ഭൂമിയിലെ പോലെ ജലം മഴയായി സൗരയൂഥത്തിൽ വേറെ ഒരിടത്തും പെയ്യുന്നതായി കണ്ടെത്തിയിട്ടില്ല. ജലത്തിന് ദ്രാവകരൂപത്തിൽ നിലനില്കാൻ പറ്റിയ സാഹചര്യം ഇല്ലാത്തതും ജലചക്രം (water cycle) പൂർത്തിയാക്കാൻ പറ്റിയ കാലാവസ്ഥ അവിടെയൊന്നും ഇല്ലാത്തതുമാണ് പ്രധാന പ്രശ്നം. അതേ സമയം ശുക്രനിൽ (Venus) ചെന്നാൽ ചൂടൻ മഴ ലഭിക്കും. പക്ഷേ, ചെറിയൊരു പ്രശ്നമുണ്ട്. ജലത്തിനു പകരം സൾഫ്യൂറിക് ആസിഡ് (H2SO4) ആണ് അവിടെ മഴയായി പെയ്യുന്നത്. ചൊവ്വയിൽ (Mars) ചെന്നാൽ അവിടെ ചെറിയ തോതിയ ഡ്രൈ ഐസ് മഴ ഉണാകും. ഡ്രൈ ഐസ് എന്നത് ഉണക്കിയ ഐസ് അല്ലകേട്ടോ? തണുത്തുറഞ്ഞ കാർബൺ ഡയോക്സൈഡിനെയാണ് (CO2)ഡ്രൈ ഐസ് എന്നു വിളിക്കുന്നത്. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ ചെന്നാൽ അവിടെ മീഥേൻ (CH4) മഴയിൽ കുളിക്കാം. ഇനി സാക്ഷാൽ ശനിയിൽ (Saturn) ചെന്നാൽ അവിടെ വജ്രം (diamond) ആണ് പെയ്യുന്നതെന്നാണ് ചില ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഓരോ വർഷവും ടൺ കണക്കിന് ഡയമണ്ട് ആണത്രേ പെയ്യുന്നത്. പക്ഷേ ഈ കണ്ടെത്തൽ എന്നത് ചില സിദ്ധാന്തങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണ്. ആരും അത് നേരിട്ടു പരിശോധിച്ചിട്ടില്ല. അതിനാൽ ഉടനെ അങ്ങോട്ട് വെച്ചു പിടിക്കണ്ട.
ഉത്തരം നൽകിയത് : ഡോ.എൻ.ഷാജി, ലൂക്ക എഡിറ്റോറിയൽ ബോർഡംഗം