മാനസിക രോഗങ്ങൾ കൂടുകയും കുറയുകയും ചെയ്യുന്നതിൽ ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങൾക്ക് പങ്കുണ്ട് എന്ന കാഴ്ചപ്പാട് പലരും വെച്ചു പുലർത്തുന്നുണ്ട്. മാനസിക രോഗങ്ങളെ വിശേഷിപ്പിക്കാൻ lunatic എന്ന വാക്ക് ഉപയോഗിച്ചിരുന്നതും ഈ അർത്ഥത്തിലാണ്. ഫ്രഞ്ച് ഭാഷയിൽ lune എന്നാൽ ചന്ദ്രൻ എന്നാണ് അർത്ഥം. യഥാർത്ഥത്തിൽ ഇത്തരം ഒരു ബന്ധം നിലനിൽക്കുന്നുണ്ടോ എന്ന കാര്യം നിരവധി തവണ പഠന വിധേയമാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കൂടുന്ന സാഹചര്യങ്ങളിൽ ആശുപത്രി പ്രവേശനവും അത്യാഹിത വിഭാഗത്തിൽ ഉൾപ്പടെ ചികിത്സക്കായി വരുന്ന രോഗികളുടെ എണ്ണവും കൂടുമല്ലോ. അതിനാൽ വാവുകളുമായി ബന്ധപ്പെട്ട ദിവസങ്ങളിലും മറ്റു ദിവസങ്ങളിലും ഇത്തരത്തിൽ ചികിത്സാ സംവിധാനങ്ങളെ സമീപിക്കുന്ന രോഗികളുടെ എണ്ണത്തിൽ വ്യത്യാസം വരുന്നുണ്ടോ എന്നാണ് മിക്കവാറും പഠനങ്ങൾ പരിശോധിച്ചത്.
അങ്ങനെ നോക്കിയപ്പോൾ ഈ ദിവസങ്ങളിൽ രോഗികളുടെ എണ്ണ ത്തിൽ കാര്യമായ വ്യത്യാസം കാണാൻ കഴിഞ്ഞിട്ടില്ല എന്നാണ് മിക്കവാറും എല്ലാ പഠനങ്ങളിലും കാണാൻ കഴിഞ്ഞത്. എന്നാൽ ഇതിന് വ്യത്യസ്തമായി
ഒരു റിസൾട്ട് ലഭിച്ച രീതിശാസ്ത്രപരമായി മെച്ചപ്പെട്ട ഒരു പഠനം 2018 ൽ മോളിക്യുലർ സൈക്യാട്രി എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാനസിക രോഗങ്ങളെ ഋതുഭേദങ്ങളും സൂര്യപ്രകാശത്തിന്റെ ലഭ്യതയുമൊക്കെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കുന്ന അമേരിക്കൻ ഗവേഷകനായ ഡോ തോമസ് വെർ (Thomas Wehr) ബൈപോളാർ രോഗമുള്ള ആളുകളിൽ നടത്തിയ പഠനമാണ് ഇത്. പതിനേഴു രോഗികളുടെ രോഗവസ്ഥകളിലുള്ള മാറ്റം പരിശോധിച്ചപ്പോൾ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുമയി ബന്ധപ്പെട്ട് കൃത്യമായ പാറ്റേണിലുള്ള മാറ്റങ്ങൾ കാണാൻ കഴിഞ്ഞതായാണ് ആ പഠനം പറയുന്നത്. എന്നാൽ ഇതിൽ പറഞ്ഞ വിവരങ്ങൾ കൂടുതൽ ആളുകളിൽ ആവർത്തിച്ചു നോക്കിയ മറ്റു പഠനങ്ങളുണ്ടായിട്ടില്ല.
അത്തരം പഠനങ്ങളുടെ അഭാവത്തിൽ ഈ പഠനത്തിന് അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല. പ്രത്യേകിച്ചും നിരവധി മറ്റു പഠനങ്ങൾ സ്വാധീനമുള്ളതായി കണ്ടെത്താത്ത സാഹചര്യത്തിൽ. ഒരു പഠനത്തിൽ സാധാരണയിൽ നിന്ന് ഭിന്നമായ നിഗമനങ്ങൾ ഉണ്ടാകുന്നെങ്കിൽ കൂടുതൽ ശക്തമായ തെളിവുകൾ ആവശ്യമുണ്ട് എന്നതാണ് ശാസ്ത്രത്തിലെ പൊതുവെയുള്ള കാഴ്ചപ്പാട്. അങ്ങനെ നോക്കുമ്പോൾ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് മാനസിക രോഗങ്ങളുടെ കൂടലും കുറയലുമായി പ്രത്യേകിച്ച് ബന്ധമില്ല എന്നു തന്നെ പറയേണ്ടിവരും.