എത്രമാത്രം അളവില്‍, എന്ത് വസ്തുക്കള്‍ ഉപയോഗിച്ചാണ്, എന്ത് സാഹചര്യത്തിലാണ് ഫ്യൂഷന്‍ നടത്തുന്നത് എന്നതനുസരിച്ചിരിക്കും എന്താണ് സംഭവിക്കുക എന്നതിന്റെ അന്തിമ ഫലം. എന്തൊക്കെയാണെങ്കിലും ഒരുപാട് ഊര്‍ജ്ജം പുറത്തേക്ക് വരും എന്നതിന് സംശയമില്ല. ഭൂമിയില്‍ നമ്മള്‍ പലതരം ഫ്യൂഷന്‍ ഇതിനകം നടത്തി നോക്കിയിട്ടുണ്ട് എന്നതാണ് വസ്തുത.
അദ്യത്തേത് ഹൈഡ്രജന്‍ ബോംബുകള്‍ അഥവാ തെര്‍മോന്യൂക്ലിയര്‍ ബോംബുകള്‍ (hydrogen bombs or thermonuclear bombs) എന്നതാണ്. ഹൈഡ്രജന്‍ ഫ്യൂഷന്‍ നടക്കാനുള്ള താപനില ഒരു ആറ്റം ബോംബ് പൊട്ടിച്ച് ഉണ്ടാക്കിക്കൊണ്ട് ആ താപനിലയില്‍ ഹൈഡ്രജന്‍ ഫ്യൂഷന്‍ നടന്ന് ഭയാനകമായൊരു പൊട്ടിത്തെറി ഉണ്ടാക്കുകയാണ് ഇവയുടെ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യ അടക്കം ഇത്തരം ബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട്; ആറ്റം ബോംബുകളേക്കാള്‍ ഭീകരമായ ആഘാതങ്ങളും പ്രത്യാഘാതങ്ങളും ആണ് ഹൈഡ്രജന്‍ ബോംബുകള്‍ പൊട്ടിക്കുന്നത് കൊണ്ട് ഉണ്ടാകുക.
ബോംബുകളല്ലാതെ ഉള്ള സാധ്യത ഫ്യൂഷന്‍ റിയാക്ടറുകളാണ്. (fusion reactors) ഏതെങ്കിലും രീതിയില്‍ നിയന്ത്രിതമായി ഫ്യൂഷന്‍ ആരംഭിച്ച ശേഷം അതില്‍ നിന്ന് ഉപയോഗിക്കാന്‍ കഴിയുന്ന പാകത്തില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുക. പലതരം രീതികളില്‍ ഇത്തരം റിയാക്ടറുകളില്‍ ഫ്യൂഷന്‍ നടന്നിട്ടുണ്ട്. പക്ഷേ, ഇതുവരെ നമ്മള്‍ ചൂടാക്കാനും ചൂടായ ഹൈഡ്രജന്റെ ഫ്യൂഷന്‍ നിയന്ത്രിക്കാനും മറ്റുമായി കൊടുക്കുന്ന ഊര്‍ജ്ജത്തേക്കാള്‍ കൂടുതല്‍ പുറത്തേക്ക് വരുന്ന ഒരു പരീക്ഷണവും ഇതുവരെയില്ല. വിജയിച്ചുകഴിഞ്ഞാല്‍ മലിനീകരണമില്ലാത്ത, ഒരുപാട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങളാകും ഫ്യൂഷന്‍ റിയാക്ടറുകള്‍.
മനുഷ്യരാശിയുടെ വലിയ പ്രതീക്ഷയും അതിലും വലിയ ഭയവുമാണ് ഭൂമിയില്‍ നടക്കുന്ന ഫ്യൂഷന്‍ എന്ന് പറയാം.