സൂര്യ ഗ്രഹണ സമയത്ത് അസാധരണമായ രശ്മികളൊന്നും സൂര്യനിൽ നിന്നു വരുന്നില്ല. ഏതായാലും സൂര്യോദയവും അസ്തമയവും അല്ലാത്ത സമയങ്ങളിൽ സൂര്യനെ നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കുന്നതു നല്ലതല്ല. പ്രകാശത്തിന്റെ ഉയർന്ന തീവ്രത തന്നെയാണ് പ്രശ്നം. സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യന്റെ മുമ്പിൽ വരുന്നതിനാൽ വെളിച്ചം കുറയും. എന്നാൽ ആ വെളിച്ചവും നല്ല തീവ്രത ഉള്ളതാണ്. അതു കൊണ്ട് നേരിട്ടു നോക്കരുത്. ഗുണനിലവാരമുള്ള പ്രത്യേകം തയ്യാറാക്കിയ ഫിൽട്ടർ കണ്ണടകൾ ഉപയോഗിച്ചു നോക്കുന്നത് സുരക്ഷിതമാണ്. 2019 ഡിസംബറിൽ കേരളത്തിൽ ദൃശ്യമായ സൂര്യഗ്രഹണം ലക്ഷക്കണക്കിന് ആൾക്കാർ ഇത്തരത്തിൽ സുരക്ഷിതമായി കണ്ടിരുന്നു.