പ്രപഞ്ചത്തിന്റെ ഉത്പത്തി മഹാ വിസ്ഫോടനത്തിലൂടെ (Big Bang) ആണ് സംഭവിച്ചത് എന്ന് ആദ്യം പറഞ്ഞത് ബൽജിയൻ പാതിരി ആയ ഷോർഷ് ലുമെത് (Georges Lemaitre) ആയിരുന്നു. ഗാലക്സികൾ പരസ്പരം അകലുന്നു, അഥവാ പ്രപഞ്ചം സദാ വികസിച്ചുകൊണ്ടിരിക്കുന്നു എന്ന എഡ്വിൻ ഹബിളിന്റെ (Edwin Powell Hubble ) നിരീക്ഷണത്തിന് അനുയോജ്യമാണ് ഈ സിദ്ധാന്തം എന്നതുകൊണ്ട് ഇത് ഹബ്ൾ - ലുമെത് സിദ്ധാന്തം (Hubble - Lemaitre Theory) എന്നറിയപ്പെടുന്നു. പ്രപഞ്ചവികാസ ഘട്ടങ്ങൾ പിന്നീട് വിശദമാക്കിയത് ജോർജ് ഗാമോ (George Gamow) ആണ്. പ്രപഞ്ചത്തിലെ പദാർഥം മുഴുവൻ ഒരു മഹാ വിസ്ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടു എന്ന ഇവരുടെ ആശയത്തെ പരിഹസിച്ചുകൊണ്ട് സ്ഥിരസ്ഥിതി സിദ്ധാന്തത്തിന്റെ (Steady State Theory) ആവിഷ്ക്കർത്താവായ ഫ്രഡ് ഹോയ്ൽ (Fred Hoyle) 1969 ൽ നടത്തിയ ഒരു പ്രയോഗമാണ് യഥാർഥത്തിൽ ബിഗ് ബാങ്. അതു പിന്നീട് ഗാമോവും കൂട്ടരും സ്വീകരിച്ച് സ്വന്തമാക്കുകയായിരുന്നു.
സർവവിജ്ഞാനവും വൈദികകാലത്ത് ഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടാറുണ്ടെങ്കിലും ഇതുവരെ ഒരു ഹിന്ദുത്വവാദിയും മഹാവിസ്ഫോടന സിദ്ധാന്തം പ്രാചീന ഭാരതത്തിൽ അവതരിപ്പിച്ച ഒരു മഹർഷിവര്യനെക്കുറിച്ച് പറയാത്തത് ചിലരെയെങ്കിലും അത്ഭുതപ്പെടുത്തുന്നുണ്ടാകാം. എന്നാൽ അടുത്ത കാലത്ത് ഒരു മലയാളി "ശാസ്ത്രജ്ഞൻ'. അതും ഇന്ത്യയുടെ അഭിമാനമായ ഇസ്രോയുടെ മുൻ തലവൻ, ഒരു "വലിയ രഹസ്യം' പുറത്തുവിട്ടു.
“മഹാ വി സ്ഫോടനത്തിൽ ഉണ്ടായ ആദ്യശബ്ദം ഓംകാരമായിരുന്നു."
സംഭവം നടന്ന് 1380 കോടിയോളം വർഷങ്ങൾക്കു ശേഷം ഇതെങ്ങനെ കണ്ടെത്തി, തെളിവെവിടെ എന്നൊന്നും ചോദിക്കരുത്. വിശ്വാസത്തിന് തെളിവു വേണ്ടതില്ല. പക്ഷേ, ശാസ്ത്രം കൂടി ആയതു കൊണ്ട് ഒരു പ്രശ്നമുണ്ട്. ശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം വേണം. വായു പോലുള്ള, സാന്ദ്രത കുറഞ്ഞ മാധ്യമമായാലേ ഓം എന്നു കേൾക്കൂ. വെള്ളത്തിൽ മുങ്ങിക്കിടന്ന് ഓം എന്നു പറഞ്ഞിട്ട് കാര്യമില്ല. ജ്വലിക്കുന്ന പ്ലാസ്മയിലൂടെയും ഓംകാരം സഞ്ചരിക്കില്ല. ബിഗ് ബാങ്ങിൽ പദാർഥത്തിന്റെ അവസ്ഥ എന്തായി രുന്നു എന്നൊന്നും നമുക്കറിയില്ല. മഹാവിസ്ഫോടനത്തിന് ശേഷം ഏതാണ്ട് നാലു ലക്ഷം വർഷംവരെ പദാർഥവും ഊർജവും സ്വതന്ത്രമായിരുന്നില്ല. ഊർജം പദാർഥമായും പദാർഥം ഊർജമായും അന്യോന്യം മാറുന്ന (Creation and annihilation) അവസ്ഥ ആയിരുന്നു എന്നാണ് കണക്കാക്കുന്നത്. അതിനു ശേഷം ഊർജം പദാർഥത്തിൽ നിന്ന് മുക്തമായതിന്റെ അടയാളമാണല്ലോ നാം പശ്ചാത്തലവികിരണം (Background radiation) ആയി അളക്കുന്നത്. അതിനുശേഷവും പദാർഥസാന്ദ്രത അത്യധികമായതിനാൽ ഒരു ഓംകാരവുംഅന്ന് സംപ്രേഷണം ചെയ്യപ്പെടില്ല. ഇതൊന്നും തീരെ അറിയാത്ത ആളാണ് നമ്മുടെ ശാസ്ത്രജ്ഞൻ എന്നു കരുതുക വയ്യ. മറ്റ് പല താല്പര്യങ്ങളുമാകാം അതിന് പിന്നിലെന്നേ കരുതാനാവൂ.