ചന്ദ്രയാൻ 3 ലാൻഡിംഗ് സമയത്തെ ഈ ചിത്രം യഥാർത്ഥമാണോ ?

--

ഉത്തരം

താഴെയുള്ള ചിത്രം ശ്രദ്ധിക്കുക. 23 ആം തിയ്യതി വൈകുന്നേരം 6 മണിക്ക് ചന്ദ്രയാൻ-3 ലെ വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങി കൊണ്ടിരിക്കുന്ന സമയം ഇസ്രോ യുടെ ഇസ്ട്രാക് കേന്ദ്രത്തിലെ സ്ക്രീൻ ആണ് അത്.



ഈ ചിത്രം ക്യാമറയിൽ എടുത്ത വീഡിയോ അല്ല, കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള "സിമുലേഷൻ" ആണ്. സ്ക്രീനിന്റെ വലതു വശത്തുകാണുന്ന വിവരങ്ങളും (ഇടത്: തീരശ്ചീന വേഗത, നടുക്ക് ലംബ ദിശയിൽ (കുത്തനെ) ഉള്ള വേഗത , വലത് ലാൻഡറിന്റെ അപ്പോഴത്തെ ഉയരം) എന്നിവയും ലാൻഡറിൽ ഉള്ള (1) കാ ബാൻഡ് ആൾട്ടിമീറ്റർ (ഉയരം അളക്കാൻ) , (2) ലേസർ ആൾട്ടിമീറ്റർ (ഉയരം അളക്കാൻ) (3) ലേസർ ഡോപ്ലർ വെലോസിമീറ്റർ (വേഗത അളക്കാൻ) (4) ഇന്കളിനോമീറ്റർ (ചരിവ് അളക്കാൻ) എന്നിവയും ലാൻഡറിൽ ഉള്ള മൂന്ന് കാമറകളും അയക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് കംപ്യൂട്ടറിന്റെ സഹായത്തോടെ ഉണ്ടാക്കിയ ചിത്രമാണ് അത്.

ഇസ്രോ എന്തുകൊണ്ടാണ് ഒരു യഥാർത്ഥ വീഡിയോ കൊടുക്കാതിരുന്നത് ?. വിക്രം ലാൻഡർ താഴത്തേക്ക് ഇറങ്ങുന്ന വീഡിയോ ഷൂട്ട് ചെയ്യാൻ സാധ്യമല്ല. വിക്രം ലാൻഡറിന്റെ വലുപ്പം 200 x 200 x 116.6 cm. മാത്രമാണ്. അത്രയും ചെറിയ ലാൻഡറിന്റെ പൂർണമായ ഫോട്ടോ ( സോളാർ പാനലുകളും നാല് കാലുകളും മറ്റും വ്യക്തമായി കാണുന്ന ഫോട്ടോ) എടുക്കുവാൻ വേണ്ടത്ര റെസൊല്യൂഷൻ ഉള്ള കാമറകൾ ചന്ദ്രയാൻ-2 ന്റെ ഓർബിറ്ററിൽ ഇല്ല. (ചന്ദ്രയാൻ-3 ന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ ക്യാമറ ഇല്ല).നാസയുടെ വളരെ കഴിവുള്ള എൽ.ആർ.ഒ എന്ന ഉപഗ്രഹം ഉപയോഗിച്ചാലും നമ്മൾ ആഗ്രഹിക്കുന്ന വീഡിയോ ഷൂട്ട് ചെയ്യുവാൻ സാധിക്കുകയില്ല
മാത്രമല്ല, വിക്രം ലാൻഡർ ഇറങ്ങുന്ന വീഡിയോ എടുക്കണമെങ്കിൽ വീഡിയോ കാമറയുള്ള മറ്റേതെങ്കിലും വാഹനം അതിന്റെ മുകളിലായി പറക്കണമല്ലോ? അതായത് മറ്റൊരു ലാൻഡർ അല്ലെങ്കിൽ അതോനോടൊപ്പം വളരെ അടുത്തായി പറക്കുന്ന ഒരു ഓർബിറ്റർ വേണം. ഒരു ഓർബിറ്ററിനും അങ്ങനെ സഞ്ചരിക്കാനാവുകയില്ല അതിനാൽ ചന്ദ്രന്റെ മുകളിൽ കൂടി അതിമനോഹരമായി വിക്രം ലാൻഡർ പറന്നു താഴ്ന്നു വരുന്ന വീഡിയോ കണ്ടാൽ ഓർമിക്കുക, അത് കൃത്രിമമായി കമ്പ്യൂട്ടറിൽ ഉണ്ടാക്കിയതാണ്.

എഴുതിയത് : പി.എം.സിദ്ധാർത്ഥൻ, (റിട്ട. സയിന്റിസ്റ്റ് , ഐ.എസ്.ആർ.ഒ.)

Share This Article
Print Friendly and PDF