'കഴുതബുദ്ധി' എന്ന് കളിയാക്കാറുണ്ടല്ലോ.. സത്യത്തിൽ കഴുതകൾ മണ്ടന്മാരാണോ ?

2024 സെപ്റ്റംബർ ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ചത്. വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു

donkey

Category: ജീവശാസ്ത്രം

Subject: Science

29-Aug-2024

323

ഉത്തരം



പല കുട്ടിക്കഥകളിലും പ്രതികരണമില്ലാതെ എന്തും സഹിക്കുന്ന, ഏത് വിഴുപ്പും ചുമക്കുന്ന വിഡ്ഡിയുടെ ഒരു ഹാസ്യജന്മമാവും കഴുതയുടേത്. മണ്ടത്തരങ്ങൾ തുടരെത്തുടരെ ചെയ്യുകൂട്ടും. തല്ലിയാലും തള്ളിയാലും ചില സമയങ്ങളിൽ, അനങ്ങാപ്പാറപോലെ ഒറ്റ നിൽപ്പ് നിൽക്കും. ജോലിചെയ്യാൻ മടിയനായ, തീറ്റപ്രാന്തുള്ള, വൃത്തികെട്ട ശബ്ദത്തിൽ ഉറക്കെ കരയുന്ന ഒരു മൃഗം... എന്നാൽ കഴുത കഥകളിലേപോലുള്ള മണ്ടൻ മൃഗമല്ല,

മനുഷ്യർ മെരുക്കി കൂടെക്കൂട്ടിയ പലതരം മൃഗങ്ങളുണ്ടെങ്കിലും നായ കഴിഞ്ഞാൽ മനുഷ്യരോട് ഏറ്റവും അടുപ്പവും ബുദ്ധിയും പ്രകടിപ്പിക്കുന്ന ജീവിയാണ് കഴുത. മണ്ടൻ, മടിയൻ എന്നീ പേരുകൾ കിട്ടിയത് ഇവരുടെ അതിജീവന തന്ത്രത്തിന്റെ പ്രത്യേകത മൂലമാണ്. എന്തെങ്കിലും അപകടസാദ്ധ്യത തോന്നിയാൽ പിന്നെ ഇവ മുന്നോട്ടു നടക്കില്ല.

ചിലപ്പോൾ അപരിചിതരെ കണ്ടാകാം, വെള്ളമോ തീയോ പ്രത്യേക നിറമുള്ള വസ്തുവോ എന്തുമാകാം. എത്ര നിർബന്ധിച്ചാലും കഴുത ഒരേനില്പ് നിന്നു കളയും. വലിയ ചെവിക്കുടകൾ പല ദിശകളിലേക്ക് തിരിച്ച് അപായപ്പെടുത്താൻ ഏതെങ്കിലും ജീവി വരുന്നുണ്ടോ എന്ന് അവ എപ്പോഴും ജാഗ്രതപ്പെട്ട് കഴിയും. സാധാരണയായി ഇത്തരത്തിലുള്ള ഒരു വിധമെല്ലാ ജീവികളും ഭയന്നാൽ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയാണല്ലോ ആദ്യം ചെയ്യുക. എന്നാൽ കഴുത ചിലപ്പോൾ അനങ്ങാതെ നിന്നുകളയും. പരിണാമപാരമായി ഇരപിടിയന്മാരിൽനിന്ന് രക്ഷപ്പെടാൻ കാര്യമായ മറ്റു കഴിവുകൾ ഇല്ലാത്തതിനാലാവും ഈ അമിത ശ്രദ്ധയും ഭയവും അവ പ്രകടിപ്പിക്കുന്നത്. എങ്കിലും വിശ്വാസം ആർജ്ജിച്ചു കഴിഞ്ഞാൽ കഴുത വളരെ അനുസരണയോടെ കൂടെ നടക്കും. ആക്രമിക്കുന്നവരെ കടിച്ചും തൊഴിച്ചും കുത്തിയും ഒക്കെ എതിർക്കാൻ ഇവർ ശ്രമിക്കുകയും ചെയ്യും.



ഏറ്റവും കൗതുകകരമായ കാര്യം കഴുതകൾ ഏകാന്തത ഇഷ്ടമല്ലാത്ത ജീവികളാണ് എന്നതാണ്. കൂട്ടമായി കഴിയാനാണ് ഇഷ്ടം. സ്വന്തമായൊരു വ്യക്തിത്വം ഉണ്ട്. വേറൊരു കഴുതയെ കൂട്ട് കിട്ടിയില്ലെങ്കിലും മറ്റ് ജീവികളോടും അടുപ്പത്തോടെ കഴിയാൻ ഇഷ്ടമാണ്. അത് കുതിരയോ ആടോ പശുവോ ആയാലും പ്രശ്നമില്ല. കൂടെയുള്ള മറ്റ് ജീവികളെ സംരക്ഷിക്കുന്നതിലും ഇവർക്ക് ശ്രദ്ധയുണ്ട്. അതിനാൽ തന്നെ ആട്ടിടയന്മാർ ആട്ടിൻപറ്റങ്ങൾക്ക് കാവലായി കഴുതകളേയും എത്രയോ കാലം മുമ്പ് നടന്നുപോയ യാത്രാവഴികൾ പോലും ഓർത്തു വയ്ക്കാൻ കഴുതകൾക്കാകും. പഴയകാലത്ത് മരുഭൂമിയിലൂടെ പോകുന്ന കച്ചവട യാത്രാസംഘങ്ങൾ ദിശതെറ്റി, വഴിതെറ്റി അപകട ത്തിൽ പെട്ടാൽ ചിലപ്പോൾ കൂടെയുള്ള കഴുതക ളാണ് വഴികാണിച്ച് രക്ഷിച്ചിരുന്നത്.

അതുപോലെത്തന്നെ എത്രയോ കാലം കണ്ടിട്ടില്ലെങ്കിലും, പിന്നീട് കാണുമ്പോൾ പഴയ ഉടമയെയും മറ്റും ഇവർക്ക് ഉടൻ തിരിച്ചറിയാനാകും. ഇത്രയും വകതിരിവും ഓർമ്മയും കഴിവും ഉള്ള ഒരു മൃഗത്തെയാണ് നമ്മൾ മണ്ടൻ എന്ന് വിളിക്കുന്നത്.


Share This Article
Print Friendly and PDF