ആസിഡ് ശരീരത്തിൽ വീണാൽ പൊള്ളുന്നതെന്തു കൊണ്ട് ?

ആതിര വിനോദ്

acid_burns

Category: രസതന്ത്രം

Subject: Science

13-Aug-2020

744

ഉത്തരം

പ്രബലഅമ്ലങ്ങളായ (strong acid) സൾഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് , ഹൈഡ്രോക്ളോറിക് ആസിഡ് എന്നിവയുടെ ഗാഢ ലായനി (concentrated solution) പ്രബലാമ്ളമല്ലാത്ത ഗാഢ അസറ്റിക് ആസിഡും (glacial acetic acid) ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കും.  ഇതിനു കാരണം ഈ അമ്ലങ്ങൾ ശരീരത്തിലെ തന്മാത്രകളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നതുകൊണ്ടാണ്

 പ്രബല അമ്ലങ്ങളിൽ വർധിച്ച അളവിൽ pH+  അയോണുകൾ ഉണ്ടായിരിക്കും. ഇവയുടെ സാന്നിധ്യത്തിൽ ശരീര കലകളിലെ പ്രോട്ടീൻ ,ലിപിഡ് എന്നിവ വിഘടിച്ചു പൊള്ളലുണ്ടാക്കും . കൂടാതെ ഗാഢ സൾഫ്യൂരിക് ആസിഡ് ശക്തമായ ഒരു നിർജ്ജലീകാരിയുമാണ് . ശരീരത്തിൽ വീണാൽ ജലാംശം വലിച്ചെടുക്കുകയും ഈ പ്രക്രിയയിൽ വൻതോതിൽ താപോർജം പുറത്തുവിടുകയും ചെയ്യും . നൈട്രിക് ആസിഡ് ആകട്ടെ ശക്തമായ ഒരു ഓക്സീകാരിയുമാണ്.  ഇത് ശരീരത്തിൽ വീണാൽ നൈട്രേഷൻ (Nitration) എന്ന രാസപ്രവർത്തനം വഴി തൊലി മഞ്ഞ നിറമായി മാറുകായും ചെയ്യും. ഗാഢ അസെറ്റിക് അസിഡിന് ശരീര കലകളിൽ ഉള്ള ലിപിഡുകളെ ലയിപ്പിച്ചു പൊള്ളലുണ്ടാക്കുന്നു.  ആസിഡുകൾക്ക് ജലാംശം വലിച്ചെടുക്കാനും കൂടിയതാപം പുറത്തേക്കുവിടാനും ഉള്ള അതിയായ കഴിവുണ്ട്. ഈ കഴിവാണ് ആസിഡ് ദേഹത്ത് വീഴുമ്പോൾ പൊള്ളുന്നതിനു കാരണം.


മേൽ പറഞ്ഞ ആസിഡുകളും മറ്റു ഖനിജ അമ്ലങ്ങളും (mineral acids) വ്യാവസായികരംഗത്ത് വളരെ പ്രാധാ ന്യമുള്ളവയും അതുപോലെതന്നെ വളരെ അപകടകാരികളുമാണ്. എന്നാൽ ജീവജാലങ്ങളിൽ നിന്ന് നിർമിച്ചെടുക്കുന്ന വിന്നാഗിരി, നാരങ്ങാനീര് തുടങ്ങിയ ജൈവ ആസിഡുകൾ (organic acid) താരമ്യേന വീര്യം കുറഞ്ഞതുമാണ്. എല്ലാ ആസിഡുകളും പുളിരസമുള്ളവയും ലോഹമൂലകങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉൽപ്പാദിപ്പി ക്കുന്നവയുമാണ്. പൊള്ളലുകൾ ഒഴിവാക്കാൻ ആസിഡുകൾ കെകാര്യം ചെയ്യുന്നവർ പ്രത്യേക ഉടുപ്പുകൾ ധരിക്കേണ്ടതുണ്ട്. ആസിഡുകൾ എപ്പോഴും ജലത്തിലേക്കേ ഒഴിക്കാവൂ. ആസിഡിലേക്ക് ജലം ഒഴിക്കരുത്. ആസിഡ് പുറത്തേക്ക് തെറിക്കാൻ ഇടയാകും എന്നതുകൊണ്ടാണിത്. ആസിഡ് വീണു പൊള്ളലുണ്ടായാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ, ആദ്യം ധാരാളം ജലം ഉപയോഗിച്ചും പിന്നീട് വീര്യം കുറഞ്ഞ അമോണിയ ലായനി ഉപയോഗിച്ചും കഴുകുക എന്നതാണ്. അമോണിയ ലായനി ക്ഷാരസ്വഭാവമുളളതാകയാൽ അമ്ലത്തെ നിർവീര്യമാക്കുന്നു.

Share This Article
Print Friendly and PDF