എന്താണ് യഥാർത്ഥത്തിൽ ദൈവകണം?


god-particle

Category: ഫിസിക്സ്

Subject: Science

17-Sep-2020

940

ഉത്തരം

ഹിഗ്സ് ബോസോണ്‍ (Higgs boson) എന്ന അടിസ്ഥാന കണികയ്ക്ക് (fundamental particles) പത്രപ്രവര്‍ത്തകരും ചില സയന്‍സെഴുത്തുകാരും ഉപയോഗിച്ച ഒരു പേര് മാത്രമാണ് ദൈവകണം. ഇതിന് നമുക്ക് പരിചിതമായ ഒരു മതങ്ങളിലേയും ദൈവസങ്കല്‍പ്പവുമായി ഒരു ബന്ധവുമില്ല.


ലിയോണ്‍ ലെഡര്‍മന്‍ (Leon Lederman) എന്ന  ശാസ്ത്രജ്ഞന്‍ എഴുതിയ "ദ ഗോഡ് പാര്‍ട്ടിക്കിള്‍" (The God Particle) എന്ന പുസ്തകത്തിന്റെ തലക്കെട്ടായിട്ടാണ് "ദൈവകണം" എന്ന വാക്ക് ഈ അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുന്നത്. ലെഡര്‍മന്‍ "നശിച്ച കണം" എന്ന അര്‍ത്ഥം വരുന്ന "ദ ഗോഡ് ഡാം പാര്‍ട്ടിക്കിള്‍" ("... the Goddamn particle") എന്നായിരുന്നു ഹിഗ്സ് ബോസോണിനെ വിശേഷിപ്പിക്കാന്‍ ഉദ്ദേശിച്ചത്. പ്രസാധകര്‍ സമ്മതിച്ചില്ല എന്നതുകൊണ്ട് "ദ ഗോഡ് പാര്‍ട്ടിക്കിള്‍" എന്ന് ചുരുക്കിയതാണ്. പുസ്തകം എഴുതുമ്പോള്‍ ഹിഗ്സ് ബോസോണ്‍ ഉണ്ട് എന്നതിന് തെളിവുണ്ടായിരുന്നില്ല, പക്ഷേ, അടിസ്ഥാന കണികകളുടെ സ്റ്റാന്റേര്‍ഡ് മോഡലിന് (standard model of fundamental particles) ഹിഗ്സ് ബോസോണ്‍ ആവശ്യമായിരുന്നുതാനും. ഈ നിരാശ കാരണമാണ് ലെഡര്‍മന്‍ 1993-ല്‍ "നശിച്ച കണം" എന്ന് ഹിഗ്സ് ബോസോണിനെ വിശേഷിപ്പിച്ചത്. മതപരമായ ഒരു പ്രാധ്യാന്യവും ഇതിനില്ല.

സ്റ്റാന്റേര്‍ഡ് മോഡല്‍ പ്രകാരം മറ്റ് കണികകള്‍ക്ക് ദ്രവ്യമാനം (mass) ലഭിക്കുന്നത് ഹിഗ്സ് ബോസോണുകളുമായി ബന്ധപ്പെട്ട ഹിഗ്സ് ഫീല്‍ഡുമായി (Higgs field) ഉള്ള പ്രതിപ്രവര്‍ത്തനം മൂലമാണ്. ഇതാണ് കണികാഭൗതികത്തില്‍ ഇതിന്റെ പ്രാധാന്യം. 1964-ല്‍ ഇതിന്റെ അസ്തിത്വം പ്രവചിച്ച ശാസ്ത്രജ്ഞരില്‍ ഒരാളായ പീറ്റര്‍ ഹിഗ്സില്‍ (Peter Higgs) നിന്നാണ് ഈ ഫീല്‍ഡിനും കണത്തിനും പേര് വീഴുന്നത്.


2012 ജൂലൈ 4-ന് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ (Large Hadron Collider - LHC) രണ്ട് ടീമുകള്‍,  ATLAS-ഉം CMS-ഉം, ആദ്യമായി ഹിഗ്സ് ബോസോണിനെ നിരീക്ഷിച്ച വിവരം ലോകത്തെ അറിയിച്ചു. ഹിഗ്സിനും ഫ്രാന്‍സ്വാ എംഗ്ലേര്‍ട്ടിനും (François Englert) ഹിഗ്സ് ബോസോണ്‍ സൈദ്ധാന്തികമായി പ്രവചിച്ചതിന് 2013 നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്തു.


ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)- സംബന്ധിച്ച് ലൂക്കയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാം
  1. LHC –യിൽ നടക്കുന്നത്
  2. വിസ്മയങ്ങളുടെ കൂട്ടിയിടി പുനരാരംഭിച്ചു
Share This Article
Print Friendly and PDF