ഉറുമ്പുകൾ ഉറങ്ങാറുണ്ടോ?

Do ants sleep?

ants_sleeping

Category: ജീവശാസ്ത്രം

Subject: Science

27-Jun-2022

451

ഉത്തരം

- അരവിന്ദും സരിഷയും ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം

ഉറുമ്പുകൾ ഉറങ്ങുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുൻപ് മറ്റൊരു ചോദ്യം ചോദിക്കാം. എന്തിനാണ് ജീവികൾ ഉറങ്ങുന്നത്? അല്ലെങ്കിൽ ഉറക്കം കൊണ്ട് ജീവികൾക്ക് എന്താണ് ഗുണം? ഈ ചോദ്യത്തിന് സമ്പൂർണ്ണമായ ഒരു ഉത്തരം ലഭ്യമല്ലെങ്കിലും അനേകം സൂചനകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഉറക്കത്തിന്റെ സമയത്ത് നടക്കുന്ന ചില പ്രവർത്തനങ്ങളും അതുവഴി ലഭിക്കുന്ന ഗുണങ്ങളും ഇങ്ങനെ ക്രോഡീകരിക്കാം:  

1.ഹ്രസ്വകാല ഓർമ്മകളെ (short term memory) ദീർഘകാല ഓർമ്മകളായി (long term memory) മാറ്റുക. 2.ഉപാപചയം (metabolism) വഴി തലച്ചോറിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ പുറത്തുകളയുക. 3.കോശങ്ങളുടെയും കലകളുടേയും അറ്റകുറ്റപ്പണികൾ നടത്തുക. 4.പേശികളുടെ വളർച്ച

5.പ്രോട്ടീൻ നിർമ്മാണം

6.വളർച്ചാ ഹോർമോണുകളുടെ ഉല്പാദനം

7.ശരീരോഷ്മാവും ഉപാപചയ നിരക്കും കുറയ്ക്കുന്നതിലൂടെ ഊർജ്ജസംരക്ഷണം.

8.മാനസികവും ശാരീരികവുമായ പിരിമുറുക്കം (stress ) കുറയ്ക്കുക. (പട്ടിക പൂർണ്ണമല്ല).

ഒരു ജീവിയുടെ ആരോഗ്യത്തിനും നിലനിൽപ്പിനും ആയുസ്സിനും ഉറക്കം നൽകുന്ന വിലപ്പെട്ട സംഭാവനകൾ മേൽക്കൊടുത്ത പട്ടികയിൽ നിന്നും വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ ആദ്യകാലത്ത് കരുതിയതുപോലെ  മനുഷ്യർക്കും മറ്റ് സസ്തനികൾക്കും പക്ഷികൾക്കും മാത്രമല്ല, നട്ടെല്ലുള്ളതും ഇല്ലാത്തതുമായ എല്ലാ ജന്തുക്കൾക്കും ഉറക്കം ആവശ്യമാണ്. എന്നാൽ എല്ലാ ജീവികളുടേയും ഉറക്കം ഒരുപോലെയല്ല. ഉദാഹരണത്തിന് മനുഷ്യരെപ്പോലെയല്ലല്ലോ ചുണ്ടെലികൾ ഉറങ്ങുന്നത്. മനുഷ്യർ രാത്രികാലത്ത് മണിക്കൂറുകളോളം തുടർച്ചയായി ഉറങ്ങുമ്പോൾ ചുണ്ടെലികളുടേത് അനേകം തവണകളായാണ് ഉറങ്ങുന്നത്. ചില ജീവികൾ രാത്രി ഉറങ്ങുമ്പോൾ മറ്റ് ചിലവ പകലുറക്കക്കാരാണ്. 

ഉറക്കത്തെ പറ്റിയുള്ള മഹാഭൂരിപക്ഷം പഠനങ്ങളും നടന്നത് സസ്തനികളിലും പക്ഷികളിലുമാണ്. നട്ടെല്ലില്ലാത്ത ജീവികളിൽ അത്തരം പഠനങ്ങൾ വളരെ കുറവാണ്. അതുകൊടുത്തന്നെ അവയുടെ ഉറക്കത്തെക്കുറിച്ച് നമുക്കുള്ള അറിവ് പരിമിതമാണ്. നട്ടെല്ലുകളില്ലാത്ത ജീവികളുടേത് ശരിയായ ഉറക്കമല്ല, മറിച്ച് ഉറക്കം പോലെയുള്ള അവസ്ഥയോ (sleep like state) അല്ലെങ്കിൽ മയക്കമോ (torpor) മാത്രമാണെന്ന് വാദിക്കുന്നവരുമുണ്ട്.  ഉറുമ്പുകൾ നട്ടെല്ലില്ലാത്ത ജീവികളുൾക്കൊള്ളുന്ന ഷഡ്പദ വിഭാഗത്തിൽ പെട്ട (insects) ജീവികളാണല്ലോ. ഷഡ്പദങ്ങളിൽ  ഉറക്കവുമായി ബന്ധപ്പെട്ട ആദ്യപഠനങ്ങൾ  നടന്നത് പാറ്റകളിലാണ് (cockroaches). തുടർന്ന് പഴയീച്ചകളിലും (Drosophila melanogaster). ഈ പഠനങ്ങൾ ഷഡ്പദങ്ങളുടെ ഉറക്കവും സസ്തനികളുടെ ഉറക്കവും തമ്മിലുള്ള അത്ഭുതകരമായ സമാനതകൾ വെളിവാക്കുന്നവയാണ്. ഉദാഹരണത്തിന്, മനുഷ്യന്റെ ഉറക്കത്തെ രണ്ട് ഘട്ടങ്ങളായി തിരിക്കാം: കൃഷ്ണമണികൾ അതിവേഗം ചലിക്കുന്ന ഉറക്കവും (Rapid Eye Movement Sleep- REM) കൃഷ്ണമണികൾ ചലിക്കാത്ത ഉറക്കവും (Non- Rapid Eye Movement Sleep- NREM). ഇതിന് സമാനമായ ഉറക്കഘട്ടങ്ങൾ പാറ്റകളിലും കണ്ടെത്തി. ചലിക്കുന്നത് കണ്ണുകളല്ല, മറിച്ച് ശരീരമാണെന്ന വ്യത്യാസമുണ്ട്. അതേപോലെ ഉറക്കത്തെ നിയന്ത്രിക്കുന്ന ജീനുകളുടെ കാര്യത്തിൽ സസ്തനികളും പഴയീച്ചകളും തമ്മിൽ സമാനതകളുണ്ട്. ഉറുമ്പുകളിൽ വളരെ കുറച്ച് പഠനങ്ങൾ മാത്രമേ നടന്നിട്ടുളളൂ. അതിലൊന്നാണ് 2009 ൽ ദക്ഷിണ അമേരിക്കൻ സ്വദേശിയായ തീയുറുമ്പിൽ-fire ant -(Solenopsis invicta) നടന്ന പഠനങ്ങൾ. 

തീയുറുമ്പുകളുടെ ഉറക്കം

ചിത്രത്തിൽ Solenopsis invicta

കൃത്രിമമായി ഉണ്ടാക്കിയ കൂട്ടിലാണ് തീയുറുമ്പുകളുടെ ഉറക്കം പഠനവിധേയമാക്കിയത്. ഇരുട്ടും വെളിച്ചവും ഉറുമ്പുകളുടെ പ്രവർത്തനങ്ങളിൽ ചെലുത്തുന്ന സ്വാധീനം, ഉറങ്ങുന്നതിന്റെയും  ഉണർച്ചയുടെയും സമയം, സ്ഥലം, ഉറങ്ങുന്ന രീതി തുടങ്ങിയവയാണ് പഠനവിധേയമാക്കിയത്. ആ പഠനങ്ങളിൽ നിന്ന്  ഉരുത്തിരിഞ്ഞ  നിരീക്ഷണങ്ങൾ താഴെക്കൊടുക്കുന്നു: 

1.അവയുടെ ഉറക്കത്തിന് വെളിച്ചവുമായി ബന്ധമില്ല (തീയുറുമ്പുകൾ ഭൂമിക്കടിയിൽ ജീവിക്കുന്നവയാണ്. ഭൂമിയുടെ ഉപരിതലത്തിൽ ജീവിക്കുന്ന ഉറുമ്പുകളുടെ ഉറക്കം അങ്ങനെയായിരിക്കണമെന്നില്ല).

2.ഒരു കൂട്ടിലുള്ള എല്ലാ സേവകരും (worker ants) ഉറങ്ങുന്നത് ഒരേ സമയത്തല്ല. ശരാശരി ഇരുപത് ശതമാനം സേവകർ മാത്രമാണ് ഒന്നിച്ചുറങ്ങിയത്. എന്നാൽ രാജ്ഞിമാർ ഒരുമിച്ചാണ് ഉറങ്ങിയതും ഉണർന്നതും.

3.സേവകർ ഉറങ്ങാൻ മൂന്ന് സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നത് കണ്ടു: കൂടിന്റെ മേൽക്കൂര, ചുമരിനോട് ചേർന്ന്, മധ്യത്തിൽ നിലത്ത്. മേൽക്കൂരയിലും ചുമരിനോട് ചേർന്നും ഉറങ്ങുന്ന ഉറുമ്പുകൾ കൂടുതൽ നേരം ഉറങ്ങി.

4.ഉറങ്ങുന്ന സമയത്ത് എല്ലാ രാജ്ഞിമാരും പരസ്പരം ചേർന്ന് കിടക്കുന്നതായി കണ്ടു.

5.ഉറങ്ങുന്ന സമയത്ത് രണ്ടുതരം ഉറുമ്പുകളും അവയുടെ സ്പർശനികൾ (antennae) മടക്കിവയ്ക്കുന്നത് നിരീക്ഷിച്ചു. മാത്രമല്ല മറ്റ് ഉറുമ്പുകൾ സ്പർശിക്കുമ്പോൾ പ്രതികരിച്ചതുമില്ല.

6.കൃഷ്ണമണികൾ അതിവേഗം ചലിക്കുന്ന ഉറക്കം (REM sleep) പ്രദർശിപ്പിച്ചു. ആ സമയത്ത് സ്പർശനികൾ അതിവേഗം ചലിപ്പിച്ചു.

7.ഉറക്കം ഒറ്റയടിക്കല്ല, മറിച്ച് പല തവണകളായാണ് നടത്തിയത് (polyphasic sleep). 6 മിനുട്ട് നീണ്ടുനിൽക്കുന്ന 92 തവണകളായാണ് ഒരു ദിവസം രാജ്ഞികൾ ഉറങ്ങിയത് (ശരാശരി 9.4 മണിക്കൂർ). സേവകർ കൂടുതൽ പ്രാവശ്യം ഉറങ്ങിയെങ്കിലും (241 തവണ) ഓരോ തവണയും 1.1 മിനുട്ട് മാത്രമേ ഉറങ്ങിയുള്ളൂ (ശരാശരി 4.8 മണിക്കൂർ).

   


റുമ്പുകളുടെ ഉറക്കരഹസ്യത്തിലേക്ക് വാതിൽ തുറക്കുന്ന കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ടെങ്കിലും ഒരു കാര്യം സ്പഷ്ടമായി പറയാം: ഉറുമ്പുകൾ ഉറങ്ങുകതന്നെ ചെയ്യും! ☺️☺️


ഉത്തരം നൽകിയത് ഡോ. പി. കെ. സുമോദൻ 


അവലംബം:


1. Cassill DL, Brown S, Swick D, Yanev G (2009). Polyphasic Wake/Sleep Episodes in the Fire Ant, Solenopsis invicta. J Insect Behav. 22:313–323 2. Charlotte HF (2018). Sleep in Insects. Annu. Rev. Entomol. 63:69–86

3.. Downs HM (2020). Sleep Science. Oxford University Press


കൂടുതൽ ലേഖനങ്ങൾ ലൂക്കയിൽ വായിക്കാം...

Share This Article
Print Friendly and PDF