ക്യാൻസറിനെ പ്രതിരോധിക്കാൻ മഞ്ഞൾ കഴിച്ചാൽ മതിയോ?

ദിവസേന അല്പാല്പം മഞ്ഞൾ സേവിച്ചാൽ കാൻസർ എന്ന ഗുരുതര രോഗത്തെ പോലും അകറ്റി നിർത്താമെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. മഞ്ഞളും കാൻസറും തമ്മിൽ എന്താണ് ബന്ധം ?

ഉത്തരം

നമ്മുടെ പൊതു വിശ്വാസങ്ങളിൽ ഒന്നാണ് മഞ്ഞളിന്റെ പ്രതിരോധ ശക്തി. ദിവസേന അല്പാല്പം മഞ്ഞൾ സേവിച്ചാൽ കാൻസർ എന്ന ഗുരുതര രോഗത്തെ പോലും അകറ്റി നിർത്താമെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. മഞ്ഞളും കാൻസറും തമ്മിൽ എന്താണ് ബന്ധമെന്ന് കണ്ടെത്താൻ ശ്രമിക്കാം.


മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്യുമിൻ എന്ന പദാർത്ഥം കാൻസറിനെതിരെ പ്രവർത്തിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. കുർക്യുമിനെക്കുറിച്ച് കഴിഞ്ഞ കുറെ വർഷമായി ധാരാളം പഠനങ്ങൾ നടന്നുവരുന്നു. കാൻസർ തടയുന്നതായോ നിലവിലുള്ള കാൻസറിനെ ഭേദപ്പെടുത്തുന്നതായോ ഇതുവരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. അതിനാൽ മരുന്ന് എന്ന നിലയിൽ കുർക്യുമിനെ വികസിപ്പിച്ചിട്ടുമില്ല.


മഞ്ഞളിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ കുർക്യുമിൻ അടങ്ങിയിട്ടുള്ളൂ. മഞ്ഞൾ പൊടിയിൽ അടങ്ങിയ പദാർത്ഥങ്ങൾ ഇവയാണ്: അന്നജം (60-70%), ജലം (6-13%), മാംസ്യം, പ്രോട്ടീൻ (6-8%), കൊഴുപ്പ് (5-10%), ധാതുക്കൾ (3-7%), ഫൈബർ (2-7%), കുർക്യുമിനോയ്ഡ് (1-6%). വിവിധതരം കുർക്യുമിനുകൾ ചേർന്നതാണ് കുർക്യുമിനോയ്ഡുകൾ. കമ്പോളത്തിൽ കിട്ടുന്ന മഞ്ഞളിൽ പലപ്പോഴും മൂന്നു ശതമാനത്തിൽ കുറവാണ് കുർക്യുമിനുകൾ ഉണ്ടാകുക. അതിനാൽ പഠനങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ ശുദ്ധമായ കുർക്യുമിന്റെ മാത്രമേ ഉപയോഗിക്കയുള്ളൂ. മരുന്നായി ഉപയോഗിക്കാനുള്ള അളവിൽ കുർകുമിൻ മഞ്ഞളിൽ ഇല്ലായെന്നതാണ് കാരണം.




ആമാശയത്തിലും കുടലുകളിലും എത്തിയ കുർക്യുമിന്റെ എങ്ങനെ ആഗിരണം ചെയ്യപ്പെടും എന്നു കണ്ടത്തലും പ്രധാനമാണ്. കുർകുമിൻ ചെറുകുടലിൽ വെച്ചുതന്നെ വിഘടിച്ചു പോകുന്നതിനാൽ വളരെ ചെറിയ അളവിൽ മാത്രമാണ് രക്തത്തിലേയ്ക്കും കരളിലേയ്ക്കും ആഗിരണം ചെയ്യപ്പെടുന്നത്. കൂടുതൽ മെച്ചമായി ആഗിരണം നടക്കാൻ കുർക്കുമിനും കൊഴുപ്പും ചേർന്ന സംയോജിത തന്മാത്രയ്ക്ക് കഴിഞ്ഞേക്കും. എന്തായാലും ഇത്തരം കാര്യങ്ങൾക്ക് വരും കാലങ്ങളിൽ വ്യക്തതയുണ്ടാകും. കാൻസർ പ്രതിരോധത്തിനും ചിലതരം കാൻസർ ചികിത്സയിലും കുർക്യുമിൻ ഫലപ്രദമാണോ എന്നറിയാൻ ധാരാളം പഠനങ്ങൾ നടക്കുന്നു. കൂടുതൽ പഠനങ്ങൾ അനിവാര്യമാണെന്ന് ആദ്യസൂചനകൾ കാണിക്കുന്നു.


ഒരു ലക്ഷം പേരിൽ 170 പേർക്ക് കേരളത്തിൽ കാൻസർ ഉണ്ടാകുന്നു. നാം ആയിരം പേരെ കണ്ടുവെങ്കിൽ പുതുതായി കാൻസർ വരാൻ സാധ്യത രണ്ടുപേർക്കു പോലും ഇല്ല. ആയിരക്കണക്കിന് പേരിൽ മഞ്ഞൾ നൽകി ദീർഘകാല പഠനങ്ങൾ നടത്തിയാലേ കാൻസർ പ്രതിരോധത്തെക്കുറിച്ച് എന്തെങ്കിലും അനുമാനം സാധ്യമാകൂ. സത്യത്തിൽ മഞ്ഞൾ കഴിക്കാത്ത സമാനമായ മറ്റൊരു ഗ്രൂപ്പുമായി താരതമ്യം ചെയ്താൽ മാത്രമേ കൃത്യമായ ധാരണയുണ്ടാവു. പാർശ്വഫലങ്ങൾ ഉള്ള തന്മാത്രയാണ് കുർക്യുമിൻ. അതേക്കുറിച്ചും കൂടുതൽ അന്വേഷണം ആവശ്യമാണ്. പ്രത്യേകിച്ചും കാൻസർ പ്രതിരോധം നാം മനസ്സിൽ കാണുമ്പോൾ.


ചുരുക്കിപ്പറഞ്ഞാൽ മഞ്ഞൾ കാൻസർ ചികിത്സയിൽ എന്തെങ്കിലും ഗുണം ചെയ്യുന്നതായി യാതൊരു തെളിവുമില്ല. എന്നാൽ മഞ്ഞളിൽ നിന്ന് വേർപെടുത്തി ശുദ്ധീകരിച്ച കുർകുമിൻ ക്യാൻസർ ചികിത്സയെ സ്വാധീനിക്കുമോ എന്ന് വരുംകാലങ്ങളിലെ ഗവേഷണങ്ങൾ പൂർത്തിയായാലേ പറയാനാകൂ.



ഉത്തരം നൽകിയത് : ഡോ.യു.നന്ദകുമാർ

Share This Article
Print Friendly and PDF