ഒരാളുടെ ക്രോമോസോം ഘടനയും പ്രത്യുത്പാദന അവയവങ്ങളും അനുസരിച്ചാണ് അയാളുടെ ലിംഗം (Sex) ഏതെന്നു നിശ്ചയിക്കുന്നത്. ഇതനുസരിച്ച് സ്ത്രീയോ പുരുഷനോ ചിലപ്പോൾ സ്ത്രീയോ പുരുഷനോ എന്ന് കൃത്യമായി പറയാനാവാത്ത സ്ഥിതിയോ (Intersex) ഉണ്ടാവാം. ഭൂരിഭാഗം പേരിലും സ്ത്രീയ്ക്ക് സ്വയം സ്ത്രീയെന്ന ബോധവും പുരുഷന് പുരുഷനെന്ന ബോധവും ഉണ്ടാവുന്നതായാണ് കാണപ്പെടുന്നത്. ഈ ബോധത്തിന് ജനിതകമായ അടിത്തറയുണ്ട്. സമൂഹം ഇത് കൂടുതൽ അരക്കിട്ടുറപ്പികയും ചെയ്യുന്നു. ഈ ബോധത്തിലധിഷ്ടിതമായ സാമൂഹിക റോളാണ് ജൻഡർ. ഒരോ ജൻഡറിൽ പെട്ടവരും പ്രത്യേക രീതികളിൽ വസ്ത്രധാരണം ചെയ്യുകയും പ്രത്യേക രീതികളിൽ സാമൂഹ്യപരമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു.
എന്നാൽ ലിംഗവും ജൻഡറും എല്ലായ്പ്പോഴും സമാനമായി പോകണമെന്നില്ല. സെക്സ് പുരുഷനായ ഒരാൾക്ക് താൻ ഒരു സ്ത്രീയാണെന്ന ബോധവും തിരിച്ചും ഉണ്ടാവാം. ഇതാണ് ട്രാൻസ്ജൻഡർ. ലിംഗപരമായി പുരുഷനും ജൻഡർപരമായി സ്ത്രീയും ആണെങ്കിൽ ട്രാൻസ് സ്ത്രീ (Trans-woman) എന്നും തിരിച്ചാണെങ്കിൽ ട്രാൻസ് പുരുഷനെന്നും ( Trans-man) വിളിക്കുന്നു.
ട്രാൻസ്ജൻഡർ സ്ഥിതി നിർണയിക്കുന്നത് ജന്മനാ ഉള്ള മസ്തിഷ്ക ഘടനയാണെന്ന് കരുതുന്നു. ഇതിൽ ജനിതക ഘടകങ്ങൾക്ക് പങ്കുണ്ടെന്ന് ചില സമാന ഇരട്ട (Identical twin ) പഠനങ്ങൾ കാണിക്കുന്നു. എന്നാൽ ഏതെല്ലാം ജീനുകൾ എന്നതിനെ പറ്റിയൊന്നും വലിയ അറിവ് നേടാൻ കഴിഞ്ഞിട്ടില്ല..മരുന്നുകൾ, ശസ്ത്രക്രിയ എന്നിവയിലൂടെയൊക്കെ ലിംഗമാറ്റം നടത്തിയ ട്രാൻസ്ജൻഡറുകളെ ട്രാൻസ്സെക്ഷ്വൽ (Transexual) എന്നു പറയുന്നു.