സൂര്യന്റെ മൂന്നിലൊന്ന് മുതല്‍ എട്ടിരട്ടി വരെ മാസുള്ള നക്ഷത്രങ്ങള്‍ (അതായത് സൂര്യന്‍ ഉള്‍പ്പടെ) അവസാന കാലങ്ങളില്‍ ചുവന്ന ഭീമന്‍ (red giant) എന്ന അവസ്ഥയിലേക്കാണ് പരിണമിക്കുക. (സൂര്യന്‍ 500 കോടി കൊല്ലത്തില്‍ ചുവന്ന ഭീമനാകും എന്ന് കരുതപ്പെടുന്നു) ഈ അവസ്ഥയില്‍ ഒരുപാട് വികസിക്കുന്നു എന്നതുകൊണ്ട് ചുവന്ന ഭീമന്മാരുടെ അന്തരീക്ഷത്തിന്റെ പുറത്തെ പാളികള്‍ ഗുരുത്വബലത്തില്‍ നിന്ന് രക്ഷപെട്ട് പതിയെപ്പതിയ കൊഴിഞ്ഞ് പൊയ്ക്കൊണ്ടിരിക്കും. ഈ കൊഴിഞ്ഞ് പോകുന്ന വാതക പാളികള്‍ നക്ഷത്രത്തെ ചുറ്റി ഏകദേശം ഒരു ഗോളാകൃതിയില്‍ പതിയെ വികസിച്ച് പൊയ്ക്കൊണ്ടിരിക്കും. ഈ പാളികളെ ആണ് നാം പ്ലാനറ്ററി നെബുല (planetary nebula) എന്ന് വിളിക്കുന്നത്. ചുവന്ന ഭീമന്‍ അവസ്ഥ കഴിഞ്ഞാല്‍ കേന്ദ്രത്തിലുള്ള നക്ഷത്രം ഒരു വെള്ളക്കുള്ളന്‍ (white dwarf) ആയി മാറും. അതായത് ലളിതമായിപ്പറഞ്ഞാല്‍, സൂര്യന്റെ മൂന്നിലൊന്ന് മുതല്‍ എട്ടിരട്ടി വരെ മാസുള്ള നക്ഷത്രങ്ങളുടെ ഉള്‍ക്കാമ്പുകള്‍ (stellar core) വെള്ളക്കുള്ളനും അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും പ്ലാനറ്ററി നെബുലയും ആയി മാറും. സൂര്യന്റെ അന്ത്യവും ഇത്തരം ഒരു നെബുലയും വെള്ളക്കുള്ളനും അവസാനിപ്പിച്ചുകൊണ്ടായിരിക്കും.
ഗ്രഹരൂപീകരണവുമായി ഇവയ്ക്ക് ബന്ധമൊന്നുമില്ല. ടെലസ്കോപ്പിലൂടെ നോക്കുമ്പോള്‍ ഗ്രഹങ്ങളുടെ രൂപവും നെബുലകളുടെ സ്വഭാവവും കണ്ടിട്ട് വില്യം ഹെര്‍ഷല്‍ (William Herschel) നല്‍കിയ പേരാണിതെന്ന് കരുതുന്നു. (റഫറന്‍സ് ഇവിടെ) ഗ്രഹങ്ങളുമായി മറ്റ് ബന്ധമൊന്നുമില്ല എന്നതുകൊണ്ട് തന്നെ ഒരു തെറ്റിദ്ധരിപ്പിക്കുന്ന പേരാണിത്. (ഇത്തരം പേരുകളെ മിസ്നോമര്‍, misnomer, എന്ന് വിളിക്കും)
ചിത്രത്തിൽ : NGC 7293, the Helix Nebula