മൈറ്റോകോൺഡ്രിയൽ ഹവ്വയും Y ക്രോമസോം ആദമും ദമ്പതികളായിരുന്നോ?

ഡോ.പി.കെ.സുമോദൻ എഴുതുന്നു

eve

Category: ജീവശാസ്ത്രം

Subject: Science

14-Nov-2024

18

ഉത്തരം

ആൺകുട്ടിയായാലും പെൺകുട്ടിയായാലും അവരുടെ മൈറ്റോകോൺഡ്രിയകൾ ലഭിക്കുന്നത് അവരുടെ അമ്മമാരിൽ നിന്നാണ്.  മൈറ്റോകോൺഡ്രിയയിൽ അതിന്റെ തനതായ ജീനുകളുണ്ട്. ഈ ജീനുകളുടെ വിശകലനത്തിലൂടെ ഇന്ന് ജീവിക്കുന്ന എല്ലാ ആളുകളിലുമുള്ള മൈറ്റോകോൺഡ്രിയകൾ  അല്ലെങ്കിൽ മൈറ്റോകോൺഡ്രിയൽ ജീനുകൾ വഹിച്ച പൊതുപൂർവികയെ കണ്ടെത്താം. 1987 ലാണ് അത്തരം വിശകലനം ആദ്യമായി നടന്നത്. ആ പൊതുപൂർവിക ജീവിച്ചത് 140000- 240000 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ ആയിരുന്നു എന്നായിരുന്നു അനുമാനം. ഈ ആദിമമാതാവിന്  ഒരു ശാസ്ത്രലേഖകൻ മൈറ്റോകോൺഡ്രിയൽ ഹൌവ്വ (Mitochondrial Eve) എന്ന ആലങ്കാരികമായ പേര് നല്കി. യാഥാർത്ഥത്തിൽ ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രയോഗമാണ്. മനുഷ്യവംശത്തിലെ ആദ്യത്തെ  സ്ത്രീയല്ല മൈറ്റോകോൺഡ്രിയൽ ഹൌവ്വ.  അച്ഛനിൽ നിന്ന് ആൺമക്കളിലേക്ക് മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ജീനുകളാണ് വൈ ക്രോമസോമിലെ ജീനുകൾ. ഇന്ന് ജീവിച്ചിരിക്കുന്ന ആളുകളുടെ വൈ ജീനുകൾ വിശകലനം ചെയ്യുന്നതിലൂടെ അവയുടെ  പൊതുപൂർവികനെ കണ്ടെത്താം. ആദ്യമായി അത്തരം വിശകലനം നടന്നത് 2000 ത്തിലാണ്. വൈ ജീനുകളുടെ പൊതുപൂർവികൻ 40000-140000 വർഷം മുൻപ് ആഫ്രിക്കയിൽ ജീവിച്ചിരുന്നു എന്നായിരുന്നു ആ പഠനത്തിന്റെ അനുമാനം. എന്ന് പറഞ്ഞാൽ മൈറ്റോകോൺഡ്രിയൽ ഹൌവ്വയും വൈ  ക്രോമസോം ആദമും വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചവരായിരുന്നു എന്ന് മനസ്സിലാക്കാം. അതിന്റെ കാരണമെന്തായിരിക്കാം?




 ഒരു ചെറിയ ഉദാഹരണത്തിലൂടെ അത് വിശദീകരിക്കാം. ഏതോ കാലത്ത് ഏതോ സ്ഥലത്ത് ജീവിച്ചിരുന്ന ദമ്പതികളായിരുന്നു  കുമാരനും കുമാരിയും. അവർക്ക് കന്യ, സുകന്യ എന്നീ പെൺകുട്ടികളും സുന്ദരൻ എന്ന ആൺകുട്ടിയും ജനിച്ചു.  മൂന്ന് പേർക്കും കുമാരിയുടെ മൈറ്റോകോൺഡ്രിയ കിട്ടി. എന്നാൽ കുമാരന്റെ വൈ  ക്രോമസോം കിട്ടിയത് മകന് മാത്രം. മൂന്ന് മക്കളും കല്ല്യാണം കഴിക്കുകയും മക്കളുണ്ടാവുകയും ചെയ്തു. കന്യയുടെ ഭർത്താവ് സുകു, സുകന്യയുടെ ഭർത്താവ് സത്യൻ, സുന്ദരന്റെ ഭാര്യ സുന്ദരി. സുകന്യയ്ക്കും  സുന്ദരനും പെണ്മക്കൾ മാത്രം പിറന്നു. എന്നാൽ കന്യയ്ക്ക് ഒരു മകൻ പിറന്നു. അപ്പോൾ കുമാരന്റെ വൈ ക്രോമസോമിന് എന്ത് സംഭവിച്ചു? അത് സുകുമാരനിൽ അവസാനിച്ചു! കന്യയുടെ മകന് കിട്ടിയ വൈ ക്രോമസോം സുകുവിന്റേതായിരുന്നല്ലോ. ഇത് പോലെ മൈറ്റോകോൺഡ്രിയൽ ഹൌവ്വയുടെ ജോഡിയായ പുരുഷന്റെ വൈ ക്രോമസോം ഏതോ തലമുറയിൽ അന്യം നിന്നുപോയിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ  മൈറ്റോകോൺഡ്രിയൽ ഹൌവ്വയും Y ക്രോമസോം ആദമും ദമ്പതികളായിരുന്നില്ല!      



    

References 

  1. Cann, R. L., M. Stoneking, and A. C. Wilson. (1987).  Mitochondrial DNA and human evolution. Nature 325: 31-36 
  2. Underhill, P. A., P. Shen, A. A. Lin, L. Jin, G. Passarino, W. H. Yang, E. Kauffman, B. Bonné-Tamir, J. Bertranpetit, P. Francalacci, M. Ibrahim, T. Jenkins, J. R. Kidd, S. Q. Mehdi, M. T. Seielstad, R. S. Wells, A. Piazza, R. W. Davis, M. W. Feldman, L. L. Cavalli-Sforza & P. J. Oefner. (2000).  Y chromosome sequence variation and the history of human populations. Nature Genetics 26: 358-361. 
  3. Johnson NA (2007). Finding our Roots: Did ‘Eve’ know ‘Adam’? In Darwinian Detectives: Revealing the Natural History of Genes and Genomes. Oxford Press. 


Share This Article
Print Friendly and PDF