അക്ഷരാർത്ഥത്തിൽ എടുത്താൽ സ്പേസ് ടെലിസ്കോപ്പ് ഒരു ടൈം മെഷീൻ അല്ല. എന്നാൽ ആലങ്കാരികമായി അങ്ങനെ പറയാവുന്നതാണ്.. അതായത് നമ്മൾ ഒരു സ്പേസ് ടെലിസ്കോപ്പിലൂടെ വളരെ അകലെയുള്ള ഒരു കാഴ്ച കാണുമ്പോൾ കുറച്ചു കാലം മുമ്പത്തെ അവസ്ഥയിലാണ് വസ്തുവിനെ കാണുന്നത്. പക്ഷേ, ഇതിന് സ്പേസ് ടെലിസ്കോപ്പ് ഒന്നും വേണ്ടതില്ല, സ്വന്തം കണ്ണുകൊണ്ട് നോക്കിയാലും മതി. ഉദാഹരണമായി നമ്മൾ കാർത്തികയെ (Pleiades) കാണുമ്പോൾ ഏതാണ്ട് 440 വർഷം മുമ്പ് ( അതായത് 16-ാം നൂറ്റാണ്ടിൽ) അത് എങ്ങനെയായിരുന്നോ അതുപോലെയാണു കാണുക. പ്രകാശം അവിടെ നിന്നു സഞ്ചരിച്ച് ഇവിടെ എത്താൻ അത്രയും വർഷങ്ങൾ എടുക്കും എന്നതാണ് ഇതിനു കാരണം. നമ്മുടെ കണ്ണുകൾ കൊണ്ട് കഷ്ടിച്ച് കാണാവുന്ന വിദൂര ഗാലക്സിയായ ആൻഡ്രോമീഡയിലേക്കുള്ള ദൂരം 25 ലക്ഷം പ്രകാശ വർഷമാണ്. അതിനാൽ 25 ലക്ഷം വർഷം മുമ്പത്തെ ആൻഡ്രോമീഡയെയാണ് നാം കാണുന്നത്. ടെലിസ്കോപ്പുകൾ ഉപയോഗിച്ചാൽ ഇത്തരത്തിൽ കാണാവുന്ന ദൂരം വർദ്ധിപ്പിക്കാൻ കഴിയും. ഭൂമിയിൽ നിന്ന് വളരെ അകലെ ഒരു ടെലിസ്കോപ്പ് ഉണ്ടായിരുന്നുവെങ്കിൽ അതിലൂടെ നോക്കുന്നവർക്ക് ഇതേ പോലെ ഭൂമിയിലെ കാഴ്ചകളും കാണാൻ കഴിയുമായിരുന്നു. എന്നാൽ ഒരു കാര്യം കൂടി ഓർക്കണം, ദൂരം കൂടുന്തോറും കാഴ്ചകൾ മങ്ങി വരും.
ഒരു കാര്യം കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം. ഇവിടുത്തെ പഴയ കാഴ്ചകൾ കാണാൻ ഒരു ടെലിസ്കോപ്പുമായി അകലേക്ക് പോകാം എന്നു വിചാരിച്ചാൽ അതു നടക്കാത്ത സ്വപ്നമാണ്. നമ്മുടെ ഏതു റോക്കറ്റിനേക്കാളും ആയിരക്കണക്കിനു മടങ്ങു വേഗത്തിലാണ് പ്രകാശം സഞ്ചരിക്കുക. ഓട്ടമത്സരത്തിൽ നമുക്ക് പ്രകാശത്തെ തോല്പിക്കാനാവില്ല.
ഉത്തരം നല്‍കിയത് - ഡോ.എന്‍.ഷാജി