സൗരയൂഥത്തില്‍ ഇനിയും ഗ്രഹങ്ങള്‍ കണ്ടുപിടിക്കപ്പെടുമോ എന്നാണ് ചോദ്യം എങ്കില്‍ കണ്ടുപിടിക്കപ്പെടാനുള്ള സാധ്യതയുണ്ട് എന്ന് പറയേണ്ടി വരും. നെപ്ട്യൂണിന് അപ്പുറത്തേക്കുള്ള, പ്ലൂട്ടോ അടങ്ങുന്ന കുയിപര്‍ ബെല്‍റ്റിനും (Kuiper belt) അകലെ ഉള്ള സൗരയൂഥം നിരീക്ഷിക്കുക ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണ്. സൂര്യപ്രകാശം കാര്യമായി എത്തുന്നില്ല എന്നതുകൊണ്ട് അവിടെയുള്ള എല്ലാം നമ്മള്‍ കണ്ടിട്ടില്ല എന്നത് വസ്തുതയാണ്. (ഗ്രഹങ്ങള്‍ കാണാനാകുന്നത് സൂര്യപ്രകാശം പ്രതിഫലിക്കുന്നത് കൊണ്ടാണ്) അവിടെ ഒരു ഗ്രഹം ഒളിഞ്ഞിരിക്കുന്നില്ല എന്ന് നമുക്ക് പറയാന്‍ കഴിയില്ല.
നെപ്ട്യൂണിനും ഒടുപാട് അപ്പുറമുള്ള, (extreme trans-Neptunian) പ്ലൂട്ടോയുടെ ബന്ധുക്കളായ മറ്റ് കുള്ളന്‍ ഗ്രഹങ്ങളില്‍ (dwarf planets) ചിലത് കറങ്ങുന്ന ഭ്രമണപഥങ്ങളുടെ രൂപത്തിന്റെ ചില സവിശേഷതകള്‍ നിരീക്ഷിച്ചതില്‍ നിന്ന് ഒമ്പതാമതൊരു ഗ്രഹം (Planet Nine) ഉണ്ട് എന്ന് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളോളം ശാസ്ത്രജ്ഞര്‍ ഊഹിച്ച് വരുന്നുണ്ട്. ഈ കുള്ളന്‍ ഗ്രഹങ്ങളുടെ ഭ്രമണപഥത്തെ ഗുരുത്വാകര്‍ഷണത്തിലൂടെ ഒമ്പതാം ഗ്രഹം സ്വാധീനിക്കുന്നു എന്നതാണ് നമ്മുടെ അനുമാനം. അതുകൊണ്ട് തന്നെ, എവിടെ ആയിരിക്കണം, എന്ത് മാസുണ്ടാകണം എന്ന് ഏകദേശം ഒരു ധാരണയുണ്ട്. ഭൂമിയുടെ 5 മുതല്‍ 10 ഇരട്ടി വരെ മാസുള്ളതും സൂര്യനും ഭൂമിയും തമ്മിലുള്ളതിന്റെ 400 മുതല്‍ 800 ഇരട്ടി വരെ ദൂരത്തിലുള്ളതുമായേക്കാം ആണിത് എന്നാണ് ഇപ്പോഴുള്ള പ്രവചനങ്ങള്‍. ഇത് മാത്രമല്ല, രാത്രിയില്‍ ആകാശത്ത് എവിടെയായിരിക്കണം എന്നതിനെ പറ്റിയും ഏകദേശ ധാരണകളുണ്ട്. നിരീക്ഷണങ്ങള്‍ നടന്ന് വരുന്നു.
ഒമ്പതാം ഗ്രഹത്തെ പറ്റി കൂടുതല്‍ വായിക്കാന്‍ ഈ ഗവേഷണ പ്രബന്ധം നോക്കുക. ജേണലില്‍ പ്രവേശനമില്ലാത്തവര്‍ക്ക് സൗജന്യമായി അതേ പ്രബന്ധം ഈ ലിങ്കില്‍ ലഭ്യമാണ്.ഇനിയും ഗ്രഹങ്ങള്‍ രൂപീകരിക്കപ്പെടുമോ എന്നാണ് ചോദ്യം എങ്കില്‍ ഉത്തരം ഇല്ല എന്നാണ്. നക്ഷത്രവ്യൂഹങ്ങളുടെ (stellar system) ആദ്യ കാലങ്ങളില്‍ ആണ് പൊതുവേ ഗ്രഹങ്ങള്‍ ഉണ്ടാകാറ്.
നക്ഷത്രങ്ങള്‍ ഉണ്ടായതിന് ശേഷം അവയ്ക്ക് ചുറ്റും കറങ്ങുന്ന പൊടിപടലങ്ങളുടെ ഡിസ്കിലെ (പ്രോട്ടോപ്ലാനറ്ററി ഡിസ്ക്, protoplanetary disk, എന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയും) പൊടിയും വാതകങ്ങളും ഒക്കെ ഗുരുത്വാകര്‍ഷണം മൂലം കൂടിച്ചേര്‍ന്നിട്ടാണ് ഗ്രഹങ്ങള്‍ ഉണ്ടാകുന്നത്. ആദ്യ കാലത്ത് തന്നെ ആ ഡിസ്കിലെ വസ്തുക്കളെല്ലാം ഗ്രഹങ്ങളോ പ്ലൂട്ടോയെപ്പോലുള്ള കുള്ളന്‍ ഗ്രഹങ്ങളോ, വാല്‍നക്ഷത്രങ്ങളോ ഒക്കെ ആയി മാറും. അതുകൊണ്ട് തന്നെ പിന്നീടുള്ള കാലങ്ങളില്‍ ഗ്രഹമായി മാറാന്‍ ഒന്നും ബാക്കിയുണ്ടാകില്ല.
സൗരയൂഥത്തിന് ഗ്രഹം ഉണ്ടാകുന്ന പ്രായമൊക്കെ കഴിഞ്ഞു.
പ്രോട്ടോപ്രാനറ്ററി ഡിസ്കുകളുടെ ചിത്രം. ക്രെഡിറ്റ്: ALMA (ESO/NAOJ/NRAO), S. Andrews et al.; NRAO/AUI/NSF, S. Dagnello