സൂര്യനൊഴികെയുള്ള നക്ഷത്രങ്ങൾ എല്ലാം വളരെ അകലെയാണ്. സൂര്യനിൽനിന്നുള്ള വെളിച്ചം ഭൂമിയിലെത്താൻ ഏകദേശം 8 മിനിട്ടു മതി. എന്നാൽ സൂര്യൻ കഴിഞ്ഞ് ഏറ്റവും അടുത്തുള്ള നക്ഷത്രത്തിൽനിന്നു വെളിച്ചമെത്താൻ 4 വർഷത്തിലധികം സമയമെടുക്കും. ദൂരത്തിലുള്ള ഭീമമായ വ്യത്യാസമാണ് ഇതു സൂചിപ്പിക്കുന്നത്. അതിനാൽ മറ്റു നക്ഷത്രങ്ങളിൽ നിന്നെത്തുന്ന വെളിച്ചം വളരെ കുറവായിരിക്കും. ദൂരത്തിന്റെ വർഗത്തിന് വിപരീതാനുപാതത്തിൽ നക്ഷത്രങ്ങളിൽനിന്നുള്ള പ്രകാശം കുറഞ്ഞു വരും. അതിനാൽ കോടിക്കണക്കിനുള്ള നക്ഷത്രങ്ങളുടെ പ്രകാശം മുഴുവൻ കൂട്ടിയാലും സൂര്യപ്രകാശത്തെ അപേക്ഷിച്ച് അതു വളരെ കുറവായിരിക്കും.