വാനനിരീക്ഷണത്തിനു പറ്റിയ ബൈനോക്കുലർ ഏതാണ്? അത് എത്ര രൂപയ്ക്ക് ലഭിക്കും?

വിനോദ് ചോദിക്കുന്നു...

ഉത്തരം

ബൈനോക്കുലറുകൾ നിരവധി തരം ഇപ്പോൾ ലഭ്യമാണ്. പക്ഷേ നല്ലയിനം ബൈനോക്കുലറുകൾക്ക് സാമാന്യം നല്ല വിലയുണ്ടാകും. നിലവാരം കുറഞ്ഞ,  വില കുറഞ്ഞ ബൈനോക്കുലറുകൾ വാങ്ങിയാൽ നിരാശയാകും ഫലം. ബൈനോക്കുലറുകൾ രണ്ടു തരത്തിൽ ഉണ്ട്.. Roof prism binoculars എന്നറിയപ്പെടുന്നവയിൽ പ്രതിബിംബങ്ങൾ തലതിരിഞ്ഞാണ് കാണുക. ആകാശ നിരീക്ഷണത്തിന് ഇവ യോജിച്ചതാണെങ്കിലും പകൽ കാഴ്ചകൾ കാണാനും പക്ഷിനിരീക്ഷണത്തിനും ഒന്നും ഇവ പ്രയോജനപ്പെടില്ല. അതേ സമയം Porro prism binoculars ൽ ഇമേജുകൾ കീഴ്മേൽ മറിയാതെ കാണാൻ കഴിയും. ഇവ വാങ്ങിയാൽ രാത്രിയും പകലും ഉപയോഗിക്കാം. ബൈനോക്കുലറുകളുടെ സ്പെസിഫിക്കേഷൻ പറയുമ്പോൾ 6 x 30, 7 x 50  എന്നൊക്കെ കാണാം. ഇതിലെ ആദ്യ സംഖ്യ മാഗ്നിഫിക്കേഷനെ സൂചിപ്പിക്കുന്നു. 6 എന്നാൽ അതിൻ്റെ അർത്ഥം വസ്തുവിനെ നാം കാണുന്ന കോണിനെ ബൈനോക്കുലർ 6 ഇരട്ടിയായി വർദ്ധിപ്പിക്കുന്നു എന്നാണ്.  മാഗ്നിഫിക്കേഷൻ എത്ര കൂടുന്നുവോ അത്രയും നല്ലത്   എന്ന് പറയാമെങ്കിലും ഒരു പ്രശ്നം ഉണ്ട്. ഉയർന്ന മാനിഫിക്കേഷനിൽ കൈയ്ക്ക് ഉണ്ടാകുന്ന ചെറിയ വിറയൽ പോലും പ്രശ്നമുണ്ടാക്കും. അതിനാൽ ബൈനോക്കുലർ ഒരു സ്റ്റാൻഡിൽ ഉറപ്പിക്കേണ്ടി വരും എന്ന് ഓർക്കുക. സ്പെസിഫിക്കേഷനിലെ രണ്ടാമത്തെ സംഖ്യ അതിൻ്റെ Objective lens-ൻ്റെ വ്യാസം എത്ര മില്ലിമീറ്ററാണെന്നതു സൂചിപ്പിക്കുന്നു. അതു കൂടുന്നതനുസരിച്ച് വളരെ മങ്ങിയ നക്ഷത്രങ്ങളെയും ഗാലക്സികളെയും ഒക്കെ കാണാനുള്ള സാദ്ധ്യത കൂടുന്നു. പക്ഷേ, അതോടൊപ്പം തന്നെ ഉപകരണത്തിൻ്റെ വലിപ്പവും വിലയും കൂടും.  7 x 50 എന്നത് ഒരു നല്ല സ്പെസിഫിക്കേഷനാണ്. Celestron, Nikon, Canon എന്നിവയൊക്കെ നല്ല ബ്രാൻഡാണ്. ഒരു 10,000 രൂപയെങ്കിലും മുടക്കിയാൽ നല്ലതു കിട്ടും. വാങ്ങുന്നതിനു മുമ്പ് ആരുടേയെങ്കിലും കടം വാങ്ങിയെങ്കിലും ഉപയോഗിച്ചു നോക്കുന്നത് നല്ലത്. 


ഉത്തരം നല്‍കിയത് - ഡോ.എന്‍.ഷാജി

Share This Article
Print Friendly and PDF