കുട്ടികള്‍ക്ക് എപ്പോഴും ഉണ്ടാകുന്ന ഒരു സംശയമാണ്, കാട്ടിലെ മരങ്ങള്‍ക്കൊക്കെ പച്ചനിറമായിട്ടും മലകളെന്താ ദൂരേന്ന് നോക്കുമ്പോള്‍ നീലനിറത്തില്‍ കാണുന്നെ? ഫിസിക്‌സ് അധ്യാപകര്‍ പോലും ഈ ചോദ്യത്തിനു മുന്നില്‍ പകച്ചുപോകാറുണ്ട്. അതിനുത്തരം പറയണമെങ്കില്‍ ആകാശം എന്താണെന്നും അതിന്റെ നീലനിറത്തിനു കാരണമെന്താണെന്നും വ്യക്തമായറിയണം.
നീലാകാശം എന്നത് നമ്മുടെ വായുമണ്ഡലം തന്നെയാണ്. ഭൂതലത്തില്‍ നിന്ന് ഏതാണ്ട് 50 കിലോമീറ്റര്‍ വരും അതിന്റെ കനം. അതിനപ്പുറവും നേര്‍ത്തവായുസാന്നിധ്യം ഉണ്ടെങ്കിലും നീലാകാശം കാണില്ല, കറുത്ത ആകാശമാണ്. നീലാകാശത്തിനു കാരണം എല്ലാവര്‍ക്കും അറിയാം. സൂര്യന്റെ പ്രകാശസ്പെക്ട്രം വായുമണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രകീര്‍ണനം ചെയ്യപ്പെടും. അതായത് ദൃശ്യപ്രകാശം ഉൾപ്പെടെയുള്ള തരംഗങ്ങൾ വായുതന്മാത്രകളില്‍ തട്ടിച്ചിതറും. ദൃശ്യപ്രകാശം എടുത്താൽ പ്രകീര്‍ണനം ഏറ്റവും കൂടുതല്‍ സംഭവിക്കുക നീല, പച്ച, വയലറ്റ് നിറങ്ങള്‍ക്കായിരിക്കും. കാരണം അവയ്‌ക്ക് തരംഗദൈര്‍ഘ്യം കുറവാണ്. ഈ മൂന്നു നിറങ്ങളിലുള്ള പ്രകാശം വീണ്ടും ചുറ്റുമുള്ള തന്മാത്രകളില്‍ തട്ടിച്ചിതറി എല്ലാ ഭാഗത്തുനിന്നും ഏതാണ്ട് ഒരേ അളവില്‍ നമ്മുടെ കണ്ണിലെത്തും. ഈ നിറങ്ങള്‍ ചേരുമ്പോഴാണ് ആകാശനീലിമ - Sky blue - എന്ന അനുഭവമുണ്ടാക്കുന്നത്.
വായുമണ്ഡലത്തെ നീലനിറത്തില്‍ കാണുന്നതാണ് ആകാശം. വായുവില്‍ പൊടിപടലങ്ങള്‍ ഉണ്ടെങ്കില്‍ ആകാശം ചാരനിറമാകും; കാരണം വായുതന്മാത്രകളേക്കാള്‍ വലുപ്പം കൂടിയ പൊടിപടലങ്ങളില്‍ തട്ടി മറ്റു നിറങ്ങളും പ്രകീര്‍ണനം ചെയ്യപ്പെടും. അതുകൂടി ചേര്‍ന്നാലാണ് ചാരനിറമാവുക.
നിങ്ങള്‍ക്കും നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന സുഹൃത്തിനും ഇടയ്‌ക്ക് ഇത്തിരി ആകാശഭാഗം ഉണ്ട്. പക്ഷേ കനം കുറവായതുകൊണ്ട് അതിനു നീലനിറം ദൃശ്യമാകില്ല. എന്നാല്‍ നിങ്ങള്‍ക്കും ദൂരെയുള്ള മലകള്‍ക്കും ഇടയില്‍ നീളമേറിയ വായുമണ്ഡലം അഥവാ ആകാശഭാഗം ഉണ്ട്.
ആ ആകാശഭാഗത്തിന്റെ നീലിമയും മരംനിറഞ്ഞ മലകളുടെ പച്ചയും ചേര്‍ന്നാല്‍ ഒരു പുതിയ നീലിമ - കടും നീല (deep blue) ഉണ്ടാകും. മലയുടെ നീലനിറം ആകാശത്തിന്റെ നീലയില്‍ നിന്ന് വ്യത്യസ്‌തമാണെന്ന് ശ്രദ്ധിച്ചാല്‍ കാണാം. മലയുടെ ദൂരം കൂടുന്നതിനനുസരിച്ച് അതിന്റെ നിറം ആകാശനീലമയോടടുക്കും. അതുകൊണ്ടാണ് പശ്ചിമഘട്ട മലനിരകള്‍ കാണുമ്പോള്‍ പിന്നിലുള്ള മലകള്‍ മുന്നിലുള്ള മലകളേക്കാള്‍ കൂടുതല്‍ നീലയായി കാണപ്പെടുന്നത്. ഒരു മഴ കഴിഞ്ഞ് അന്തരീക്ഷത്തിലെ പൊടിയൊക്കെ അടങ്ങിയാല്‍ ആ നീലിമ ചേതോഹരമാവുകയും ചെയ്യും.
വിശദമായ വായനയ്ക്ക് ഡോ.അനു ബി കരിങ്ങന്നൂർ ലൂക്കയിലെഴുതിയ നീലാകാശവും റെയ്‌ലെ വിസരണവും എന്ന ലേഖനം വായിക്കാം