ചന്ദ്രൻ ഭൂമിയിൽ നിന്നും അകലുന്നുണ്ടോ ?

അങ്ങെനെ ഞാൻ കേട്ടിട്ടുണ്ട് അത് ശരിയാണോ

ഉത്തരം

ഉണ്ട്. ഇതു രണ്ടു തരത്തിലുണ്ട്. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘവൃത്ത (ellipse) പാതയിലൂടെയാണ്. അപ്പോൾ അവ തമ്മിലുള്ള അകലം കൂടുകയും കുറയുകയും ചെയ്യുമല്ലോ? പരസ്പരദൂരം കുറഞ്ഞത് 356,500 കിലോമീറ്ററും കൂടിയത് 406,700 കിലോമീറ്ററും ആണെന്ന് കണക്കാക്കായിട്ടുണ്ട്. ശരാശരി ദൂരം 384,400 കിലോമീറ്റർ എന്നെടുക്കാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ ഈ ദൂരത്തിലും ചെറിയ വ്യത്യാസം വരുന്നുണ്ട്. ഒരു വർഷം കൊണ്ട് ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏകദേശം 4 cm വീതം അകന്നു പോകുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ പോയാൽ ഒരു ലക്ഷം വർഷം കൊണ്ട് ഏതാണ്ട് 4 കിലോമീറ്റർ അകലും. ഭൂമിയും ചന്ദ്രനും തമ്മിലുള്ള വലിയ ദൂരവുമായി താരതമ്യം ചെയ്താൽ ഇതു വളരെ ചെറുതാണ്. എന്നാൽ ശത കോടി കണക്കിനു വർഷം കൊണ്ട് ഇതു വലിയ ദൂരമാകും. ചന്ദ്രൻ ഉണ്ടായ കാലത്ത് ഭൂമിയോട് ഇന്നത്തേക്കാൾ അടുത്തായിരുന്നു. പിന്നീട് ക്രമേണ ദൂരം കൂടി വന്നു. വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്ന ബലങ്ങൾ (tidal forces) വഴി ഉണ്ടാകുന്ന ഊർജ കൈമാറ്റമാണ് ഇതിൻ്റെ പിന്നിലെ പ്രധാന കാരണം.


ഉത്തരം നൽകിയത് : ഡോ.എൻ.ഷാജി, ലൂക്ക എഡിറ്റോറിയൽ ബോർഡംഗം

Share This Article
Print Friendly and PDF