ചില രാസസംയുക്തങ്ങൾക്കുള്ള പൊതുവായി പറയുന്ന പേരാണു അഞ്ജനക്കല്ല്. ഇത് പ്രധാനമായും അഞ്ച് തരമുണ്ട്. സൗരവീരാഞ്ജനം ( antimony trisulfide , Stibnite), രസാഞ്ജനം (yellow oxide of mercury), സ്രോതോഞ്ജനം (antimony sulphide), പുഷ്പാഞ്ജനം (zinc oxide), നീലാഞ്ജനം (lead sulphide) ഇതിൽ സൗരവീരാഞ്ജനം അഥവാ സ്റ്റിബ്നൈറ്റ് എന്നറിയപ്പെടുന്ന ആൻ്റിമണി സൾഫൈഡിന്റെ അയിരാണ് പൊതുവെ കണ്മഷി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. കോൾ (Kohl), സുറുമ, കണ്മഷി മുതലായ ചമയങ്ങൾ ഉണ്ടാക്കാൻ സ്റ്റിബ്നൈറ്റ് എന്ന അഞ്ജനക്കല്ല് ഉപയോഗിക്കുന്നു. (ഇന്ന് ഉപയോഗത്തിലുള്ള എല്ലാ കണ്മഷികളിലും ആന്റിമണി അടങ്ങിയിട്ടുണ്ടാകണമെന്നില്ല.)
ആന്റിമണി ട്രൈസൾഫൈഡ്( Sb2S3 ) അഥവാ സ്റ്റിബ്നൈറ്റ് ശരീരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. (കൺമഷിയിൽ അടങ്ങിയിട്ടുണ്ടാകാനിടയുള്ള ആന്റിമണി തൊലിയിൽക്കൂടി ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത കുറവാണെങ്കിലും). ഇതുപയോഗിച്ചുണ്ടാക്കുന്ന മിക്ക കണ്മഷി കൂട്ടുകളിലും ലെഡ് വിഷാംശം കലർന്നിരിക്കുന്നതായി പഠനങ്ങൾ ഉണ്ട്. ലെഡ് വിഷാംശം കുട്ടികളുടെ ശാരീരിക- മാനസീക വളർച്ചയെ ബാധിക്കുന്നു.