ആകാശഗംഗയുടെ വ്യാസം ചുരുങ്ങിയത് ഒരു ലക്ഷം പ്രകാശവർഷം ആണ്. സെക്കൻഡിൽ 3 ലക്ഷം കിലോമീറ്റർ എന്ന വേഗത്തിൽ പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വർഷം. സൂര്യൻ സ്ഥിതിചെയ്യുന്നത് ആകാശഗംഗയുടെ കേന്ദ്രത്തിൽ നിന്ന് ഏതാണ്ട് 26000 പ്രകാശവർഷം അകലെയാണ്. അതിനാൽ അതിന്റെ എതിർദിശയിൽ സഞ്ചരിച്ചാൽ ആകാശഗംഗയുടെ അറ്റത്തെത്താൻ 24000 പ്രകാശവർഷം സഞ്ചരിക്കണം. അതായത് പ്രകാശത്തിന്റെ വേഗത്തിൽ സഞ്ചരിച്ചാൽ 24000 വർഷമെടുക്കും. സൈദ്ധാന്തികമായി പ്രകാശവേഗത്തിൽ മനുഷ്യന് ഒരിക്കലും സഞ്ചരിക്കാൻ കഴിയില്ല. ഇതുവരെ മനുഷ്യർക്ക് പ്രകാശവേഗത്തിന്റെ പതിനായിരത്തിലൊന്നു വേഗത്തിൽ പോലും സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞാൽ തന്നെ ലക്ഷ്യത്തിലെത്താൻ 24000 x 10,000 = 24 കോടി വർഷം എടുക്കും. അതിനാൽ തൽക്കാലം ആകാശ ഗംഗയുടെ അടുത്തേക്ക് പോകാൻ നോക്കണ്ട.