എന്തുകൊണ്ടാണ് സൂര്യനുചുറ്റും ചിലപ്പോൾ പ്രകാശവലയങ്ങൾ കാണുന്നത്?

ഈ പ്രതിഭാസത്തിനു പിന്നിലെ ശാസ്ത്രം വിശദീകരിക്കാമോ ?

halo

Category: ഫിസിക്സ്

Subject: Science

30-Nov--0001

673

ഉത്തരം


മഴവില്ലിനെപ്പോലെ മനോഹരമൊന്നുമല്ലെങ്കിലും പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ് ആകാശത്തിലെ പ്രകാശവലയങ്ങൾ. തണുപ്പുകാലങ്ങളിൽ സൂര്യൻ ചക്രവാളത്തെ അപേക്ഷിച്ച് ഉയർന്നുനില്ക്കുന്ന അവസരങ്ങളിൽ സൂര്യനു ചുറ്റും ഒരു പ്രകാശവലയം പലരും കണ്ടിട്ടുണ്ടാകാം.



അപവർത്തനമെന്ന പ്രതിഭാസം

സാധാരണഗതിയിൽ സൂര്യനിൽ നിന്ന് 22o കോണളവിലാണ് ഇവയെ കാണുക. അതിന്റെ അകംഭാഗം കുറച്ച് ഇരുണ്ടിരിക്കും. വലയത്തിന്റെഅകത്തെ അരികിനു സമീപം ചുവപ്പു നിറം കാണാൻ കഴിഞ്ഞേക്കാം. അതിനു പുറത്ത് പച്ചയും നീലയുമൊക്കെ അപൂർവ്വമായി കാണാൻ കഴിയും. ചില രാത്രികളിൽ ചന്ദ്രന്റെ ചുറ്റുമുള്ള വലയങ്ങളിൽ നിറങ്ങൾ കാണാൻ കഴിയാറില്ല. നിറങ്ങള്ർ കാണാൻ സഹായിക്കുന്ന ശരീരത്തിലെ റോഡ് കോശങ്ങളെ ഉത്തേജിപ്പിക്കാൻ തക്ക ശോഭയൊന്നും ആ പ്രകാശവലയങ്ങൾക്കില്ല എന്നതാണ് കാരണം



ഈ പ്രതിഭാസത്തിനു കാരണം അന്തരീക്ഷത്തിലെ അന്തരീക്ഷത്തിലെ ഐസ് ക്രിസ്റ്റലുകളിൽ പ്രകാശത്തിനുണ്ടാകുന്ന അപവർത്തനമാണ്. അന്തരീക്ഷത്തിൽ ഐസുണ്ടോ? അന്തരീക്ഷത്തിൽ ധാരാളം ജലാംശം ഉണ്ടാകുമെന്ന് അറിയാമല്ലോ. വിവിധതരം മേഘങ്ങളിൽ ഏറ്റവും ഉയരത്തിൽ കാണപ്പെടുന്നവയാണ് സിറസ് മേഘങ്ങൾ. നേർത്ത തൂവലുകൾപോലെയോ മിനുത്ത പട്ടുപോലെയോ ഒക്കെ ആകാശത്തിന്റെ ഉയരങ്ങളിൽ ഇവ കാണപ്പെടുന്നു. അന്തരീക്ഷത്തിൽ 5 കി.മീ. മുതൽ 14 കി.മീ. വരെ മുകളിലായാണ് അവ കാണപ്പെടുന്നത്. മേല്പറഞ്ഞ പ്രദേശത്തെ താപനില സാധാരണയായി -20°C നും -30°C നും ഇടയിലായിരിക്കും. അവിടെ ഐസിന്റെ കോടിക്കണക്കിനു ക്രിസ്റ്റലുകൾ ഉണ്ടായിരിക്കും. അവയ്ക്ക് ഓരോന്നിനും 1 മി.മീ. കുറഞ്ഞ നീളവും അതിനെക്കാൾ കുറഞ്ഞ വണ്ണവും മാത്രമാണ് ഉണ്ടാവുക. എന്നാൽ ഈ ക്രിസ്റ്റലുകൾക്ക് വ്യക്തമായ ആകൃതി ഉണ്ടാകും. അവയുടെ ഛേദതല ആകൃതി ഷഡ്ഭുജത്തിന്റെതാണ്.




പ്രകാശവലയത്തിന്റെ രഹസ്യം

ഇത്തരം ക്രിസ്റ്റലുകളിൽ വീഴുന്ന പ്രകാശരശ്മികൾ അപവർത്തനം മൂലം ചുരുങ്ങിയത് 22O എങ്കിലും വ്യതിചലിച്ചാണ് പുറത്തു വരിക. ഏറ്റവും കുറച്ചു മാത്രം അപവർത്തനം സംഭവിക്കുന്നത് ചുവപ്പുനിറത്തിനായതുകൊണ്ട് ആ നിറം അകം അരികിൽ കൂടുതൽ വ്യക്തമായി കാണാം. ഇതാണ് 22 പ്രകാശവലയത്തിന്റെ രഹസ്യം. നമ്മൾ വലയത്തെ കാണുമ്പോൾ അസംഖ്യം ഐസ് ക്രിസ്റ്റലുകളിലൂടെ 22O അതിലധികമോ വ്യതിചലിച്ചുവരുന്ന പ്രകാശമാണ് കാണുന്നത്. രാത്രിയിൽ ചന്ദ്രനിൽ നിന്നു വരുന്ന വെളിച്ചവും സമാന പ്രതിഭാസത്തിനു കാരണമാകാം. സൂര്യപ്രകാശവുമായി താരതമ്യം ചെയ്യുമ്പോൾ നിലാവിന് തീവ്രത കുറവായതിനാൽ നിറങ്ങൾ തിരിച്ചറിയാൻ കഴിയില്ല. എന്നുമാത്രം.

അപൂർവമായി, 22O വലയത്തിനു പുറമെയായി അതിൽനിന്ന് അകന്ന് വ്യക്തത കുറഞ്ഞ മറ്റൊരു വലയവും കണ്ടേക്കാം. സൂര്യനിൽനിന്ന് 46O മാറി കാണുന്ന ഈ വലയത്തിന്റെയും പിന്നിൽ സിറസ് മേഘങ്ങളിലെ ഐസ് ക്രിസ്റ്റലുകൾ തന്നെ. ഇവിടെ ക്രിസ്റ്റലിന്റെ ബേസ് തലത്തിലൂടെ സംഭവിക്കുന്ന അപവർത്തനമാണ് ഈ പ്രതിഭാസത്തിനു കാരണമാകുന്നത്.


ഉത്തരം തയ്യാറാക്കിയത് : ഡോ. എൻ. ഷാജി


അധികവായനയ്ക്ക് :  നിങ്ങൾ സൗരശ്വാനന്മാരെ കണ്ടിട്ടുണ്ടോ ?



Share This Article
Print Friendly and PDF