പരിണാമ സിദ്ധാന്തവും ദശാവതാരവും തമ്മിലെന്തു ബന്ധം ?

പുരാണത്തിലെ ദശാവതാരകഥ പ്രാചീനകാലത്തുതന്നെ ഭാരതീയർക്ക് പരിണാമസിദ്ധാന്തം അറിയാമായിരുന്നു എന്നതിന്റെ തെളിവാണോ ?

Dashavatara

Category: ജീവശാസ്ത്രം

Subject: Science

29-May-2023

1040

ഉത്തരം

ഡോ. പി.ആർ. സ്വരൺ എഴുതുന്നു...


ഒരു ബന്ധവുമില്ല..

വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയാണല്ലോ ദശാവതാരം എന്നുപറയുന്നത്. 10 എന്ന എണ്ണത്തിലും അതിന്റെ ക്രമത്തിലും വിവിധ ഗ്രന്ഥങ്ങൾ തമ്മിൽ ഐകരൂപ്യമില്ല എന്നത് നമുക്ക് മാറ്റിനിർത്താം. 10 അവതാരങ്ങളിൽ മത്സ്യം, കൂർമം (ആമ) എന്ന ഉരഗം, വരാഹം (പന്നി) എന്ന സസ്തനി എന്നീ മൂന്നെണ്ണം മാത്രമാണ് പരിണാമത്തിന്റെ ക്രമത്തിൽ എന്ന് കുറച്ചെങ്കിലും പറയാവുന്നത്. അതിൽ തന്നെ മത്സ്യത്തിനുശേഷമുള്ള ഉഭയ ജീവികളോ ഉരഗങ്ങൾക്ക് ശേഷമുള്ള പക്ഷികളോ അവതാരമായില്ല. ഇവയൊക്കെ ഒന്നിനുശേഷം ഒന്ന് എന്ന ക്രമത്തിലാണോ പരിണമിച്ചത് എന്ന് പറയാനാവുമോ എന്നത് മറ്റൊരു പ്രശ്നം.

വരാഹത്തിനുശേഷം വരുന്ന നരസിംഹം പരിണാമചരിത്രത്തിൽ എവിടെയും ഇല്ല. അതിനുശേഷം വരുന്നവരെല്ലാം മനുഷ്യാവതാരങ്ങൾ ആണ്. കേരളം ഭരിച്ചിരുന്ന മഹാബലിയെ (!) വാമനാവതാരം ചവിട്ടിത്താഴ്ത്തി എന്നും അടുത്ത അവതാരമായ പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്നുമൊക്കെ പരസ്പര വിരുദ്ധമായ കഥകളും വിവിധ ഗ്രന്ഥങ്ങളിൽ കാണാം. എല്ലാത്തിന്റെയും സ്രഷ്ടാവാണ് ബ്രഹ്മാവെന്നും അദ്ദേഹത്തിന്റെ വിവിധ ശരീരഭാഗങ്ങളിൽ നിന്ന് പലജാതിയിൽ പെട്ട മനുഷ്യ രെ സൃഷ്ടിച്ചു എന്നുമൊക്കെ ഇതേ ഗ്രന്ഥങ്ങളിൽ കാണാം.

പരിണാമത്തിന്റെ എതിർവാദമായ സൃഷ്ടിവാദമാണ് ഇത്. യഥാർത്ഥത്തിൽ ദശാവതാരകഥയിൽ പരിണാമം എന്ന ആശയമൊന്നുമില്ല എന്നതിന് കാരണങ്ങൾ നിരത്തേണ്ട ആവശ്യമേ ഇല്ല. നിരവധി ശാസ്ത്രജ്ഞരുടെ നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ശാസ്ത്ര വസ്തുതയാണ് പരിണാമം. ദശാവതാരം ആവട്ടെ കാവ്യഭാവനയും. പുഷ്പകവിമാനത്തിന്റെ കഥ അക്കാലത്ത് വിമാനം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണെന്ന് പ്രചരിപ്പിക്കുന്നവരും വിശ്വസിക്കുന്നവരും ഉണ്ട്. എന്നാൽ മനുഷ്യചരിത്രത്തെക്കുറിച്ചും വിമാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും പ്രാഥമിക ധാരണയുള്ളവർക്ക് പുഷ്പകവിമാനം ഭാവനാസൃഷ്ടിയാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ? ദശാവതാരകഥയും പരിണാമവും തമ്മിലുള്ള ബന്ധവും ഇത്രയേ ഉള്ളൂ.

വായനക്കാരുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ എല്ലാ മതഗ്രന്ഥങ്ങളിലുമുണ്ട്. ഒരിടത്ത് ആകാശത്തിലെ പറവകളെ കണ്ടുപഠിക്കൂ, അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല നാളേക്ക് വേണ്ടി ഒന്നും ശേഖരിച്ചു വെക്കുന്നില്ല എന്നുപറയുന്ന വേദപുസ്തകത്തിന്റെ മറ്റൊരു ഭാഗത്ത് "ഉറുമ്പുകളെ കണ്ടുപഠിക്കൂ അവ നല്ലകാലത്ത് അധ്വാനിച്ച് ക്ഷാമകാലത്തേക്ക് ഭക്ഷണം ശേഖരിച്ചുവെക്കുന്നത് മാതൃകയാക്കൂ' എന്നും കാണാം. മടിയരായവർക്ക് ആദ്യത്തേതും അല്ലാത്തവർക്ക് രണ്ടാമത്തേതും വിശ്വസിച്ചാൽ മതിയല്ലോ!


കടപ്പാട് : ശാസ്ത്രകേരളം - ജൂൺ 2023 ലക്കം

Share This Article
Print Friendly and PDF