ഓസോൺപാളിയിലെ വിള്ളൽ അന്റാർട്ടിക്കക്ക് മുകളിൽ വന്നതെങ്ങനെ ?

ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാവാൻ ഒരു പ്രധാന കാരണം ഹാലോൺസ് ആണെന്ന് പറയപ്പെടുന്നുണ്ടല്ലോ.  വിള്ളൽ ഉള്ളത് അന്റാർട്ടിക്കയ്ക്ക് മുകളിലും. ഈ വാതകങ്ങൾ കൂടുതലായി ഇവിടെ വരാൻ കാരണമെന്ത് ?


ozone-layer-antartica

Category: രസതന്ത്രം

Subject: Science

04-Sep-2020

762

ഉത്തരം

ഓസോൺ നശിപ്പിക്കപ്പെടുന്നതിനു കാരണമായ പദാർത്ഥങ്ങളിൽ പ്രധാനം ക്ളോറിൻ അടങ്ങിയ ക്ളോറോഫ്ലൂറോകാർബണുകളും  ക്ളോറിനൊ ബ്രോമിനോ അടങ്ങിയ ഹലോണുകളുമാണ്. സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ഇവ ക്ളോറിനേയും ബ്രോമിനെയും സ്വതന്ത്രമാക്കുന്നു. ബ്രോമിൻ അടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കുറവായതിനാൽ ക്ളോറിൻ ആണ് ഓസോൺ നാശനത്തിനു കാരണമായി കണക്കാക്കപ്പെടുന്നത്. ക്ളോറിൻ ആറ്റം  ഓസോണുമായി രാസപ്രവർത്തനത്തിൽ ഏർപ്പെട്ടു ക്ളോറിൻ ഓക്സൈഡും ഓക്സിജനുമായി മാറും. ഇപ്രകാരം രൂപം കൊണ്ട ക്ളോറിൻ ഓക്സൈഡ് വീണ്ടും ഓസോണുമായി രാസപ്രവർത്തനത്തിൽ ഏർപ്പെട്ട് ക്ളോറിൻ ആറ്റവും ഓക്സിജനുമായി മാറും. അതായത് ഒരു ക്ളോറിൻ ആറ്റത്തിന് ആയിരക്കണക്കിന് ഓസോൺ തന്മാത്രകളെ ഓക്സിജൻ ആക്കിമാറ്റാനാകും. ( താഴെ കൊടുത്ത രാസ സമവാക്യം ശ്രദ്ധിക്കുക )

                   Cl· + O3 → ClO + O2

                  ClO + O3 → Cl· + 2 O2

 ക്ളോറിൻ അന്തരീക്ഷത്തിൽ നിന്ന് മാറ്റപ്പെടുന്നതു ക്ളോറിൻ ഓക്സൈഡ്  നൈട്രജൻ ഡയോക്സൈഡുമായി ചേർന്ന് ക്ളോറിൻ നൈട്രേറ്റ് ആയി മാറുമ്പോഴാണ്.

                      ClO+NO2 → ClONO2

സൂര്യൻ ഉത്തരാർദ്ധ ഗോളത്തിൽ ആയിരിക്കുമ്പോൾ അന്റാർട്ടിക് പ്രദേശത്തു മാസങ്ങളോളം കൊടും തണുപ്പും (-80oC) രാത്രിയും ആയിരിക്കും. ഈ അവസ്ഥയിൽ പോളാർ വോർടെക്സ് ( Polar vortex) എന്നറിയപ്പെടുന്ന ചുഴലി രൂപംകൊള്ളും. ഓസോണിനെ നശിപ്പിക്കുന്ന ക്ളോറിൻ മോണോക്സൈഡിനെ നിർവീര്യമാക്കുന്ന നൈട്രജൻ ഡയോക്സൈഡിനെ അതിശൈത്യമുള്ള പോളാർ വോർടെക്സ് ആഗിരണം ചെയ്യുന്നു. ഈ പ്രക്രിയ ആ പ്രദേശത്തു ക്ളോറിൻ മോണോക്സൈഡിൻറെ വർദ്ധനവിന് കാരണമാകുന്നു. സൂര്യൻ ദക്ഷിണാർദ്ധഗോളത്തിൽ പ്രവേശിക്കുന്നതോടെ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ സഹായത്തോടെ സ്വതന്ത്രമായി കിടക്കുന്ന ക്ളോറിൻ മോണോക്സൈഡ് വർധിച്ച തോതിൽ ഓസോൺ തന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നു. 



ഓസോൺപാളിയുമായി ബന്ധപ്പെട്ട ലൂക്ക ലേഖനങ്ങൾ വായിക്കാം



Share This Article
Print Friendly and PDF