മേൽക്കൂരയിലുള്ള ഓട് പൊട്ടി പല ആകൃതിയിലുള്ള ദ്വാരമുണ്ടാവാം. പക്ഷേ, ഇപ്രകാരമുണ്ടാവുന്ന ദ്വാരങ്ങളിലൂടെ പ്രവേശിക്കുന്ന വെളിച്ചം നിലത്തു വരക്കുന്ന ആകൃതികൾക്ക് വൃത്താകൃതിയോ ദീർഘവൃത്താകൃതിയോ ആയിരിക്കും. യഥാർഥത്തിൽ ദ്വാരങ്ങളിലൂടെ പ്രവേശിക്കന്ന വെളിച്ചം വരയ്ക്കുന്നത് സൂര്യന്റെ ബിംബമാണ്. സൂര്യൻ ഗോളാകൃതിയിലായതുകൊണ്ട്, സ്വാഭാവികമായും അതിന്റെ ബിംബത്തിന് വൃത്താകൃതിയായിരിക്കും. തറയെ അപേക്ഷിച്ച് ചെരിഞ്ഞു വീഴുന്ന വെയിൽ വൃത്താകൃതിയിലുള്ള സൂര്യബിംബത്തെ ദീർഘ വൃത്തമായി വലിച്ചുനീട്ടുന്നതു കൊണ്ടാണ് ചിലപ്പോൾ തറയിൽ ദീർഘവൃത്താകൃതി കാണുന്നത്.
ഒരു സാധാരണ പിൻഹോൾ ക്യാമറയുടെ തത്ത്വം തന്നെയാണ് ഇതിന് അടിസ്ഥാനം. പിൻഹോൾ ക്യാമറയുടെ തത്ത്വം ചിത്രത്തിൽ നിന്ന് വ്യക്തമാവും. ക്യാമറയിലെ സുഷിരം (പിൻഹോൾ) മുമ്പിലുള്ള വസ്തുവിന്റെ ഓരോ ഭാഗത്തു നിന്നും വരുന്ന രശ്മികളെ സ്ക്രീനിൽ യഥാസ്ഥാനത്ത് മാത്രമായി പതിപ്പിക്കുന്നു. തന്മൂലം വസ്തുവിന്റെ പ്രതിബിംബം ക്യാമറയുടെ സ്ക്രീനിൽ തെളിയുന്നു. ദ്വാരം വലുതായാൽ ക്യാമറയുടെ മുൻവശത്തുള്ള വസ്തുവിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള രശ്മികൾ സീനിൽ എല്ലായിടത്തും വീഴുന്നതുകൊണ്ട് ബിംബം തെളിഞ്ഞുകാണുകയില്ല.
ഇതേപ്രകാരം തന്നെയാണ് മേൽക്കൂരയിലെ സുഷിരങ്ങളിലൂടെ വീഴുന്ന വെളിച്ചം നിലത്ത് സൂര്യബിംബം വരയ്ക്കുന്നത്. ഗ്രഹണസമയത്ത് ഈ ബിംബത്തിന് ചന്ദ്രക്കലയുടെ രൂപം കൈവരുന്നതു കാണാം. കണ്ണ് കേടുവ രുത്താതെ ഗ്രഹണം കാണാൻ നല്ലൊരു പായമാണിത്. മുറിക്കകത്ത് അധികം വെളിച്ചമില്ലെങ്കിൽ സൂര്യരശ്മികൾ കൈ കൊണ്ട് അൽപ്പം മറച്ചാൽ ആകാശത്തെ മേഘങ്ങളുടെയും പറക്കുന്ന പരുന്തിന്റേയും ചിത്രം നിലത്തു തെളിയുന്നതു കാണാം.