ചന്ദ്രയാൻ 3 ൽ ലാൻഡറിന്റെയും റോവറിന്റെയും ചലനം നിയന്ത്രിക്കുന്നത് എന്താണ്?

ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡറിൻ്റെയും ചന്ദ്രനിൽ സഞ്ചരിക്കാൻ ഉള്ള റോവറിൻ്റെയും ചലനം നിയന്ത്രിക്കുന്നത് എന്താണ്?

ഉത്തരം

ലാൻഡറിൽ 12 എഞ്ചിനുകൾ ഉണ്ട്. 800 ന്യൂട്ടൻ ബലം വീതം ചെലുത്താൻ കഴിവുള്ള 4 റോക്കറ്റ് എഞ്ചിനുകൾ (Throttleable engines) വേഗനിയന്ത്രണത്തിനായി ഉപയോഗിക്കുന്നതിനായി ഉദ്ദേശിച്ചുള്ളതാണ്.  ഇവയെ കൂടാതെ 58N (58 ന്യൂട്ടൻ) വീതം ബലം ചെലുത്താൻ കഴിയുന്ന 8 ലഘു എഞ്ചിനുകൾ ദിശ മാറ്റുന്നതിന് ഉപയോഗിക്കാൻ കഴിയുന്നവയാണ്. ഇവയെ നിയന്ത്രിക്കാൻ വേണുന്ന ഇലക്ട്രോണിക് സംവിധാനങ്ങളും ഒപ്പമുണ്ട്. 

പ്രഗ്യാൻ എന്ന റോവറിൻ്റെ ചലനം നിയന്ത്രിക്കുന്നത് അതിൻ്റെ 6 ചക്രങ്ങളിലായി ഘടിപ്പിച്ചിട്ടുള്ള 6 ഇലക്ടിക് മോട്ടോറുകൾ (BLDC motors) വഴിയാണ്. ഇവ വ്യത്യസ്ത സ്പീഡിൽ കറക്കി ഇടത്തോട്ടോ വലത്തോട്ടോ തിരിക്കലും സാദ്ധ്യമാക്കുന്നു. പ്രഗ്യാൻ സഞ്ചരിക്കുന്ന സ്പീഡ് സെക്കൻഡിൽ ഒരു സെൻ്റിമീറ്റർ എന്ന ചെറിയ നിരക്കിലാണ്. അതായത് 36 മീറ്റർ/ മണിക്കൂർ. ഇതിനു വേണ്ട വൈദ്യുതി,  റോവറിലെ 50 വാട്ട് ശേഷിയുള്ള സോളാർ പാനൽ വഴി ഉത്പാദിപ്പിക്കുന്നു. ലാൻഡറിൽ നിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള വാർത്താവിനിമയ സൗകര്യങ്ങളും റോവറിലുണ്ട്. 

Share This Article
Print Friendly and PDF