ആകാശഗംഗയെ (Milky Way Galaxy) ചരിത്രാതീത കാലം മുതലേ അറിയാം. കൃത്രിമ വെളിച്ചത്തിന്റെ ശല്യമില്ലാത്ത ഇടങ്ങളിൽ ആകാശത്തു നോക്കിയാൽ പാൽ തൂവിയതു പോലെയോ ഒരു ആകാശനദി പോലെയോ ഒക്കെ കാണപ്പെടുന്നതാണ് ആകാശ ഗംഗ. ആ പേരിനു കാരണവും അതു തന്നെ. എന്നാൽ ഇത് ഗാലക്സികളിൽ ഒന്നു മാത്രമാണെന്നു കണ്ടെത്തിയത് 1924 ലാണ് . എഡ്വിൻ ഹബ്ബ്ൾ എന്ന ശാസ്ത്രജ്ഞൻ അന്നു ലോകത്തുണ്ടായിരുന്ന ഏറ്റവും ശക്തിയേറിയ ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളിലൂടെ ആൻഡ്രോമീഡ പോലുള്ള നക്ഷത്ര സമൂഹങ്ങളിലേക്കുള്ള ദൂരം അളക്കുകയും അവ ഓരോന്നും നമ്മുടെ ആകാശഗംഗയിൽനിന്നും വ്യത്യസ്തമായ ഗാലക്സികളാണെന്നു തെളിയിക്കുകയും ചെയ്തു.