ഭൂമിയിലെത്തുന്ന മൊത്തം സൂര്യപ്രകാശത്തിന്റെ 36.8 ശതമാനം ദൃശ്യപ്രകാശമാണ്. 400 നാനോമീറ്റർ (1nm=10-9m) മുതൽ 700 nm വരെയുള്ള തരംഗദൈർഘ്യങ്ങൾ ഇതിൽപ്പെടും. ദൃശ്യപ്രകാശത്തെ ഏഴു നിറങ്ങളായി തിരിച്ചത് ഐസക് ന്യൂട്ടനാണ്. ഗ്ലാസ് പ്രിസത്തിലൂടെ അദ്ദേഹം സൂര്യപ്രകാശത്തെ കടത്തിവിട്ടപ്പോൾ അത് പല വർണങ്ങളുള്ള ഒരു വർണരാജി (spectrum) കിട്ടി.
അതിൽ ഏഴുനിറങ്ങൾ ഉള്ളതായി ന്യൂട്ടനു തോന്നി. ഇതിലപ്പുറം ഏഴിന് പ്രാധാന്യമൊന്നുമില്ല. അന്നത്തെ യൂറോപ്പ് ഏഴ് എന്ന സംഖ്യയ്ക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചത് 7 ദിവസംകൊണ്ടാണെന്ന് ബൈബിൾ (ഏഴാം ദിവസം വിശ്രമം); ആകാശത്ത് ഏഴ് ഗ്രഹങ്ങൾ (ഭൂമി പ്രപഞ്ചകേന്ദ്രം. സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾ. യുറാനസും നെപ്ട്യൂണും ഇല്ല.); ആഴ്ചയ്ക്ക് ഏഴ് ദിവസങ്ങൾ. അതു കൊണ്ട് നിറങ്ങളും ഏഴുതന്നെ എന്ന് ന്യൂട്ടൻ തീരുമാനിച്ചു. ശരിക്കും ഇൻഡിഗോ പ്രകാശത്തിന്റെ പ്രകീർണനം കടുംനീലയായേ നമുക്കനുഭവപ്പെടൂ. ഗ്ലാസ് പ്രിസം സൃഷ്ടിക്കുന്ന സ്പെക്ട്രം സൂക്ഷിച്ചുനോക്കിയാൽ കാണാം, അതിലെ ഓരോ നിറവും അനേകം നിറങ്ങൾ ചേർന്നതാണെന്ന്. ചുവപ്പുതന്നെ കടുംചുവപ്പു മുതൽ ഇളംചുവപ്പുവരെ അനേകം നിറങ്ങളാണ്. അക്കണക്കിന് നോക്കിയാൽ, സൂര്യപ്രകാശത്തിൽ നിറങ്ങൾ ഏഴല്ല; എഴുനൂറുമല്ല.