കൊതുകിന് ചിലരോട് പ്രത്യേക സ്നേഹമുണ്ടോ ?

ചിലരെ കൊതുക് കൂടുതല്‍ കടിക്കുന്നതെന്ത് കൊണ്ടാണ് ?

mosquito

Category: ജീവശാസ്ത്രം

Subject: Science

19-Aug-2022

1333

ഉത്തരം


വിജയകുമാർ ബ്ലാത്തൂർ ഉത്തരം നൽകുന്നു...

നമ്മുടെ ഉച്ഛ്വാസവായുവിലെ കാർബൺ ഡയോക്സൈഡിന്റെ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള ഉഗ്രൻ റിസപ്റ്ററുകൾ കൊതുകിനുണ്ട്. കൂടാതെ നമ്മുടെ ശരീരഗന്ധത്തിനാധാരമായ ഒക്റ്റനോൾ തുടങ്ങിയ രാസ യൗഗീകങ്ങൾ, ശരീരം പുറത്ത് വിടുന്ന ചൂട് എന്നിവയൊക്കെ തിരിച്ചറിയാനും ഇവർക്ക് കഴിയും. ഇതെല്ലാം ഉപയോഗിച്ചാണ് ‘രാത്രിക്കാഴ്ചകൾ’ സാദ്ധ്യമാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ രാസ സാന്നിദ്ധ്യം, താപ വ്യതിയാനം, കാഴ്ച എന്നിവയെല്ലാം ചോരസാന്നിദ്ധ്യം കണ്ടെത്താൻ ഇവർ ഉപയോഗിക്കുന്നുണ്ട് എന്ന് സാരം. ഗന്ധം അറിയാനുള്ള സംവിധാനം വളരെയധികം വികസിച്ചവയാണ് ഇവർ. ചോരകുടിച്ചികളുടെ ആന്റിനയിലുള്ള 72 തരം ഗന്ധഗ്രാഹികളിൽ 27 ഏണ്ണമെങ്കിലും നമ്മുടെ വിയർപ്പിലെ രാസഘടകങ്ങളെ തിരിച്ചറിയാൻ കഴിയുന്നവയാണ്. കൊതുകുകൾക്ക് എല്ലാ മനുഷ്യരുടേയും രക്തം ഒരുപോലെ ഇഷ്ടമില്ല. ഏകദേശം 20 % ഓളം ആൾക്കാർക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ കടി കിട്ടുന്നുണ്ട് . O രക്ത ഗ്രൂപ്പുകാരെ ഇവർക്ക് കൂടുതൽ ഇഷ്ടമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് 1 . ചില പാരമ്പര്യ- ജനിതക ഘടകങ്ങളും ചിലരെ ‘കൊതുകു-കാന്ത’ ശരീരക്കാരാക്കുന്നുണ്ട്. ശരീരത്തിന് സ്വതേ ചൂട് കൂടുതലുള്ളവർ, കൂടുതൽ വിയർക്കുന്നവർ, കുളിയും വൃത്തിയാക്കലും ഇല്ലാതെ അഴുക്കും ധാരാളം ബാക്റ്റീരിയകളും തൊലിയിലുള്ളവർ, മദ്യപിച്ചവർ, ഗർഭിണികൾ എന്നിവരെ കൊതുകുകൾ വേഗം കണ്ടെത്തും. മനുഷ്യരെ കണ്ടുപിടിക്കാനുള്ള കൊതുകിന്റെ ഈ കഴിവുകളെ കുഴപ്പിച്ച് പറ്റിച്ച് രക്ഷപ്പെടാനുള്ള സൂത്രങ്ങളാണ് കൊതുകുനിവാരണികളിൽ പലതും. പക്ഷെ ഒന്നിനു മുന്നിലും പൂർണ്ണമായും കൊതുകു കീഴടങ്ങീട്ടില്ലതാനും. ഇവറ്റകൾ എന്താ ചെവിക്കു ചുറ്റും തന്നെ വന്നു മൂളുന്നേ എന്ന് പലരും ചോദിക്കാറുണ്ട്. ചെവി ചൂട് കൂടിയ സ്ഥലം ആണ് ചിലർക്ക്. കൂടാതെ മുടിയിലെ വിയർപ്പ് മണം കൊതുകുകളെ ആകർഷിക്കും. ചെവിക്കുടകൾ വേഗം ചോര കിട്ടുന്ന സ്ഥലം കൂടി ആണ്. ചിറകടി ചെവിക്കരികിലാകുമ്പോൾ കൂടുതൽ കേൾക്കുകേ ചെയ്യും.


കൊതുകുകളെക്കുറിച്ചുള്ള ലൂക്ക ലേഖനങ്ങൾ വായിക്കാം

  1. കൊതുക് മൂളുന്ന കഥകള്‍
  2. കൊതുകുകൾക്കും ഒരു ദിവസം 

Share This Article
Print Friendly and PDF