സാനിറ്റൈസർ എങ്ങനെയാണ് ഉണ്ടാക്കുന്നത് ?


sanitizer

Category: രസതന്ത്രം

Subject: Science

27-Apr-2021

481

ഉത്തരം

കൊറോണ ബാധയെത്തുടർന്ന് ഹാന്റ്സാനിറ്റൈസർ മാർക്കറ്റിൽ ലഭ്യമല്ലാത്ത അവസ്ഥ പല സ്ഥലങ്ങളിലുമുണ്ട്. ഇത് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാനുള്ള നിർദ്ദേശങ്ങൾ ലോകാരോഗ്യ സംഘടന തന്നെ നൽകിയിട്ടുണ്ട്. 

കൊറോണ ബാധയെത്തുടർന്ന് ഹാന്റ്സാനിറ്റൈസർ മാർക്കറ്റിൽ ലഭ്യമല്ലാത്ത അവസ്ഥ പല സ്ഥലങ്ങളിലുമുണ്ട്. ഇത് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാനുള്ള നിർദ്ദേശങ്ങൾ ലോകാരോഗ്യ സംഘടന തന്നെ നൽകിയിട്ടുണ്ട്.

ഓർക്കേണ്ട ഒരു കാര്യം സാധാരണ സാഹചര്യത്തിൽ സാനിറ്റൈസറിനേക്കാൾ നല്ലത് സോപ്പും വെള്ളവും തന്നെയാണ്. അതായത് അവ ലഭ്യമായ അവസ്ഥയിൽ. പക്ഷേ യാത്രയിൽ പലർ സ്പർശിച്ച കമ്പിയിലും പിടിയിലും മറ്റും തൊടുമ്പോൾ കൈ കഴുകാൻ സോപ്പും വെള്ളവും ലഭ്യമാവണമെന്നില്ല, അപ്പോൾ സാനിറ്റൈസർ ഉപയോഗിക്കാം.
ഒരു ലിറ്റര്‍ അണുനാശിനി ഉണ്ടാക്കുന്ന വിധം

ഐസോപ്രൊപ്പൈൽ ആൽക്കഹോൾ (എഥനോളും ഉപയോഗിക്കാമെങ്കിലും കേരളത്തിൽ പൊതുജനത്തിന് എഥനോൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ കഴിയില്ല. അത് കുറ്റകരവുമാണ്), ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറോൾ, തിളപ്പിച്ചാറിയ ശുദ്ധജലം അല്ലെങ്കിൽ ഡിസ്റ്റിൽഡ് വാട്ടർ എന്നിവ മാത്രം മതി ഹാന്റ്സാനിറ്റൈസർ ഉണ്ടാക്കാൻ.

99.8 ശതമാനം ശുദ്ധതയുള്ള ഐസപ്രൊപ്പനോൾ 751.5 മി. ലി, 3% ഗാ‍‍ഢതയുള്ള ഹൈഡ്രജൻ പെറോക്‌സൈഡ് 41.7 മി.ലി, 98% ശുദ്ധതയുള്ള ഗ്ലിസറോൾ 14.5 മി. ലി എന്നിവ ഒരു ലിറ്റർ കൊള്ളുന്ന കുപ്പിയിലോ ജാറിലോ നന്നായി ഇളക്കി യോജിപ്പിക്കുക. തിളപ്പിച്ചാറിയ വെള്ളമോ ഡിസ്റ്റിൽഡ് വാട്ടറോ ചേർത്ത് ഒരു ലിറ്റർ അളവ് തികയ്ക്കാം. ഇങ്ങനെ കിട്ടുന്ന ഹാന്റ്സാനിറ്റൈസറിൽ 75% ആൽക്കഹോൾ അടങ്ങിയിരിക്കും.

ആൽക്കഹോളിന് നശിപ്പിക്കാനാവാത്ത ബാക്റ്റീരിയ ബീജബിന്ദുക്കളെ (spores) നശിപ്പിക്കാനാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്. ഗ്ലിസറോൾ കൈകളിലെ ഈർപ്പം സംരക്ഷിക്കാനും ഹാന്റ്സാനിറ്റൈസറിന് കട്ടി നൽകാനും സഹായിക്കും.
ഗ്രാമ്പൂ എണ്ണ, ലാവന്റർ എണ്ണ, പെപ്പർമിന്റ് തുടങ്ങിയവ മണത്തിനായി ഒന്നോ രണ്ടോ തുള്ളി ഉപയോഗിക്കാമെങ്കിലും അലർജി ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. നിറം ഉപയോഗിക്കുമ്പോഴും അവ മറ്റ് ഘടകങ്ങളുമായി പ്രതിപ്രവർത്തിക്കുന്നില്ല എന്നും, അലർജി ഉണ്ടാക്കില്ല എന്നും ഉറപ്പാക്കണം. നിറമോ മണമോ ചേർക്കാത്തതാണ് അഭികാമ്യം. ഇത് ചെറിയ കുപ്പികളിലേക്ക് മാറ്റിയ ശേഷം ഉപയോഗിക്കാം. ഐസോപ്രൊപ്പനോൾ, ഗ്ലിസറോൾ, ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ കെമിക്കൽ സപ്ലയേഴ്സിൽ നിന്ന് വാങ്ങുക. മെഡിക്കൽ സ്റ്റോറിൽ കിട്ടുന്ന ഗ്ലിസറിനോ ഹൈഡ്രജൻ പെറോക്സൈഡോ ഇത്രയും ശുദ്ധതയും ഗാഢതയുമുണ്ടാവാൻ സാധ്യതയില്ല.
ഐസോപ്രൊപ്പനോൾ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുവാണ്. എന്നാൽ, മദ്യം വീട്ടിൽ സൂക്ഷിക്കുന്നതിനേക്കാൾ ഇത്തിരി കൂടുതൽ റിസ്കേ അതിനുള്ളൂ. സുരക്ഷിതമായി സൂക്ഷിച്ചാൽ അപകടമില്ല. ഗ്ലിസറോളും ഹൈഡ്രജൻ പെറോക്സൈഡും തീപിടിക്കുന്ന വസ്തുക്കളല്ല. മിക്സിങ്ങിനും സൂക്ഷിക്കാനും ബോറോസിലിന്റെ ഗ്ലാസ് വെയർ വേണമെന്ന് ഒരു നിർബന്ധവുമില്ല. പ്ലാസ്റ്റിക്കും, ഗ്ലാസും, മെറ്റൽ ഡ്രമ്മുകളും അടക്കം ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നുണ്ട്



എഴുത്ത് : സംഗീത ചേനംപുല്ലി

WHO നിർദ്ദേശങ്ങൾ ഈ PDF ൽ വായിക്കാം

Share This Article
Print Friendly and PDF