ഉത്തരം പ്രൊഫ.കെ.പാപ്പൂട്ടി എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും എന്ന പുസ്തകത്തിൽ നിന്നും
ജ്യോതിഷ പ്രവചനങ്ങളുടെ ഒരു പ്രത്യേകത, അത് എപ്പോൾ എവിടെ വച്ച് സംഭവിക്കും എന്ന് കൃത്യമായി പറയാറില്ല എന്നതാണ്. ചൊവ്വാദോഷം ഇണകളിൽ ഒരാൾക്ക് ഉണ്ടെങ്കിൽ മറ്റേയാൾക്കാണല്ലോ ആപത്തു വരേണ്ടത്. അതുടനെ വന്നു കിട്ടിയാൽ ജ്യോത്സ്യൻ പ്രശസ്തനാകും. ഇനി ഒന്നും സംഭവിച്ചില്ലെങ്കിലും ജ്യോത്സ്യനെ കുറ്റം പറയാൻ വയ്യ കാരണം ഇനിയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മാത്രമല്ല, ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയും ക്ഷേത്രബലത്തിലെ ഏറ്റക്കുറവും ഒക്കെ വെച്ച് സംഭവത്തിന്റെ കാഠിന്യം കൂടുകയും കുറയുകയുമാകാം. അതായത്, എന്തെങ്കിലും ഒരു ചെറിയ വിന സംഭവിച്ചാൽത്തന്നെ ചൊവ്വയുടെ മേൽ അത് ആരോപിക്കാൻ കഴിയും. ചുരുക്കത്തിൽ ഒരു ജ്യോത്സ്യൻ ജാതകം വെച്ചുകൊണ്ട് നടത്തുന്ന അനേകം പ്രവചനങ്ങളിൽ യാദൃച്ഛികമായി ഫലത്തിൽ വരുന്ന ചിലത് അയാൾക്ക് 'ക്രെഡിറ്റ്' ആയി മാറുകയും നടക്കാതെ പോകുന്ന ബഹുഭൂരിപക്ഷവും ആരും ശ്രദ്ധിക്കാതെ പോവുകയും ചെയ്യും. ജ്യോതിഷികൾക്കു വേണ്ടി പ്രചാരവേല നടത്തുന്ന ആളുകൾ ധാരാളമുള്ളതുകൊണ്ട് അപൂർവമായുണ്ടാകുന്ന ഫലസിദ്ധി നാട്ടിലാകെ അതിവേഗം പ്രചരിക്കും.
സ്ത്രീധനത്തിനു വേണ്ടി ഭാര്യമാരെ തല്ലിക്കൊല്ലുകയും സ്റ്റൗ പൊട്ടിച്ച് കൊല്ലുകയും ഒക്കെ ചെയ്യുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഇതു കൂടാതെ തന്നെ ലക്ഷക്കണക്കിന് വിധവകളും വിഭാര്യന്മാരും നമ്മുടെ നാട്ടിലുണ്ട്. അവരിൽ ബഹുഭൂരിപക്ഷം പേർക്കും ഇണ നഷ്ടപ്പെട്ടിട്ടുണ്ടാകുക പട്ടിണിയോ പകർച്ചവ്യാധിയോ വെള്ളപ്പൊക്കമോ മൂലമായിരിക്കും. അതൊക്കെ ചൊവ്വയോ ശനിയോ വരുത്തുന്നതാണോ ?(വടക്കേ ഇന്ത്യയിലെ വിശ്വാസികൾക്ക് ചൊവ്വയേക്കാൾ ഭയം ശനിയേയാണ്. ജ്യോതിഷം അനുസരിച്ച് ശനിയാണ് കൂടുതൽ പാപി. കളത്രഭാവത്തിൽ ശനി നിന്നാൽ വലിയ ആപത്താണത്രേ). ഇങ്ങനെ ഇണ നഷ്ടപ്പെട്ടവരുടെ ഇടയ്ക്ക് ഒരു സർവ്വെ നടത്തിയാൽ എത്ര പേർക്ക് ചൊവ്വാദോഷം ഉണ്ടാകും? ഗ്രഹനില നോക്കാതെ വിവാഹം നിശ്ചയിക്കുന്ന മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഇടയിൽ കുടുംബശൈഥില്യമോ ഇണനഷ്ടമോ കൂടുതലുണ്ടോ? ലോകത്തിൽ 10 ശതമാനം പോലും വരില്ല ജാതകപ്പൊരുത്തം നോക്കി കല്യാണം കഴിക്കുന്നവരുടെ എണ്ണം(ഇന്ത്യയിലും നേപ്പാളിലും മാലിയിലും ശ്രീലങ്കയിലും മാത്രം -അതും താഴ്ന്ന ജാതികളും ആദിവാസികളും അന്യമതസ്ഥരും ഒഴികെ) എന്നിട്ട് യൂറോപ്പിലോ ജപ്പാനിലോ ചൈനയിലോ വിവാഹജീവിതത്തിലെ അപമൃത്യുവും മറ്റ് ആപത്തുകളും ഇവിടെയുള്ളതിലും കൂടുതലുണ്ടോ?
1967-68 കാലത്ത് പ്രൊഫ ബർണാഡ് സിൽവർമാൻ (മിച്ചിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസർ) 2978 ദമ്പതികളിൽ ഒരു പഠനം നടത്തി. അവരിൽ 478 പേർ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഗ്രഹപ്പൊരുത്തമുള്ളവരും ഇല്ലാത്തവരും തമ്മിൽ വിവാഹമോചനത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് ഒരു വ്യത്യാസവും കണ്ടെത്താനായില്ല. ഇത്തരം ഒരു പഠനം ഇന്ത്യയിൽ നടത്തിയാലും ഫലം വ്യത്യസ്തമാകില്ല.