ജോൺ ഡാൾട്ടൻ എന്ന ശാസ്ത്രജ്ഞൻ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആറ്റം എന്ന സങ്കല്പം അവതരിപ്പിച്ചു. പിന്നീട് ബോൾട്സ്മാൻ എന്ന ശാസ്ത്രജ്ഞൻ വാതകങ്ങളെല്ലാം ചെറിയ കണികകൾ ചേർന്നതാണെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ അവതരിപ്പിച്ചതാപഗതിക സിദ്ധാന്തം (Thermodynamics) വളരെ വിജയകരമായി. ജെ. ജെ. തോംസൺ ഇലക്ട്രോണിനേയും റഥർഫോർഡ് ന്യൂക്ലിയസിനേയും സംബന്ധിച്ച കണ്ടെത്തലുകൾ നടത്തിയതിനെ ത്തുടർന്ന് നീൽസ് ബോർ അവതരിപ്പിച്ച ആറ്റം മോഡൽ ഒരു വഴിത്തിരിവായി. പിന്നീട് ക്വാണ്ടം മെക്കാനിക്സിന്റെ ആവിർ ഭാവത്തോടെ വിവിധ തരം ആറ്റങ്ങളുടെ സ്വഭാവ സവിശേഷതകൾ വിശദീകരിക്കാൻ കഴിഞ്ഞു. അതോടെ ആറ്റം സിദ്ധാന്തത്തിന് വലിയ സ്വീകാര്യതയായി. ആറ്റങ്ങളെ പരോക്ഷമായി കാണാൻ സഹായിക്കുന്ന തരത്തിലുള്ള സൂക്ഷ്മദർശിനികളും ഇപ്പോൾ ലഭ്യമാണ്.