ഭൂമി ഒരു ദിവസംകൊണ്ട് (കൃത്യമായി പറഞ്ഞാല്‍ 23 മണിക്കൂറും 56 മിനിട്ടും 4
സെക്കന്റും കൊണ്ട്) സ്വന്തം അക്ഷത്തില്‍ ഒന്ന് കറങ്ങുന്നുണ്ടെന്ന്
നമുക്കറിയാം. ഇത് ഭുമദ്ധ്യരേഖാ പ്രദേശത്ത് മണിക്കൂറില്‍ ഏകദേശം 1600 കി.മീ. എന്ന ഒരു വേഗതയാണ്.
ഗുരുത്വാകര്‍ഷണബലം കൊണ്ട് നാമെല്ലാം ഭൂമിയുമായി ഉറച്ച് ബന്ധപ്പെട്ട്
കിടക്കുന്നതു കൊണ്ട് ഇതേ വേഗതയില്‍ നാം ഭൂമിക്കൊപ്പം കറങ്ങുന്നുണ്ട്.
എന്നിട്ടും നാമത് അറിയുന്നില്ല.
ചലനം പൊതുവെ അനുഭവവേദ്യമാവുക
മറ്റേതെങ്കിലും ഒരു വസ്തുവിന് ആപേക്ഷികമായി നിരീക്ഷിക്കുമ്പോഴാണ്.
അങ്ങനെയല്ലാതെ ചലനം അനുഭവപ്പെടുന്നുവെങ്കില്‍ ചലനത്തിന് മാറ്റം വരണം.
അതായത് ത്വരണം ഉണ്ടാവണം. ഭൂമിയുടെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കളും
ഭൂമിയുടെ കറക്കംമൂലം ഒരു ത്വരണത്തിന് വിധേയമാകുന്നുമുണ്ട്. അതാണ്
അഭികേന്ദ്രത്വരണം. എന്നിട്ടും നമുക്കിത് അനുഭവപ്പെടുന്നില്ല.
അതെന്തുകൊണ്ട്? അഭികേന്ദ്ര ത്വരണത്തേക്കാള്‍ വളരെ കൂടിയ മറ്റൊരു
ത്വരണത്തിന് നാം സദാ വിധേയമാണ്. അതാണ് ഗുരുത്വാകര്‍ഷണബലം മൂലമുള്ള ത്വരണം.
ഈ ബലം മൂലം നാം എപ്പോഴും ഭൂമിയിലേക്ക് പതിക്കപ്പെട്ടുകൊണ്ടേയിരിക്കയാണ്.
അഭികേന്ദ്രബലം നമ്മെ പുറമേക്ക് തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണം
നമ്മെ ഉള്ളിലേയ്ക്ക് വലിക്കുന്നു. ഈ വടംവലിയില്‍ ഗുരുത്വാകര്‍ഷണമാണ്
ജയിക്കുന്നത്.
എന്നാല്‍ കറങ്ങൽ വേഗം കൂടിയാലോ? അഭികേന്ദ്രബലവും
കൂടുതല്‍ ആവും. കറങ്ങല്‍ വേഗത ഉദ്ദേശം 28000 കി.മീ. പ്രതി മണിക്കൂര്‍
ആവുകയാണെങ്കില്‍ അഭികേന്ദ്രബലവും ഗുരുത്വാകര്‍ഷണവും തുല്യമാകും. കറങ്ങല്‍
വേഗത ഇതിലും കൂടിയാലോ? ആവശ്യത്തിന് അഭികേന്ദ്രബലം ചെലുത്താനാവാതെ
വസ്തുക്കള്‍ പുറമേക്ക് തെറിച്ചുപോകും.
ഇങ്ങനെയല്ലാതെ കറക്കങ്ങള്‍
അനുഭവിക്കണമെങ്കില്‍ ഭൂമിക്ക് വെളിയിലുള്ള മറ്റേതെങ്കിലും വസ്തുവിന്
(സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍…) ആപേക്ഷികമായി ചലനത്തെ
നിരീക്ഷിക്കണം. അവയുമായൊക്കെ ആപേക്ഷികമായി നിരീക്ഷിക്കുമ്പോള്‍ നാം നമ്മുടെ
ചലനം അറിയുന്നില്ലേ? ഇവിടെയൊക്കെ അവയാണ് ചലിക്കുന്നത് നാമല്ല എന്ന
മുന്‍ധാരണയോടെ നോക്കുന്നതുകൊണ്ടല്ലേ പ്രശ്നം. അതില്ലാതെതന്നെ
നിരീക്ഷിച്ചുനോക്കൂ. അപ്പോള്‍ ഭൂമിയുടെ ചലനം നമുക്കനുഭവപ്പെടും.