ആൽബെർട്ട് ഐൽസ്റ്റൈന്റെ അപേക്ഷികതാ സിദ്ധാന്തം കാണിച്ചു തരുന്ന സൈദ്ധാന്തിക സാദ്ധ്യതകളിൽ ഒന്നാണ് വൈറ്റ് ഹോളുകൾ. ഗണിതപരമായി ഇത് തമോദ്വാരങ്ങളുമായി ചേർന്നു പോകുന്നു. പല കാര്യങ്ങളിലും തമോദ്വാരങ്ങളുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങൾ നേരെ തല തിരിഞ്ഞ രീതിയിലാണ് വൈറ്റ് ഹോളിൽ നടക്കുക. ഉദാഹരണത്തിന് തമോദ്വാരത്തിലേക്ക് ഏതു വസ്തുവിനേയും അയക്കാം. എന്നാൽ അവയ്ക്കൊന്നിനും - പ്രകാശത്തിനു പോലും - തമോദ്വാരത്തിൽനിന്നു പുറത്തേക്കു വരില്ല. വൈറ്റ് ഹോളിൽ ഇത് തിരിച്ചാണ്. ഒരു വസ്തുവിനും അതിനകത്തേക്കു കയറാൻ കഴിയില്ല. പ്രകാശത്തിനു പോലും വൈറ്റ് ഹോളി ലേക്കു പ്രവേശിക്കാൻ കഴിയില്ല.
എന്നാൽ നിരീക്ഷണങ്ങളൊന്നും തന്നെ ഇതിന്റെ അസ്തിത്വം തെളിയിക്കാൻ പര്യാപ്തമല്ല. തമോദ്വാരങ്ങളുടെ കാര്യത്തിൽ വലിയ നക്ഷത്രങ്ങളുടെ പരിണാമത്തിലൂടെ അവ സൃഷ്ടിക്കപ്പെടുന്നതായി നമുക്കറിയാം. എന്നാൽ നക്ഷത്രങ്ങളുമായോ ഗാലക്സികളുമായോ ബന്ധപ്പെട്ട ഏതെങ്കിലും പ്രക്രിയയിലൂടെ വൈറ്റ്ഹോളുകൾ ഉണ്ടാകാനുള്ള സാദ്ധ്യത തെളിഞ്ഞിട്ടില്ല. ഇക്കാരണങ്ങളാൽ വൈറ്റ് ഹോളുകൾ എന്നത്ഒരു ഗണിതകൗതുകം മാത്രമായി തുടരുന്നു. എന്നാൽ ശാസ്ത്രകഥകളിൽ പലതിലും ഇതിനു സ്ഥാനം കിട്ടിയിട്ടുണ്ട്.