വിജയകുമാർ ബ്ലാത്തൂർ ഉത്തരം നൽകുന്നു...
ഡോൾഫിൻ ഒരു മീനല്ല
നീലത്തിമിംഗിലവും ഡോൾഫിനും സസ്തനികൾ ആണെന്നൊക്കെ പാഠപുസ്തകത്തിൽ പഠിച്ചിട്ടുണ്ടെങ്കിലും അതത്ര മനസിൽ കയറീട്ടില്ല പലർക്കും. ഇവ രണ്ടും മത്സ്യങ്ങൾ ആണെന്ന് വിശ്വസിക്കുന്നവർ ധാരാളം ഉണ്ട്. ‘ഡോൾഫിൻ’ എന്ന് പേരിട്ടത് തന്നെ ഈ തെറ്റിദ്ധാരണ ഉള്ളതുകൊണ്ടാണ്. delphís എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് dolphin എന്ന പദം ഉരുത്തിരിഞ്ഞത്. ‘ഗർഭപാത്രമുള്ള മീൻ’ എന്നാണിതിനർത്ഥം. പ്രസവിക്കുന്ന ജീവിയാണെന്ന് പണ്ടുമുതലേ ആളുകൾക്ക് അറിയാമായിരുന്നു. കടൽപ്പന്നി എന്നും ഇതിന് പേരുണ്ട്. മേൽ - കീഴ് ചുണ്ടുകൾ യോജിക്കുന്നയിടത്തെ പ്രത്യേക ആകൃതി മൂലം ഡോൾഫിൻ എപ്പഴും ചിരിച്ചുകൊണ്ടിരിക്കുന്നതുപോലെ തോന്നും. അതുകൊണ്ട് തന്നെ ഇവയോട് മനുഷ്യർക്ക് പ്രത്യേക ഇഷ്ടവും ഉണ്ടായിരുന്നു.
ഡോൾഫിന്റെ മുലയൂട്ടുന്നത് എങ്ങനെ ?
പ്രസവം വളരെ വ്യത്യസ്ഥം ആണിവരുടേത്. മറ്റ് സസ്തനികളിൽ ഭൂരിഭാഗവും പ്രസവിക്കുമ്പോൾ കുഞ്ഞിന്റെ തലയാണ് ആദ്യം പുറത്തേക്ക് വരിക. എന്നാൽ ഡോൾഫിൻ പ്രസവിക്കുമ്പോൾ കുഞ്ഞിന്റെ വാൽ ഭാഗം ആണ് പുറത്തേക്ക് വരിക. ഉടൻ തന്നെ അമ്മ കുഞ്ഞിനെ തള്ളി മുകളിലേക്ക് കൊണ്ടുവന്ന് ശ്വാസം എടുപ്പിക്കും. പ്രസവ സമയത്ത് മറ്റ് ഡോൾഫിനുകളും ഗർഭിണിയുടെ പ്രസവം എടുക്കാൻ മിഡ്വൈഫിനെ പോലെ സഹായിക്കും. ജനനേന്ദ്രിയത്തിന് ഇരുഭാഗവുമായി നീളത്തിലുള്ള രണ്ട് കീറുകൾക്ക് അകത്താണ് പെൺ ഡോൾഫിനിന്റെ മുലകൾ ഉള്ളത്.
കുഞ്ഞ് പാൽകുടിക്കാനായി മുട്ടിക്കളിക്കുമ്പോൾ ഈ വിള്ളലുകൾ അകന്ന് മുലക്കണ്ണ് വ്യക്തമാകും. കുഞ്ഞ് നാവ് ചുഴറ്റി U ആകൃതിയിൽ കുഴൽ പോലെ ആക്കി ആണ് പാൽ കുടിക്കുക. വെള്ളത്തിനുള്ളിൽ നിന്നും പാൽ ചുരത്തുമ്പോൾ അത് നഷ്ടമാകാനുള്ള സാധ്യതയുള്ളതിനാൽ വളരെ കൊഴുത്ത രൂപത്തിൽ ഉള്ള പാൽ കുഞ്ഞിന്റെ വായിലേക്ക് നേരെ ചീറ്റിനൽകുകയാണ് ചെയ്യുക. അധിക സമയം പാലുകുടിച്ചുകൊണ്ടിരുന്നാൽ ശ്വാസം മുട്ടും എന്നതിനാൽ കുഞ്ഞ് ഇത്തിരി നിമിഷം കഴിയുമ്പോഴൊക്കെ മുകളിൽ തല ഉയർത്തി ശ്വാസം എടുത്ത് വീണ്ടും മുങ്ങിയാണ് പാൽ കുടിക്കുക. മാസങ്ങൾ , ചിലപ്പോൾ വർഷങ്ങളോളം കുഞ്ഞിന് അമ്മ പാൽ നൽകും. ഒരു പ്രസവത്തിൽ സാധാരണ ഒരു കുഞ്ഞ് മാത്രമേ ഉണ്ടാകുകയുള്ളു. പന്ത്രണ്ട് മാസമാണ് ഗർഭകാലം. കുഞ്ഞുങ്ങളെ എടുത്ത് നടക്കുന്നില്ല എന്നേയുള്ളു. എപ്പോഴും കൂടെ തട്ടിയും മുട്ടിയും മുകളിലേക്ക് ശ്വാസം കഴിക്കാൻ ഉയർത്തിയും അമ്മ ശ്രദ്ധയോടെ മാസങ്ങൾ വളർത്തും. അമ്മ സ്നേഹികളായ പെണ്മക്കൾ ചിലപ്പോൾ അവരുടെ മക്കളെ വളർത്താനായും തിരിച്ച് വന്ന് അമ്മയുടെ കൂടെ കഴിയാറുണ്ട്.
വീഡിയോകൾ കാണാം