രക്തത്തിലെ കൊളസ്‌റ്ററോളിൻ്റെ അളവും ഹൃദ്രോഗസാധ്യതയും തമ്മിൽ ബന്ധമൊന്നുമില്ലേ ?

ഡോ. യു.നന്ദകുമാർ ഉത്തരം നൽകുന്നു...

ഉത്തരം

ഹൃദ്രോഗ സാധ്യത കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള ശ്രമം പൊതുജനാരോഗ്യ ആസൂത്രണത്തിന്റെ ഭാഗമായാണ് കാണുന്നത്. പ്രായമേറിവരുന്ന സമൂഹങ്ങളിൽ ഹൃദ്രോഗം വർധിച്ച തോതിൽ കാണാം. ലോകാരോഗ്യ സംഘടനയുടെ 2021 ലെ റിപ്പോർട്ടനുസരിച്ച് ഹൃദയ-ധമനി രോഗങ്ങൾ മൂലം 1.8 കോടി ആളുകൾ മരണപ്പെട്ടു; ആകെ മരണത്തിന്റെ 32% മാണത്. സമൂഹത്തിനു മേൽ ഉണ്ടാകുന്ന വലിയ ഭാരമാണ് ഹൃദയ-ധമനി രോഗങ്ങൾ. അതിനാൽ തന്നെ അവ നിയന്ത്രിക്കാനാവശ്യമായ പ്രവർത്തനങ്ങൾ അത്യാവശ്യമാകുന്നു. ഇപ്രകാരമുള്ള മരണങ്ങളിൽ 75% വും വികസ്വര രാജ്യങ്ങളിൽ സംഭവിക്കുന്നു.

ഹൃദയ-ധമനി രോഗങ്ങൾ തടയുന്നതിൽ ഏറ്റവും പ്രധാനം ജീവിതശൈലിയിൽ വരുത്താവുന്ന മാറ്റങ്ങൾ തന്നെ. പുകയിലയുടെ ഉപയോഗം, അമിത വണ്ണം, മദ്യപാ നം, ഉദാസീന ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയിൽ ഊന്നിയാണ് ലോകാരോഗ്യ സംഘടന ലക്ഷ്യം വെക്കുന്ന പ്രവർത്തനങ്ങൾ. വൈദ്യസങ്കേതിക ഇടപെടൽ ആവശ്യമുള്ള മറ്റു റിസ്‌കുകൾ ഇവയാണ്. പ്രമേഹം (Diabetes), രക്താതിമർദം (Hypertension), രക്തത്തിൽ ഉയ‍‍‍ര്‍ന്ന ലിപിഡ് ഘടകങ്ങൾ. ലിപിഡ് ഘടകങ്ങളിൽ കൊളെസ്‌റ്ററോളും അനുബന്ധ ലിപിഡ് തന്മാത്രകളും ഉൾപ്പെടുന്നു.



പൊതുവെ കൊളെസ്‌റ്ററോൾ എന്ന് പറയപ്പെടുമെങ്കിലും കുറഞ്ഞത് നാല് വ്യത്യസ്‌ത തന്മാത്രകളെയാണ് പരിഗണിക്കുന്നത്. ഹൈ ഡെൻസിറ്റി ലിപൊപ്രോട്ടീൻ (HDL), ലോ ഡെൻസിറ്റി ലിപൊ പ്രോട്ടീൻ (LDL), ട്രൈഗ്ലിസറൈഡ്സ് (Triglycerides, TG), കൊളെസ്‌റ്ററോൾ എന്നിവയാണ് അവ. ഇതിൽ HDL, LDL, എന്നിവയോട് TG യുടെ 20% കൂടി ചേർത്താൽ ആകെ കൊളെസ്‌റ്ററോൾ എത്രയെന്നറിയാം. ഇതിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഹൃദയ-ധമനി രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നു. ഇരുപതു വയസ്സിലധികമുള്ളവരിൽ കൊളെസ്‌റ്ററോൾ ഘടകം 125 മുതൽ 200 വരെയാകാം. LDL നൂറിൽ താഴെയും, TG 150 ൽ താഴെയും നിലനിർത്തണം. HDL പുരുഷന്മാർക്ക് നാല്പതിലധികവും സ്ത്രീകൾക്ക് അമ്പതിലധികവും ഉണ്ടാകുന്നത് ആരോഗ്യകരമാണ്. LDL കൊളെസ്‌റ്ററോൾ ധമനികളിൽ ഒട്ടിപ്പിടിക്കുന്ന ഘടകങ്ങൾ ഉണ്ടാക്കുകയും രക്തപ്രവാഹത്തെ തടയുകയും ചെയ്യും. വേണ്ടത്ര രക്തവും പോഷകങ്ങളും ലഭിക്കാത്തതിനാൽ ഹൃദയപേശികൾക്ക് രോഗമുണ്ടാകുകയും ചെയ്യും. എന്നാൽ HDL ഇത്തരം LDL പ്രവർത്തനത്തെ ചെറുത്തുനിർത്താൻ സഹായിക്കും. അതിനാൽ ഉയർന്ന HDL ആരോഗ്യത്തിന് അനുകൂലമാണ്.



കൊളെസ്‌റ്ററോൾ തന്മാത്രകളും ഹൃദയ-ധമനി മരണങ്ങളും തമ്മിൽ ബന്ധമുണ്ട്. ഇതേക്കുറിച്ചും ശക്തമായ പഠനങ്ങളുണ്ട്. ഇതിൽ ഒരു പഠനം 1055309 വ്യക്തികളെയും 9457 സംഭവങ്ങളെയും മെറ്റാഅനാലിസിസ് പഠനത്തിനു വിധേയമാക്കി. കൊളെസ്‌റ്ററോൾ, TG, LDL, എന്നിവ വർധിക്കുന്നതിന് സമാന്തരമായി മരണസാധ്യത വർധിക്കുന്നതായും HDL ഹൃദയത്തെ സമാനമായ തോതിൽ സംരക്ഷിക്കുന്നതായും കണ്ടെത്തി. തീർച്ചയായും കൊളെസ്‌റ്ററോൾ ഘടകങ്ങളുടെ വ്യതിയാനം ഹൃദ്രോഗങ്ങൾക്ക് കാരണമാകും എന്നതിൽ സംശയമില്ല.


ഡോ.യുനന്ദകുമാർ ശാസ്ത്രകേരളം മാർച്ച് 2024 ൽ എഴുതിയത്

Share This Article
Print Friendly and PDF