മൂത്രചികിത്സ ശാസ്ത്രീയമാണോ ?

മൂത്ര ചികിത്സ- ഫലപ്രദമാണോ ?, പുരാതന കാലം മുതൽക്ക് വിവിധ ചികിത്സക്കായ് മൂത്രം ഉപയോഗിക്കാറില്ലേ?, മൂത്രത്തിൽ പുതിയ പുതിയ തൻമാത്രകളും ഘടകങ്ങളും കണ്ടുപിടിക്കുന്നുണ്ടല്ലോ, അവ വൈദ്യശാസ്ത്രത്തിൽ പുതിയ പാത തുറക്കുന്നതല്ലേ?, ഈയടുത്ത് മനുഷ്യ മലം ചികിത്സയുമായ് ബന്ധപ്പെട്ട് ഉപയോഗിക്കാമെന്ന റിപ്പോർട്ട് വായിച്ചല്ലോ?

ഉത്തരം

ഡോ.സരിൻ എസ്.എം. (പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ). 2023 മാർച്ച് ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പ്.

മൂത്ര ചികിത്സ- ഫലപ്രദമാണോ ?


എന്താണ് മൂത്രം? എല്ലാ വർക്കും അറിയാവുന്ന ഉത്തരം തന്നെ. ശരീരത്തിന്റെ ഉപാപചയ പ്രക്രിയയുടെ ഫലമായി പുറത്തുവരുന്ന ചില പദാർഥങ്ങളെ വെള്ള ത്തിനോടൊപ്പം ശരീരം പു റന്തള്ളുന്നതിനെയാണ് നാം മൂത്രം എന്ന് പറയുന്നത്. അതിൽ അടങ്ങിയിരിക്കുന്ന ത് പ്രധാനമായും വെള്ളമാണ്. കൂടാതെ വലിയ അളവിൽ യൂറിയ, കുറച്ചധികം യൂറിക്ക് ആസിഡ്, ക്രിയാറ്റിനിൻ, സോഡിയം ഉൾപ്പെടെയുള്ള വിവിധ ലവണങ്ങൾ, ആസിഡുകൾ എന്നിവയും കാണുന്നു. ചെറിയ അളവിൽ ആൽബുമിൻ എന്ന പ്രോട്ടീനും, തുച്ഛമായ അളവിൽ ആന്റിബോഡികൾ, എൻസൈമുകൾ എന്നിവയും കണ്ടെന്നുവരാം. ചില പ്രത്യേക സാഹചര്യങ്ങളിൽ ഗ്ലൂക്കോസ്, ചില ഹോർമോണുകൾ, വിറ്റാമിനുകൾ എന്നിവയും കാണാം. വൃക്കകളിൽ ഉൽപാദിക്കുന്ന അവസരത്തിൽ മൂത്രം ഗതിയിൽ

സാധാരണ രോഗാണു മുക്തമാണെന്നതിൽ സംശയമില്ല. എന്നാൽ മൂത്രനാളിയിൽ നിന്ന് പുറം തള്ളുമ്പോഴേക്കും വിവിധ അണുക്കൾ കാണാനുള്ള സാധ്യത ഏറിയും കുറഞ്ഞും ഉണ്ട്.


പുരാതന കാലം മുതൽക്ക് വിവിധ ചികിത്സക്കായ് മൂത്രം ഉപയോഗിക്കാറില്ലേ?


ആധുനിക വൈദ്യശാസ് ത്രവും ചികിത്സാ രീതികളും ഉദയം ചെയ്യുന്നതിന് മുമ്പായി ഇന്ത്യൻ, ചൈനീസ്, ഇജിപ്ഷ്യൻ, ഗ്രീക്കോ-റോമൻ പാരമ്പര്യ ങ്ങളിൽ മനുഷ്യന്റെയും പശുവിന്റെയുൾപ്പടെയുള്ള മൂത്രം ചികിത്സാർഥം ഉപയോഗിച്ചിരുന്നതായി രേഖകൾ ഉണ്ട്. ആധുനികകാലത്തുൾപ്പെടെ ആഫ്രിക്കയിൽ ചെറിയ കുഞ്ഞുങ്ങളിൽ അപസ്മാരത്തിന് ചികിത്സയായ് കൊടുക്കുന്നതായി റിപ്പോർട്ടുണ്ട്. പലപ്പോഴും ആധുനികചികിത്സയുടെ ചെലവ് താങ്ങാനാവാത്ത പാവപ്പെട്ടവരാണ് ഈ വിധത്തിലുള്ള ചികിത്സ നടത്തുന്നത്. അവ ഫലപ്രദമാണെന്ന ഒരു തെളിവും ലഭ്യമല്ല. ലഭ്യമായ പഠനങ്ങൾ കാണിക്കുന്നത് അങ്ങിനെ ഉപയോഗിക്കുന്ന മൂത്രത്തിൽ വിവിധ രോഗാണുക്കൾ പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകളോട് പ്രതിരോധ ശേഷിയുള്ള തരം ബാക്ടീരിയകൾ കൂടുതലായി കാണുന്നു എന്നും, അവ കൈക്കുഞ്ഞുങ്ങൾക്ക് അപകടകാരിയാകാമെന്നുമാണ്.


മൂത്രത്തിൽ പുതിയ പുതിയ തന്മാത്രകളും ഘടകങ്ങളും കണ്ടുപിടിക്കുന്നുണ്ടല്ലോ, അവ വൈദ്യശാസ്ത്രത്തിൽ പുതിയ പാത തുറക്കുന്നതല്ലേ?


മനുഷ്യന്റെ മൂത്രത്തിൽ 3100 ഓളം വിവിധ തന്മാത്ര കളും സംയുക്തങ്ങളും നമുക്കറിയാവുന്നതായുണ്ട്. അവയുടെ വിവരത്തെയാകെ യൂറിൻ മെറ്റബോളോം (Metabolome) എന്നാണ് വിളിക്കുന്നത്. ഇവയെല്ലാം ശരീരത്തിന്റെ വിവിധ ചയാ പചയ പ്രക്രിയയുമായും മറ്റ് പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ടിട്ടുള്ളതാണ്. ഇവ പല രോഗങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ തരുന്നവയായിരിക്കാം. രോഗനിർണയത്തിന്റെ പുതിയ സാധ്യതകൾ തരുന്നവയായിരിക്കാം. ആ രീതിയിലുള്ള ഗവേഷണങ്ങൾ നടന്നു വരുന്നു.


എന്നാൽ പലയിടങ്ങളിലും പ്രചരിക്കുന്നത് പോലെ മൂത്രം പല സംയുക്തങ്ങളുടേയും അമൂല്യ ഭണ്ഡാരമാണെന്നും, ഇവയെല്ലാം പലവിധ രോഗചികിത്സക്കായ് ഉപയോഗിക്കാമെന്നും ഉള്ളത് തെളിവുകളില്ലാത്ത പ്രസ്താവനകൾ മാത്രമാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ മൂത്രത്തിൽ ഭൂരിപ ക്ഷവും വെള്ളവും യൂറിയ പോലുള്ള ശരീരം പുറംതള്ളുന്ന വസ്തുക്കളാണ്. മറ്റ് പല ഘടകങ്ങളും പ്രത്യേകമായ ചികിത്സാ പ്രഭാവം ജനിപ്പിക്കാൻ മാത്രം അളവിൽ ഇല്ല താനും. ഈ വിധത്തിൽ ഗുണകരമായ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അവ മറ്റ് മാർഗങ്ങളിലൂടെ ചികിത്സക്കായ് ലഭ്യമാണ് താനും. അതുകൊണ്ട് തന്നെ മൂത്ര ചികിത്സ എന്നത് പൊള്ളയായ വാദങ്ങളുള്ള ഒരു ചികിത്സയായി മാത്രമേ കരുതാൻ സാധിക്കു.


ഈയടുത്ത് മനുഷ്യ മലം ചികിത്സയുമായ് ബന്ധപ്പെട്ട് ഉപയോഗിക്കാമെന്ന റിപ്പോർട്ട് വായിച്ചല്ലോ?


പലപ്പോഴും ശ്രദ്ധയാകർഷിക്കാൻ റിപ്പോർട്ടുകൾക്ക് കൊടുക്കുന്ന തലക്കെട്ടുകൾ തെറ്റിധാരണയുണ്ടാക്കുന്നതാണ്. മനുഷ്യന്റെയും മൃഗങ്ങളുടേയും വൻകുടലിലും, വായ്ക്കകത്തും മറ്റും വിവിധ ബാക്ടീരിയകൾ വസിച്ച് വരുന്നുണ്ട്. അവയൊന്നും രോഗകാരിയല്ല എന്ന് മാത്രമല്ല പലവിധത്തിൽ മനുഷ്യന്റെ ദഹനപ്രക്രിയയുൾപ്പടെ യുള്ളതിൽ സഹായിക്കുന്നുണ്ട്. ഈ ബാക്ടീരിയകൾ കുടലിൽ കുറയുന്നത് പലപ്പോഴും വിവിധ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള ബാക്ടീരിയകളെ പ്രോബയോട്ടിക്കുകൾ എന്ന ഇനത്തിൽ ഗുളിക രൂപത്തിൽ കൊടുക്കാറുണ്ട്. മനുഷ്യന്റെ മലത്തിൽ നിന്ന് പ്രകൃത്യാ ഉണ്ടാകുന്ന ഇത്തരം ബാക്ടീരിയ ഇനങ്ങളെ വേർതിരിച്ച് ശുദ്ധികരിച്ച് ഗുളിക രൂപത്തിൽ ഉപയോഗിക്കാം എന്നാണ് പ്രസ്തുത റിപ്പോർട്ടിന്റെ സാരം. എന്നാൽ തലക്കെട്ട് വ്യാഖ്യാനിച്ച് മലം തന്നെ ഔഷധമായി ഉപയോഗിക്കാമെന്ന തെറ്റിദ്ധാരണ ഉണ്ടാകരുത്.
കപട വൈദ്യങ്ങളെക്കുറിച്ച് ഡോകെ.പി.അരവിന്ദൻ എഴുതിയ ലേഖനം വായിക്കാം


Share This Article
Print Friendly and PDF