പ്രകാശത്തിന്റെ ക്രമരഹിതമായ പ്രതിഫലനമാണ് കാരണം എന്ന് ഒരു വാചകത്തിൽ ഉത്തരം
പറയാം. എന്നാൽ കാര്യം കൃത്യമായി മനസ്സിലാക്കാൻ അല്പം വിശദീകരണം
ആവശ്യമാണ്. ഒരു സുതാര്യവസ്തു നിറമുള്ളതായി കാണാനുള്ള കാരണം ആ വസ്‌തു
അതിലൂടെ കടന്നു പോകുന്ന പ്രകാശത്തിൽ നിന്നും ഏതു വർണം ആഗിരണം ചെയ്യുന്നു
എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഒരു ചുവന്ന ഗ്ലാസിലൂടെ
നോക്കുമ്പോൾ വെള്ള വസ്‌തുക്കൾ ചുവപ്പായി കാണാനുള്ള കാരണം അതിലൂടെ കടന്നു
പോകുന്ന വെള്ള പ്രകാശത്തിൽ ചുവപ്പ് ഒഴികെയുള്ള എല്ലാ വർണങ്ങളും അത് ആഗിരണം
ചെയ്യുന്നതുകൊണ്ടാണ്.
ഒരു അതാര്യവസ്തു നിറമുള്ളതായി കാണുന്നത് അതിൽ പതിക്കുന്ന പ്രകാശത്തിലെ ഏതെല്ലാം വർണങ്ങൾ ആഗിരണം ചെയ്ത് ഏതെല്ലാം
വർണങ്ങൾ പ്രതിഫലിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരു പച്ച ഇല
അതിൽ പതിക്കുന്ന പ്രകാശത്തിൽ പച്ചയെ മാത്രം പ്രതിഫലിപ്പിച്ച് ബാക്കി
വർണങ്ങൾ ആഗിരണം ചെയ്യുന്നതുകൊണ്ടാണ് അത് പച്ച നിറത്തിൽ കാണുന്നത്.
ഇനി
നമുക്ക് ഗ്ലാസിന്റെ കാര്യം എടുക്കാം. നിറമുള്ള ഒരു ഗ്ലാസ് കഷണം ഒരു
പ്രതലത്തിൽ വച്ചാൽ അതിൽ പതിക്കുന്ന പ്രകാശത്തിന്റെ ഒരു ഭാഗം അതിലൂടെ
കടന്നുപോകുകയും പ്രതല ത്തിൽ പതിച്ച് തിരിച്ചുവരികയും ചെയ്യുന്നു. ഗ്ലാസിന്
നിറമുണ്ടാകുന്നത് അതിൽ ചേർക്കുന്ന ധാതുക്കളുടെ സ്വഭാവം അനുസരിച്ചാണ്.
ഗ്ലാസ് പ്ര തിഫലിക്കുന്ന പ്രകാശമാണ് നമ്മുടെ കണ്ണിൽ എത്തുക.
പ്രതിഫലിപ്പിക്കുന്ന പ്രകാശത്തിന്റെ നിറത്തിൽ നമ്മൾ ഗ്ലാസ് കഷണം കാണുന്നു. എന്നാൽ
അല്പം സൂക്ഷ്‌മമായി നോക്കിയാൽ ഒരു കാര്യം കാണാൻ സാധിക്കും. നമ്മൾ
കണ്ണാടിയിൽ കാ ണുന്നതുപോലുള്ള ഒരു പ്രതിഫലനം ഗ്ലാസിന്റെ ഉപരിതലത്തിലും
നടക്കുന്നു ണ്ട്. ഒരു മിനുസമുള്ള പ്രതലത്തിൽ നടക്കുന്ന ക്രമമായ ഈ
പ്രതിഫലനത്തെ Specular Reflection എന്നു പറയാം.
ഇനി
ഈ ഗ്ലാസ് നമ്മൾ പൊട്ടിച്ചു തരികളാക്കിയാൽ ഓരോ തരികളും ക്രമരഹിത മായ
ഉപരിതലമായി മാറുന്നു. ഈ തരികളുടെ കൂമ്പാരത്തിലേക്ക് പതിക്കുന്ന പ്രകാശത്തിന്റെ വലിയൊരു ഭാഗം ക്രമരഹിതമായി ചിതറിപ്പോകുന്നു. മുകൾ
ഭാഗത്തിലൂടെയുള്ള തരികളിലൂടെ പ്രകാശം കടന്നുപോയാൽ തന്നെ ബാക്കി തരികളുടെ
മേൽ തട്ടി അത് ചിതറിപ്പോകുന്നു. ഇങ്ങനെ പതിക്കുന്ന പ്രകാശത്തിന്റെ
ഭൂരിഭാഗവും ക്രമരഹിതമായി പ്രതിഫലിച്ച് ചിതറുന്നു. ഈ പ്രകാശമാണ് നമ്മുടെ
കണ്ണിൽ എത്തുന്നത്. കൂടാതെ പ്രതിഫലനം ക്രമരഹിതമായതിനാൽ കണ്ണാടിയിൽ
കാണുന്നത് പോലുള്ള ദൃശ്യം ഉണ്ടാവുകയില്ല. അങ്ങനെയാണ് ഗ്ലാസ് തരികളുടെ
കൂമ്പാരം വെള്ളയായി നാം കാണുന്നത്.
ഇനി ഈ കുമ്പാരത്തിലേക്ക് അല്പം വെള്ളമോ ഗ്ലിസറിനോ ഒഴിച്ചുനോക്കൂ. വീണ്ടും പഴയ നിറം വരുന്നതായി
കാണാം! തരികൾക്കിടയിലുള്ള വിടവിലേക്ക് ഇറങ്ങുന്ന വെള്ളം / ഗ്ലിസറിൻ
അവയ്ക്കിടയിലുള്ള ഉപരിതലത്തിൽ നടക്കുന്ന ക്രമരഹിതമായ പ്രതിഫലനം
കുറയ്ക്കുന്നതാണ് കാരണം.
2024 ഏപ്രിൽ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്