പപ്പടത്തിൽ വലിയ കുമിളകളുണ്ടാകുന്നത് എങ്ങനെ ?

പപ്പടം പായസത്തിൽ പെട്ടെന്ന് പൊടിച്ചു ചേർക്കാൻ പറ്റുന്നത് എന്ത്കൊണ്ട് ?

ഉത്തരം

രാജീവ് പാട്ടത്തിൽ ഉത്തരം നൽകുന്നു...


ചൂടാവുമ്പോൾ തന്മാത്രകളുടെ സ്പീഡ് കൂടുന്നതും (ഇത് യഥാർത്ഥത്തിൽ തിരിച്ചാണ് – അവയുടെ സ്പീഡ് കൂടലിനെയാണ് നാം ചൂടായി അളക്കുന്നത്) തന്മൂലം വാതകങ്ങളും മറ്റും വികസിക്കുന്നതും അറിയാമല്ലോ...



ഗോതമ്പുമാവു കൊണ്ടുണ്ടാക്കുന്ന പൂരിയിലും ചപ്പാത്തിയിലുമുള്ള വെള്ളത്തിന്റെ തന്മാത്രകൾ ചൂടുപിടിക്കുമ്പോൾ ഉണ്ടാവുന്ന നീരാവിയെ ഇലാസ്തികതയുള്ള നീണ്ട പ്രോട്ടീൻ ചെയിനുകൾ (ഗ്ലൂട്ടൻ) തടുത്തുനിർത്തുമ്പോഴാണ് അവയിൽ കുമിളകൾ ഉണ്ടാവുന്നത്. പപ്പടത്തിലും ഒരളവുവരെ ഇത് നടക്കുന്നുണ്ട്. പക്ഷേ ഉണ്ടാക്കുന്ന രീതിയനുസരിച്ച് പപ്പടത്തിന്റെ ഉള്ളിലുള്ള വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും.

ഉഴുന്നുമാവ് കുഴച്ചു പരത്തി ഉണക്കിയാണല്ലോ പപ്പടം ഉണ്ടാക്കുന്നത്. ഉണക്കലിന്റെ രീതിയും ദൈർഘ്യവും പപ്പടത്തിന്റെ കനവും അനുസരിച്ചായിരിക്കും ഉണക്കലിനു ശേഷവും അതിൽ അവശേഷിക്കുന്ന ജലത്തിന്റെ അളവ് മാറുക. ഇത് കൂടിയാൽ കൂടുതൽ കാലം സൂക്ഷിച്ചു വെയ്ക്കാൻ ബുദ്ധിമുട്ടാവുമെന്നതിനാൽ പപ്പടങ്ങൾ പൊതുവെ നന്നായി ഉണക്കാറുണ്ട്.



പപ്പടവും പായസവും

ചപ്പാത്തിയെ അപേക്ഷിച്ച് പപ്പടത്തിലെ വെള്ളത്തിന്റെ അളവ് കുറവായിരിക്കും. അതുകൊണ്ടാണ് പായസത്തിൽ പെട്ടെന്ന് പൊടിച്ചു ചേർക്കാൻ പറ്റുന്നത്. മാത്രവുമല്ല, ഗ്ലൂട്ടൻ ഉഴുന്നിൽ ഇല്ലാത്തതിനാൽ ഉള്ള ഈർപ്പത്തേയും അതിൽനിന്നുണ്ടാവുന്ന നീരാവിയേയും തടുത്തു പിടിക്കാനുള്ള കഴിവും പപ്പടത്തിൽ കുറഞ്ഞിരിക്കും.



പിന്നെങ്ങനെയാണ് പപ്പടം വലിയ കുമിളകളുണ്ടാക്കുന്നത്?

ഇതിനുത്തരം പപ്പടനിർമ്മാണത്തിലുപയോഗിക്കുന്ന അപ്പക്കാരത്തിലാണ്. പപ്പടത്തിന് മാവു കുഴയ്ക്കുമ്പോൾ കുറച്ച് അപ്പക്കാരവും ഇടാറുണ്ട്. ഇത് സോഡിയം ബൈകാർബണേറ്റ് ആണ് (NaHCO3). ഇത് എൺപതു ഡിഗ്രിയ്ക്ക് മുകളിലുള്ള ചൂടിൽ സോഡിയം കാർബണേറ്റും (വാഷിങ് സോഡ), വെള്ളവും കാർബൺഡയോക്സൈഡുമായി വിഘടിക്കുന്നു. ചൂടായ എണ്ണയിൽ പപ്പടമിടുമ്പോൾ പപ്പടത്തിൽ ഒളിച്ചിരിക്കുന്ന ജലതന്മാത്രകൾക്കു പുറമേ അതിലെ അപ്പക്കാരം ഉണ്ടാക്കുന്ന വെള്ളവും (നീരാവിയും) കാർബൺ ഡയോക്സൈഡും കൂടിച്ചേർന്നാണ് പപ്പടത്തിൽ വലിയ പൊള്ളങ്ങൾ ഉണ്ടാക്കുന്നത്.

ഇതില്ലെങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. പിന്നെങ്ങനെ മനസ്സമാധാനമായി പായസം കഴിക്കും?


Share This Article
Print Friendly and PDF