൻസർ സാധ്യത തടയുന്നത്. ഒരേ P53 യുടെ 20 ജോഡി കോപ്പികളാണ് ആനകളിലുള്ളത്. രസകരമായ വസ്തുത ഇവയിൽ 19 ജോഡി എണ്ണവും റിട്രോജീനുകളാണ് എന്നുള്ളതാണ്. അതായത് TP53 mRNA യെ റിവേഴ്സ് ട്രാൻസക്രൈബ് ചെയ്ത് ജിനോമിൽ വിളക്കി ചേർക്കപ്പെട്ടത്. (ഇത് 19 തവണ സംഭവിച്ചു കാണണം.) ഈ റിട്രോജീനുകളിൽ ഇൻട്രോണുകൾ ഉണ്ടാവില്ല. മാത്രമല്ല ഇവയെല്ലാം mRNA ആയി ട്രാൻസ്ക്രൈബ് ചെയ്യപ്പെടുന്നുണ്ടോ എന്ന കാര്യവും സംശയമാണ്. ആനയുടെ ശരീരത്തിലുള്ള ഈ പ്രോട്ടീനുകളുടെ സാന്നിധ്യമാവണം അവക്ക് കാൻസർ പ്രതിരോധശേഷി നൽകുന്നതെന്ന നിഗമനത്തിലാണ് Konstantinos Karakostis ഉം സഹപ്രവർത്തകരും എത്തിച്ചേർന്നിട്ടുള്ളത്. മനുഷ്യ ശരീരത്തിൽ ഇത്രയധികം പി 53 പ്രോട്ടീനുകളില്ല. ജനിറ്റിക്ക് എഞ്ചിനീയറിംഗ് വഴി സൃഷ്ടിച്ച സാധരണയിലും കൂടുതൽ പി 53 പ്രോട്ടീനുകളുള്ള എലികളിൽ ഡി എൻ എ തകരാറുകൾ കൂടുതൽ കാര്യക്ഷമതയോടെ പരിഹരിച്ച് കാൻസർ സാധ്യത കുറക്കാൻ കഴിയുമെന്നും തെളിഞ്ഞിട്ടുണ്ട്. കൂടുതൽ ഗവേഷണങ്ങളെ തുടർന്ന് ഇത് ശരിയെന്ന് തെളിഞ്ഞാൽ പി 53 പ്രോട്ടീനുകൾ കൂടുതൽ ലഭ്യമാക്കി മനുഷ്യരിൽ കാൻസർ പ്രതിരോധിക്കാനുള്ള ജനിതകഇടപെടലുകൾ വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. കാൻസറിനെതിരെ പി 53 പ്രോട്ടീൻ എങ്ങിനെ പ്രവർത്തിക്കുന്നു എന്നുള്ളതിനെ പറ്റി ഇനിയും പഠനങ്ങൾ ആവശ്യമാണ്.
ഉത്തരം നൽകിയത് : ഡോ.ബി.ഇക്ബാൽ