നാസ ശുക്രനിൽ ജീവന്റെ സൂചനകൾ കണ്ടെത്തിയോ ?


ഉത്തരം

ശുക്രനില്‍ (Venus) ജീവന്റെ സൂചന കണ്ടെത്തി എന്നത് ശരിയാണ്. ശുക്രനിലെ മേഘങ്ങളില്‍ നിരീക്ഷിക്കപ്പെട്ട ഫോസ്ഫീന്‍ (phosphine - PH3) എന്ന വാതകത്തിന്റെ സാന്നിദ്ധ്യമാണ് ഈ സൂചന.

ഭൂമിയില്‍ ഓക്സിജന്‍ ഇല്ലാത്ത ആവാസവ്യവസ്ഥകളില്‍ (anaerobic ecosystems) ഫോസ്ഫീന്‍ കാണപ്പെടാറുണ്ട്. മറ്റ് ഗ്രഹങ്ങളിലെ ഓക്സിജന്‍ ഇല്ലാത്ത അന്തരീക്ഷങ്ങളില്‍ ഫോസ്ഫീന്‍ കണ്ടാല്‍ അത് സമാനമായ ജൈവവ്യസ്ഥ മൂലമായേക്കാം എന്ന അനുമാനത്തില്‍ നിന്നാണ് നമ്മള്‍ ഫോസ്ഫീനെ ഒരു സൂചന ആയി എടുക്കുന്നത്. ശുക്രനില്‍ നമുക്കറിയാവുന്ന രാസപ്രക്രിയകളില്‍ നിന്ന് മേഘങ്ങളില്‍ കാണപ്പെടാനും മാത്രം ഫോസ്ഫീന്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

പക്ഷേ, ശുക്രന്റെ അന്തരീക്ഷത്തിനെപ്പറ്റിയും ഉപരിതലത്തെപ്പറ്റിയും നമ്മളിനിയും ഒരുപാട് മനസിലാക്കാനുണ്ട് എന്നതുകൊണ്ട് ജീവന്റെ ഒരു ശക്തമായ സൂചനയായി ഇനിയും ഇതിനെ എടുക്കാന്‍ കഴിയില്ല. ശുക്രനില്‍ നേരിട്ട് ചെന്ന് രാസവസ്തുക്കളുടെ അവലോകനം ചെയ്യുക തന്നെ വേണ്ടിവന്നേക്കാം ഇതിന്റെ സത്യാവസ്ഥ മനസിലാക്കാന്‍. ശുക്രനില്‍ ജീവനുണ്ട് എന്ന് നിഗമിക്കാന്‍ സമയമായിട്ടില്ല എന്ന് സാരം.

ഒരു കാര്യം കൂടി, നാസ അല്ല യൂറോപ്യന്‍ സ്പേസ് ഏജന്‍സിയോട് (European Space Agency - ESO) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ജയിംസ് ക്ലാര്‍ക്ക് മാക്സ്വെല്‍ ടെലസ്കോപ്പ്, (The James Clerk Maxwell Telescope - JCMT) അല്‍മ (ALMA - Atacama Large Millimeter/submillimeter Array) എന്നീ ദൂരദര്‍ശനികള്‍ ഉപയോഗിച്ചാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. നാസയ്ക്ക് ഇതില്‍ നേരിട്ട് ഒരു പങ്കുമില്ല.

ഈ വിവരം പുറത്തുവിട്ട ഗവേഷണപ്രബന്ധം ഇവിടെ വായിക്കാം.

Share This Article
Print Friendly and PDF