തിമിംഗലങ്ങളുടെ പരിണാമത്തെപ്പറ്റി പറയാമോ ?

തിമിംഗലങ്ങളുടെ പൂർവ്വികരെക്കുറിച്ച് വിശദമാക്കാമോ ?

Whales

Category: ജീവശാസ്ത്രം

Subject: Science

28-Mar-2023

368

ഉത്തരം

ഡോ. ബാലകൃഷ്ണൻ ചെറൂപ്പ എഴുതുന്നു..



ജലത്തിൽ ജീവിക്കുന്ന സസ്തനികളാണ് തിമിംഗലങ്ങൾ. ഭൂമിയിൽ എക്കാലത്തും ഉണ്ടായിരുന്നതിൽ ഏറ്റവും വലിയ ജന്തു നീലത്തിമിംഗലം ബലൈനോപ്റ്റെറ മസ്കുലസ് (Balaenoptera musculus) ആണ്. 190 ടൺ വരെ ഭാരവും 110 അടി നീളവുമുള്ള നീലത്തിമിംഗലങ്ങളെ കണ്ടെത്തിയിട്ടുണ്ട്. തിമിംഗലങ്ങൾ ഉൾപ്പെടുന്ന സീറ്റേസിയ(Cetacea) എന്ന ഓർഡറിൽ ഡോൾഫിനുകളും ഉൾപ്പെടുന്നു. ആകെ 77 സ്പീഷീസ് സീറ്റേസിയനുകളുണ്ട്. അധികം തിമിംഗലങ്ങളും കടലിലാണ് ജീവിക്കുന്നത്. ചിലതരം ഡോൾഫിനുകൾ ശുദ്ധജലവാസികളാണ്.




ജലജീവിതത്തിന് പ്രത്യേക അനുകൂലനം കൈവന്ന സസ്തനികളാണ് തിമിംഗലങ്ങൾ. എല്ലാ പ്രധാന സസ്തനിസ്വഭാവങ്ങളും ഇവയിൽ പ്രകടമാണ് (കൃത്യമായ ശരീര താപനില, രോമങ്ങൾ, കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടൽ തുടങ്ങിയവ). മുൻകാലുകൾ തുഴകളായിമാറിയിരിക്കുന്നു എന്നാൽ ഈ തുഴകളുടെ അസ്ഥിഘടന മറ്റു സസ്തനികളിലേതുപോലെയാണ്. വിരലുകളുടെ അസ്ഥികൾ എണ്ണത്തിൽ കൂടിയിട്ടുണ്ട് എന്നതാണ് പ്രധാന വ്യത്യാസം. പിൻകാലുകൾ അപ്രത്യക്ഷമായി. നട്ടെല്ലിന്റെ പിൻഭാഗത്തെ കശേരുക്കൾക്ക് സാധാരണ വലുപ്പമേയുള്ളു. കരയിലെ സസ്തനികളിൽ ഇവ കൂടുതൽ വലുപ്പമുള്ളവയാണ്. ശ്രോണീഗർഡിലിന്റെ ഭാഗങ്ങൾ അവശിഷ്ടഅവയവങ്ങളായി നില നിൽക്കുന്നുണ്ട്. വാൽ നല്ലൊരു വാൽച്ചിറകായി മാറിയിട്ടുണ്ട്. നാസാദ്വാരങ്ങളുടെ സ്ഥാനം തലയുടെ മുകൾഭാഗത്തേക്ക് മാറിയിട്ടുണ്ട്. ത്വക്കിനടിയിൽ കൊഴുപ്പിന്റെ ഒരു പാളി വികസിച്ചതിനാൽ തണുത്ത ധ്രുവസമുദ്രങ്ങളിൽപ്പോലും ഇരതേടാൻ തിമിംഗലങ്ങൾക്ക് കഴിയും. ഈ കൊഴുപ്പ് പാളിയെ ബ്ലബർ (blubber) എന്നാണ് പറയുന്നത്.


സമീപകാലത്താണ് തിമിംഗലങ്ങളുടെ പരിണാമത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി ഫോസിലുകൾ ലഭിച്ചത്. കരയിലെ ജന്തുക്കളായ സസ്തനികൾക്ക് ജലജീവിതത്തിന് പറ്റിയ അനുകൂലനങ്ങൾ ഒറ്റയടിക്കു വികസിപ്പിച്ചെടുക്കൽ അസാധ്യമാണെന്ന് വ്യക്തമാണ്. അതുകൊണ്ട് ഇടനില ഫോസിലുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ശാസ്ത്രജ്ഞർ നടത്തി. 1990-കൾക്ക് ശേഷം ഇത്തരത്തിലുള്ള ധാരാളം ഫോസിലുകൾ ലഭിച്ചതോടെ യാണ് തിമിംഗലപരിണാമം തൃപ്തികരമായി വിശദീകരിക്കാൻ കഴിഞ്ഞത്. പാകിസ്താൻ, ഇന്ത്യ, തുർക്കി എന്നി വിടങ്ങളിൽനിന്നാണ് മിക്ക ഫോസിലുകളും ലഭിച്ചത്. സസ്തനികളിൽ ഇരട്ടക്കുളമ്പുകളുള്ള ജീവിക (Artiodactyla)ളോടാണ് തിമിംഗലങ്ങൾക്ക് ഏറ്റവും അടുപ്പം. ഭൂമുഖത്ത് ഇന്നുള്ള ജന്തുക്കളിൽ തിമിംഗലത്തിന് ജനി തകപരമായി ഏറ്റവും അധികം സാമ്യം നീർക്കുതിര യോടാണ്. ഒരേ പരിണാമ ശാഖയിൽനിന്ന് രണ്ടുവഴിക്ക് ഇവ വേർപിരിഞ്ഞതായി ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.




50 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന പാക്കിസീറ്റസ് (Pakicetus) ആണ് തിമിംഗലങ്ങളുടെ ആദ്യ പൂർവികൻ. അടുത്തകാലംവരെ ഇതിന്റെ തലയോട് മാത്രമാണ് ലഭിച്ചിരുന്നത്. തല തിമിംഗലങ്ങളുടെ തലയുടെ ആകൃതിയിലാണെങ്കിലും നാസാദ്വാരങ്ങൾ തലയുടെ മുൻവശത്തു തന്നെയായിരുന്നു. അടുത്തകാലത്തായി ലഭിച്ച പൂർണമായ അസ്ഥികൂടങ്ങളിൽ നിന്ന് ഇവയുടെ കൈകാലുകൾ കരയിലെ ജന്തുക്കളിലെ പോലെ നന്നായി വളർന്നിരുന്നു എന്ന് കണ്ടെത്തി. വിരലുകളുടെ അറ്റത്ത് കുളമ്പുകളുമുണ്ടായിരുന്നു.




പാക്കിസീറ്റസിന്റെ വലിയ ലംബാർ കശേരുക്കൾ കരയിൽ സഞ്ചരിക്കുന്ന ജന്തുക്കളുടെ പ്രത്യേകതയുമാണ്. കാലിലെ അസാഗാ ലസ് എന്ന അസ്ഥിയുടെ ഘടനയാകട്ടെ ഇരട്ടക്കുളമ്പുള്ള ജന്തുക്കളുടെ പ്രത്യേ കതയുമാണ്. ആദ്യ കാല ഇരട്ടക്കുളമ്പുള്ള പൂർവികരിൽ നിന്ന് പരിണമിച്ചുണ്ടായതാണ് പാക്കിസീറ്റസ് എന്ന് കരുതാവുന്നതാണ്.





പാക്കിസീറ്റസ് പൂർണമായും കരയിൽ ജീവിച്ചിരുന്ന തിമിംഗലപൂർവികനാണ്. പരിണാമത്തിന്റെ അടുത്തഘട്ടം അംബുലോസീറ്റസ് (Ambulocetus) എന്ന ഫോസിലിൽ കാണാം. ഈ ഫോസിലിന്റെ പ്രായം 48 ദശലക്ഷം വർഷങ്ങളാണ്. മൂന്ന് മീറ്ററോളം നീളവും 500 കി. ഗ്രാമോളം ഭാരവുമുണ്ടായിരുന്ന ഈ ഉഭയജീവിയുടെ കാലുകൾ കുറേക്കൂടി ചെറുതായിരുന്നു.





അടുത്ത ഘട്ടത്തെ കാണിക്കുന്ന ഡോറു ഡോൺ (Dorudon) എന്ന ഫോസിൽ ഒരു പൂർണജലജീവിയുടേതാണ്. ഇതിന് 38 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ട്. പിൻകാലുകൾ വളരെ ചെറുതായും മുൻകാലുകൾ തുഴകളായും പരിണമിച്ചിരുന്നു. നാസാദ്വാരങ്ങൾ കുറച്ചു കൂടി പുറകോട്ട് മാറിയ സ്ഥിതിയിലാണുണ്ടായിരുന്നത്.





തിമിംഗല പരിണാമത്തിൽ പിൻകാലുകൾ പൂർണമായി നഷ്ടപ്പെടുകയും നാസാദ്വാരങ്ങൾ ഇന്നുള്ള അവസ്ഥയിലേക്ക് മാറുകയും ചെയ്തതോടെ ജല ജീവിത അനുകൂലനം പൂർണമായി. ആദ്യഘട്ടത്തിൽത്തന്നെ പല്ലുള്ള വിഭാഗങ്ങളും ഇല്ലാത്തവയും വേർതിരിഞ്ഞു. ഡോൾഫിനുകളാകട്ടെ പ്രധാന പരിണാമപാതയിൽ നിന്നു വേറൊരു വഴിക്ക് പരിണമിക്കുകയും ചെയ്തു.


ചിത്രം : ഡോറു ഡോൺ (Dorudon) ഫോസിൽ








Share This Article
Print Friendly and PDF