മനുഷ്യ വംശങ്ങളെ പറ്റിയുള്ള സങ്കൽപ്പങ്ങൾ ഉരുത്തിരിഞ്ഞു വന്നത് 15-16 നൂറ്റാണ്ടുകളിൽ യൂറോപ്പിലുള്ളവർ കപ്പൽ യാത്രയിലൂടെ മറ്റു വൻകരകളേയും അവിടെയുള്ള മനുഷ്യരേയും കണ്ടെത്തുന്നതിനു ശേഷമാണ്. യൂറോപ്പിലെ വെള്ളക്കാരിൽ നിന്ന് വ്യത്യസ്തരായ മനുഷ്യരെ തൊലിയുടെ നിറം, കണ്ണിൻ്റേയും മൂക്കിൻ്റേയും ആകൃതി, മുടി തുടങ്ങിയ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ വർഗീകരിക്കാൻ ശ്രമിക്കുകയും അങ്ങിനെ കൊക്കേസിയോയ്ഡ്, മംഗളോയ്ഡ്, നീഗ്രോയ്ഡ്, ആസ്ട്രേലോയ്ഡ് എന്നിങ്ങനെ നാലു പ്രധാന വംശങ്ങളായി മനുഷ്യരെ തരം തിരിക്കുകയും ചെയ്തു. എന്നാൽ ഇത് അതാതു സ്ഥലങ്ങളിലെ കാലവസ്ഥയ്ക്കനുസരിച്ചുള്ള ചില പുറം മാറ്റങ്ങൾക്കപ്പുറം ജനിതകമായി അർത്ഥമുള്ളതാണോ എന്ന് ആന്നു തന്നെ ചിലർ സംശയമുന്നയിച്ചിരുന്നു.
ലുയ്ഗി ലൂക്ക കവാല്ലി സോർസ എന്ന ജനിതക ശാസ്‌ത്രജ്ഞന്‍ പന്ത്രണ്ട് പ്രോട്ടീനുകളിൽ മനുഷ്യവിഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസം പഠിച്ച് അപഗ്രഥിച്ചു നോക്കിയപ്പോൾ മനുഷ്യവംശങ്ങള്‍ തമ്മിൽ ഗണ്യമായ വ്യതിയാനം ഇല്ലെന്നാണ് കണ്ടെത്തിയത്. ഹാർവാർഡിലെ ജനിതക ബയോളജിസ്റ്റ് റിച്ചാർഡ് ലുവോണ്ടിന്റെ (Richard Lewontin) പ്രസിദ്ധമായ ഒരു പഠനമുണ്ട്. അതിൽ അദ്ദേഹം പല രക്തഗ്രൂപ്പുകൾ, രക്തത്തിലെ ചില പ്രോട്ടീനുകൾ എന്നിവയിലൊക്കെ വരുന്ന ജീനുകളിലെ വ്യത്യാസങ്ങൾ എത്രമാത്രമുണ്ട്, വിവിധ മനുഷ്യ വിഭാഗങ്ങളിൽ എന്നാണ് പഠിച്ചത്. ഇതിൽ നിന്നും അദ്ദേഹം കണ്ടെത്തിയത് വ്യതിയാനങ്ങളുടെ 85.4% ഓരോ ഗ്രൂപ്പുകളിലെയും അംഗങ്ങൾക്കിടയിലാണ് കാണുന്നതെന്നും വംശങ്ങൾക്കിടയിലുള്ള (കൊക്കേസോയ്ഡ്, നീഗ്രോയ്ഡ്, മംഗൊളോയ്ഡ്, ആസ്ട്രലോയ്ഡ് എന്നീ പരമ്പരാഗത ഗ്രൂപ്പുകളും അവയുടെ ഇടയിലെ ഉപഗ്രൂപ്പുകളും) വ്യതിയാനം 14.6% മാത്രമാണ് എന്നുമാണ്. ഇതിൽ 8.3% വ്യതിയാനം ഉപഗ്രൂപ്പുകൾ തമ്മിലാണ്. അപ്പോൾ മനുഷ്യവംശങ്ങൾ എന്ന് വിശേഷിപ്പിക്കുന്നവ തമ്മിൽ 6.3% വ്യതിയാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
ജനസമൂഹങ്ങളുടെ ജനിതക പഠനം എന്ന ശാഖയിലെ പ്രമാണികന്മാരിൽ ഒരാളാണ് സെവാൾ റൈറ്റ് (Sewall Wright). അദ്ദേഹം രൂപകൽപ്പന ചെയ്ത fixation index (FST) എന്ന സൂചിക ഇന്ന് ജനസംഖ്യാ-ജനിതകത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇതു പ്രകാരം FST 25 ശതമാനമോ അതിലേറെയോ ആയാൽ മാത്രമേ, ജീവശാസ്ത്രപരമായി വ്യത്യസ്തമായ ഒരു വംശം ആണെന്ന് പറയാന്‍ കഴിയൂ. മനുഷ്യനിൽ വിവിധ “വംശങ്ങൾ” തമ്മിലുള്ള വ്യത്യാസം 15 ശതമാനത്തിൽ താഴെയായിരുന്നു. അതായത് മനുഷ്യരിൽ ജീവശാസ്ത്രപരമായി വംശങ്ങൾക്ക് അടിസ്ഥാനമില്ല എന്ന്.
കൂടുതൽ വിവരങ്ങൾക്ക് ഡോ.കെ.പി.അരവിന്ദൻ എഴുതിയ ലൂക്ക ലേഖനം മാനുഷരെല്ലാരുമൊന്നുപോലെ – തന്മാത്രാ ജീവശാസ്ത്രം നൽകുന്ന തെളിവുകൾ വായിക്കുക