ചീവീടിന് എത്ര കണ്ണുണ്ട്?

ചീവീടുകളെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം

Cicada

Category: ജീവശാസ്ത്രം

Subject: Science

12-Aug-2022

619

ഉത്തരം

രണ്ടു വിഭാഗം പ്രാണികളെ പൊതുവായി മലയാളത്തിൽ ചീവീട് എന്ന് വിളിക്കാറുണ്ട് . സിക്കാഡകളെയും (Cicada) ക്രിക്കറ്റുകളെയും (cricket). സിക്കാഡ ചീവീടുകൾക്ക് അഞ്ചു കണ്ണുകളാണുള്ളത്.  തലയുടെ രണ്ടരികിലുമായി ഉന്തി നിൽക്കുന്ന രണ്ട് ഉണ്ട കോമ്പൗണ്ട് ഐകൾ  (ഒമാറ്റിഡ എന്ന പ്രകാശഗ്രാഹികളുടെ നൂറുകണക്കിന് എണ്ണം ചേർന്നത് ). നടുവിലായി മുത്ത് ഒട്ടിച്ച് വെച്ച പോലെ മൂന്ന് സിംപിൾ ഐകൾ. ഇരുളും വെളിച്ചവും തിരിച്ചറിയാൻ മാത്രം സഹായിക്കുന്നവയാണ് ഓസിലി എന്ന് കൂടി പറയുന്ന ആ മൂന്നു കണ്ണുകൾ. പിന്നെ രണ്ട് കുഞ്ഞു കൊമ്പ് ആന്റിനകളും. ചിത്രം നോക്കിയാൽ വ്യക്തമാകും. (സിക്കാഡ ചീവീടിന്റെ ചിത്രം കടപ്പാട് - വിജയകുമാർ ബ്ലാത്തൂർ).ഇര പിടിയന്മാരിൽ നിന്ന് അതിജീവനത്തിന് വലിയ തന്ത്രങ്ങളും അനുകൂലനങ്ങളും ഇവയ്ക്ക് ഇല്ല. നീലക്കുറിഞ്ഞികൾ പൂക്കുന്നത് പോലെ ഒന്നിച്ച് ലക്ഷക്കണക്കിന് എണ്ണം വർഷങ്ങൾ കഴിഞ്ഞ് ഒരേ സമയം മണ്ണിൽ നിന്ന് പുറത്ത് വന്ന് വിരിഞ്ഞ് പറക്കലാണ് അതിജീവന തന്ത്രം. ഇരപിടിയന്മാർ തിന്ന് മടുത്തോട്ടെ !  അപ്പഴും കുറേയെണ്ണം ബാക്കിയാവും എന്ന സാധ്യത ! ക്രിക്കറ്റ് ചീവിടുകളെപ്പോലെ ഇവർ ശക്തരല്ല. ക്രിക്കറ്റുകൾ ഇണകളെ ആകർഷിക്കാൻ ശബ്ദം ഉണ്ടാക്കുന്നത് ചിറകഗ്രം പരസ്പരം ഉരച്ചാണെങ്കിൽ സിക്കാഡ ശബ്ദമുണ്ടാക്കുന്നത് പൊള്ളയായ വീർത്ത വയറിനടിയിലെ പാളികൾ വിറപ്പിച്ചാണ്. അതാണ് കാട് മുഴുവൻ മുഴങ്ങുന്ന ശബ്ദം ഉണ്ടാക്കാൻ ഇവരെ സഹായിക്കുന്നത്. ക്രിക്കറ്റുകളിൽ സിക്കാഡകളെ പോലെ രണ്ടു കോമ്പൌണ്ട് ഐയും മൂന്നു സിംപിൾ ഐയും (ഓസിലി) ആണ് കാണപ്പെടാറെങ്കിലും പൊതുവെ സിംപിൾ ഐകളുടെ എണ്ണത്തിൽ ചിലയിനങ്ങളിൽ വ്യത്യാസംകാണപ്പെടുന്നുണ്ട്.

ചിത്രം 1. സിക്കാഡ


ചിത്രം 2 -ക്രിക്കറ്റ്
ഉത്തരം എഴുതിയത് : വിജയകുമാർ ബ്ലാത്തൂർ

Share This Article
Print Friendly and PDF